HomeEntertainmentവിജയ്‌യുടെ 'ജന നായകൻ' നാളെ സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് മുന്നിൽ

വിജയ്‌യുടെ ‘ജന നായകൻ’ നാളെ സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് മുന്നിൽ

ചെന്നൈ: നടൻ വിജയ്‌യുടെ പുതിയ ചിത്രമായ ‘ജന നായകൻ’ നാളെ ചെന്നൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) റിവൈസിംഗ് കമ്മിറ്റിക്ക് മുന്നിൽ പ്രദർശിപ്പിക്കും. സിബിഎഫ്സി ബോർഡ് അംഗവും പ്രശസ്ത കന്നഡ സിനിമാ സംവിധായകനുമായ ടി.എസ് നാഗഭരണയുടെ അധ്യക്ഷതയിലായിരിക്കും അവലോകന യോഗം നടക്കുക. മാർച്ച് 9 ന് നടത്താനിരുന്ന യോഗം ബോർഡ് അംഗങ്ങളിൽ ഒരാൾക്ക് അസുഖം ബാധിച്ചതിനെ തുടർന്നാണ് നാളത്തേക്ക് മാറ്റിവെച്ചത്.

2025 ഡിസംബറിൽ എക്സാമിനിങ് കമ്മിറ്റി (Examining Committee) സിനിമ അവലോകനം ചെയ്യുകയും ചില രംഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് നിർമ്മാതാക്കൾ അംഗീകരിക്കുകയും 2026 ജനുവരി 9 ന് ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിടുകയും ചെയ്തിരുന്നു. എന്നാൽ, എക്സാമിനിങ് കമ്മിറ്റിയിലെ ഒരംഗം ചിത്രത്തിലെ ചില രംഗങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് സിബിഎഫ്സി മേധാവി പ്രസൂൺ ജോഷിക്ക് കത്തെഴുതിയതിനെ തുടർന്നാണ് വിഷയം വീണ്ടും റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. ഇതിനിടയിൽ സർട്ടിഫിക്കേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ മദ്രാസ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.

എക്സാമിനിങ് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ നിർമ്മാതാക്കൾ ഇതിനോടകം അംഗീകരിച്ചിട്ടുള്ളതിനാൽ, ചില മാറ്റങ്ങളോടെ റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് അനുമതി നൽകിയേക്കുമെന്നാണ് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നത്. കമ്മിറ്റിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച ശേഷമായിരിക്കും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക.

തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) മത്സരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസിന് ഏറെ പ്രാധാന്യമുണ്ട്.

അതേസമയം, കരൂരിലുണ്ടായ തിക്കത്തിരക്കുമായി ബന്ധപ്പെട്ട കേസിൽ വിജയ് ഇന്നലെ സിബിഐയ്ക്ക് (CBI) മുന്നിൽ ഹാജരായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളുള്ളതിനാൽ തന്റെ അടുത്ത ചോദ്യം ചെയ്യൽ തമിഴ്നാട്ടിൽ വെച്ച് നടത്തണമെന്ന് താരം അന്വേഷണ ഏജൻസിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular