മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിക്കുറിച്ച ‘പുലിമുരുകൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പത്താം വാർഷിക വേളയിൽ പുതിയ സിനിമയുടെ നിർമ്മാണ പ്രഖ്യാപനവുമായി പ്രമുഖ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം. 90-കളിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും പലവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിക്കാതെപോയ ‘അന്ന’ എന്ന ചിത്രത്തിന്റെ നിർമ്മാണാവകാശം താൻ സ്വന്തമാക്കിയ വിവരം അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.
വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിലെ “യവനകഥയിലെ ഇടയകന്യകേ…” എന്ന ഗാനം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഹിറ്റായതോടെയാണ് ‘അന്ന’ എന്ന സിനിമയെക്കുറിച്ച് ചർച്ചകളും അന്വേഷണങ്ങളും സജീവമായത്. ഈ പശ്ചാത്തലത്തിലാണ് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിലച്ചുപോയ ആ ചിത്രം പുതിയ എഴുത്തുകാരിലൂടെ പുതിയ തലമുറയിലേക്ക് എത്തിക്കാൻ മുളകുപാടം ഫിലിംസ് തീരുമാനിച്ചത്.
പുതിയ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും ചേർത്തുവെച്ച് ‘അന്ന’ വീണ്ടും വെള്ളിത്തിരയിൽ എത്തിക്കാനാണ് തീരുമാനം. ചിത്രത്തിന്റെ സംവിധായകൻ, അഭിനേതാക്കൾ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പ്രേക്ഷകരുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നതായും ടോമിച്ചൻ മുളകുപാടം കുറിച്ചു.


