HomeEntertainmentഫിലിംഫെയർ അവാർഡ്സ് സൗത്ത് 2026: "ഇവർ എന്നെക്കാൾ താഴെയല്ല, വാടാ…" ആസിഫിനെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ച്...

ഫിലിംഫെയർ അവാർഡ്സ് സൗത്ത് 2026: “ഇവർ എന്നെക്കാൾ താഴെയല്ല, വാടാ…” ആസിഫിനെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ച് മമ്മൂട്ടി

കൊച്ചി: കേരളാ ടൂറിസവുമായി സഹകരിച്ച് കൊച്ചിയിൽ നടന്ന 70-ാമത് ഫിലിംഫെയർ പുരസ്കാര വേദിയിൽ അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം നടത്തിയ പ്രസംഗവും പ്രവർത്തിയും സദസ്സിന്റെ വലിയ കൈയടിയാണ് നേടിയെടുത്തത്.

പുരസ്കാരം സ്വീകരിച്ച മമ്മൂട്ടി, മികച്ച നടനുള്ള നോമിനേഷനിൽ തനിക്കൊപ്പം മത്സരിച്ച യുവതാരങ്ങളായ ആസിഫ് അലിയെയും ബേസിൽ ജോസഫിനെയും വേദിയിലേക്ക് ക്ഷണിച്ചു. “ഇവർ എന്നെക്കാൾ താഴെയല്ല, വാടാ…” എന്ന് പറഞ്ഞാണ് മമ്മൂട്ടി ഇരുവരെയും അടുത്തേക്ക് വിളിച്ചത്. വേദിയിലെത്തിയ ഇരുവരെയും മമ്മൂട്ടി ആലിംഗനം ചെയ്തതോടെ സദസ്സിൽ വലിയ ഹർഷാരവം ഉയർന്നു.

ഒരർഥത്തിലും ഇരുവരും തന്നെക്കാൾ ഒട്ടും താഴെ അല്ലെന്നും, എന്തോ സംഭവിച്ച് പുരസ്കാരം തനിക്ക് ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒരുപാട് കഴിവുള്ള യുവതാരങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം വേദിയിൽ വെച്ച് രസകരമായ ഒരു തമാശയും പങ്കുവെച്ചു. “ഇരുവരും സുന്ദരന്മാരും ചെറുപ്പക്കാരുമാണെങ്കിലും അവൾ (പുരസ്കാരം) എനിക്കൊപ്പം നിന്നു,” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ഭ്രമയുഗത്തിൽ തനിക്കൊപ്പം അഭിനയിച്ചവരും മികച്ച പ്രകടനമാണ് നടത്തിയതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, തനിക്ക് ലഭിച്ച പുരസ്കാര ശിൽപം ആസിഫിനും ബേസിലിനുമൊപ്പം പങ്കിടാനും മറന്നില്ല. വരും വർഷങ്ങളിൽ ഇരുവർക്കും ഇതിലും കൂടുതൽ പുരസ്കാരങ്ങൾ ലഭിക്കട്ടെയെന്നും ആശംസിച്ചാണ് മമ്മൂട്ടി വേദിവിട്ടത്.

യുവതാരങ്ങളെ ചേർത്തുപിടിച്ചുള്ള മമ്മൂട്ടിയുടെ ഈ പ്രവൃത്തിയും വാക്കുകളും ഫിലിംഫെയർ അവാർഡ് നിശയിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി മാറി.

RELATED ARTICLES
- Advertisment -
Google search engine

Most Popular