
ഡൽഹി: ‘സഞ്ചാർ സാഥി’ ആപ്ലിക്കേഷൻ നിർബന്ധമായും മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ. ഈ ആപ്ലിക്കേഷൻ രാജ്യത്തെ പൗരരുടെ സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്ന് വിമർശനമുയർന്നിരുന്നു. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും വിഷയം വിവാദമാകുകയും ചെയ്തതോടെയാണ് കേന്ദ്രസർക്കാർ ഉത്തരവിൽ നിന്ന് പിൻമാറിയത്.
മൊബൈൽ ഫോണിന്റെ ആധികാരികത ഉറപ്പാക്കാനായി സഞ്ചാർ സാഥി എന്ന ആപ്ലിക്കേഷൻ ഉപഭോക്താക്കൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഈ നിർദേശം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.ബുധനാഴ്ച രാവിലെ പാർലിമെന്റിലെ ശൂന്യവേളയിൽ പ്രതിപക്ഷ എംപിമാർ സാഞ്ചാർ സാഥി നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു.
സർക്കാർ പറയുന്നത് പോലെ പിന്നീട് അൺ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും വിധമല്ല ആപ്പിനെ സംബന്ധിച്ച ഉത്തരവെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ജനാഭിപ്രായം ശേഖരിച്ച ശേഷം നിർദേശത്തിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബുധനാഴ്ച രാവിലെ ലോക്സഭയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രതിഷേധം കനത്തതോടെ ഉച്ചയ്ക്കു ശേഷം നിർദേശം പിൻവലിച്ചതായി മന്ത്രി അറിയിച്ചു.
Sanchar saathi app update
