ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപതി മുർമു ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി കാണിക്കയർപ്പിച്ചു. വൈകുന്നേരം നട തുറന്ന് ശീവേലിക്ക് ശേഷമായിരുന്നു കേരള ഗവർണർ ഓം പ്രകാശ് മാഥൂർ, മകൾ നിത്യശ്രീ മുർമു എന്നിവർക്കൊപ്പമുള്ള രാഷ്ട്രപതിയുടെ സന്ദർശനം. ദർശന ശേഷം കിഴക്കേ നടയിൽ കാത്തുനിന്ന ഭക്തരെ കൈവീശി അഭിവാദ്യം ചെയ്താണ് രാഷ്ട്രപതി മടങ്ങിയത്.
വൈകുന്നേരം 3.15-ഓടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം 3.30-ന് ശ്രീവത്സം അതിഥി മന്ദിരത്തിലെത്തി. ദേവസ്വം മന്ത്രി കെ. മുരളീധരൻ, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ, ഭരണസമിതി അംഗങ്ങളായ എം.യു. ഷിനിജ, പി.എ. അഭിലാഷ്, പി. ശിവദാസൻ, സി.വി. ബാലചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ഡി.എ. പ്രമോദ് കളരിക്കൽ, മാനേജർ വിനോദൻ എന്നിവർ ചേർന്ന് രാഷ്ട്രപതിയെയും ഗവർണറെയും സ്വീകരിച്ചു.
തുടർന്ന് ക്ഷേത്രത്തിലേക്ക് നടന്നെത്തിയ രാഷ്ട്രപതിയെ കിഴക്കേ ഗോപുര കവാടത്തിൽ വെച്ച് ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് പൂർണ്ണകുംഭം നൽകി വരവേറ്റു. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ഒപ്പമുണ്ടായിരുന്നു.
ദർശനവും ഉപഹാര സമർപ്പണവും വൈകുന്നേരം 3.55-ന് നാലമ്പലത്തിലേക്ക് പ്രവേശിച്ച രാഷ്ട്രപതി സോപാനത്തിലെത്തി ശ്രീഗുരുവായൂരപ്പനെ തൊഴുത് കാണിക്കയർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം സ്വീകരിക്കുകയും ഉപദേവതകളെ വണങ്ങുകയും ചെയ്ത ശേഷം കൊടിമരച്ചുവട്ടിലെത്തി.
ദേവസ്വം മന്ത്രി കെ. മുരളീധരൻ തടിയിൽ തീർത്ത ഉണ്ണിക്കണ്ണന്റെ ശിൽപം രാഷ്ട്രപതിക്ക് സമ്മാനിച്ചു. കുമിഴ് മരത്തിൽ കൊത്തിയെടുത്ത രണ്ടടി ഉയരമുള്ള വേണുഗോപാല ശ്രീകൃഷ്ണ ശിൽപവും സ്വർണ്ണക്കോലത്തിന്റെ മാതൃകയും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് കൈമാറി.
കളഭം, സ്പെഷ്യൽ പായസം, തിരുമുടി മാല, പഴം, പഞ്ചസാര എന്നിവയടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് രാഷ്ട്രപതിക്ക് നൽകി.
ക്ഷേത്ര ഊരാളനും ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ഡി.എ.മാരായ എം. രാധ, കെ. ബിനു, ദേവസ്വം പി.ആർ.ഒ. വിമൽ ജി. നാഥ്, അസിസ്റ്റന്റ് മാനേജർ അനിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
4.10-ഓടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ രാഷ്ട്രപതി കിഴക്കേ നടയിൽ തന്നെ കാണാനെത്തിയ ഭക്തരുടെ സമീപമെത്തി സ്നേഹാഭിവാദനം അർപ്പിച്ച ശേഷമാണ് മടങ്ങിയത്.


