ജോയ് മാത്യു താങ്കൾക്ക് പണി തുടരാം : അങ്കിൾ റിവ്യൂ

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് ജോയ് മാത്യുന്റെ തിരക്കഥയിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രമാണ് “അങ്കിൾ”. ജോയ് മാത്യു അവതരിപ്പിക്കുന്ന വിജയൻ എന്ന കഥാപാത്രത്തിന്റെ മകൾ ശ്രുതി ഊട്ടിയിൽ നിന്ന് തന്റെ പിതാവിന്റെ സുഹൃത്തിനോടൊപ്പം നടത്തുന്ന ഒരു യാത്രയിലൂടെയാണ് ചിത്രം നീങ്ങുന്നത്. ആ യാത്രയിലുണ്ടാകുന്ന നല്ലതും മോശവുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. ഇതിൽ വിജയൻറെ സുഹൃത്തായ കൃഷ്ണകുമാറായി എത്തുന്നത് മമ്മൂട്ടിയും ശ്രുതിയായി വേഷമിടുന്നത് കാർത്തിക മുരളീധരനും ആണ്.

ഒരു നല്ല സന്ദേശം സമൂഹത്തിന് നൽകുന്ന ചിത്രമാണ് അങ്കിൾ. ഇന്ന് സമൂഹത്തിൽ നടക്കുന്ന ചില സംഭവ വികാസങ്ങൾ പ്രേക്ഷകരിൽ എത്തിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതി അവതരണം കൊണ്ട് മികച്ചു നിന്നപ്പോൾ രണ്ടാം പകുതി അല്പം നീണ്ടു പോയതായി തോന്നാം. എന്നാൽ കഥയിൽ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് രണ്ടാം പകുതിയുടെ മുഷിപ്പ് മാറ്റുന്നു.

കൃഷ്ണ കുമാർ എന്ന കഥാപാത്രം ഉറപ്പായും മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും. കാർത്തികയുടെയും മുത്തുമണിയുടെയും അഭിനയ മികവ് എടുത്തുപറയാതിരിക്കാൻ കഴിയില്ല. സുരഷ് കൃഷ്ണ, കെപിഎസി ലളിത, ഗണപതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എല്ലാവരും അവരവരുടെ വേഷങ്ങൾ മികച്ചതാക്കി.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അളഗപ്പന്‍. സംഗീതം ബിജിബാല്‍. ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ എടുത്തുപറയത്തക്ക ആക്ഷനോ മാസ്സ് ഡയലോഗൊ ഇല്ലെങ്കിലും മികച്ച ഒരു മമ്മൂട്ടി കുടുംബ ചിത്രമാണ് അങ്കിൾ. സ്ത്രീ സുരക്ഷയും സദാചാര പ്രശ്നങ്ങളും വലിയ ചർച്ചയാകുന്നു ഇന്നത്തെ കാലത്ത് കണ്ടിരിക്കേണ്ടുന്ന ഒരു ചിത്രം തന്നെയാണ് അങ്കിൾ.

“താൻ ഏത് പണി തുടരണം, ഏത് പണി നിർത്തണം ” എന്ന് പ്രേക്ഷകർ പറയണം എന്ന്  അങ്കിൾ ഇറങ്ങുന്നതിന് മുൻപ് ജോയ് മാത്യു പറഞ്ഞിരുന്നു. ഈ ചിത്രം കാണുന്ന ഏതൊരു സാധരണ പ്രേക്ഷകനും പറയും ഇത് നിങ്ങള്ക്ക് പറ്റിയ പണിതനെയാണ് ജോയ്മാത്യു സർ .

ചിത്രത്തിൽ മമ്മൂട്ടി വില്ലനോ അതോ നായകനോ എന്നത് സിനിമ തീയറ്ററിൽ പോയി കണ്ടുതന്നെ മനസിലാക്കണം.

Rating : 3.5/5

admin:
Related Post