
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാർ കൊളീജിയത്തിൽ പലതവണ സമ്മർദ്ദം ചെലുത്തിയതായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂറിന്റെ വെളിപ്പെടുത്തൽ. സർക്കാരിന്റെ ആവശ്യത്തെ എതിർത്തുകൊണ്ടിരുന്ന താനും ജസ്റ്റിസ് എ.കെ. സിക്രിയും വിരമിച്ചശേഷം 2020 ൽ ആണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം നടപ്പാക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. ‘(ഇൻ)കംപ്ലീറ്റ് ജസ്റ്റിസ്? സുപ്രീംകോർട്ട് അറ്റ് 75’ എന്ന പുസ്തകത്തിൻ എഴുതിയ ലേഖനത്തിലാണ് ജസ്റ്റിസ് ലോകൂറിന്റെ വെളിപ്പെടുത്തൽ.
കേന്ദ്രം ആദ്യം സമ്മർദം ചെലുത്തിയ സമയത്ത് അന്നത്തെ കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് ലോകൂർ എതിർത്തതിനാൽ അന്ന് മാറ്റം ഉണ്ടായില്ല. എന്നാൽ 2018ൽ താൻ വിരമിച്ചയിന് ശേഷം കേന്ദ്രം വീണ്ടും സമ്മർദം ചെലുത്തുകയും സ്ഥലംമാറ്റം നടത്തുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. 2020ൽ നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ രാഷ്ട്രപതി ഒപ്പുവച്ചതിനെ തുടർന്ന് സർക്കാർ മുരളീധറിനെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ജസ്റ്റിസ് എസ്. മുരളീധർ പുറപ്പെടുവിച്ച വിധിയാണ് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തിന് കാരണമെന്നും ജസ്റ്റിസ് ലോകൂർ കൂട്ടുചേർത്തു.
ജസ്റ്റിസ് മുരളീധർ പുറപ്പെടുവിച്ച ഒരു വിധിയായിരുന്നു അദ്ദേഹത്തെ സ്ഥലംമാറ്റണമെന്ന് കേന്ദ്രം ഉന്നയിച്ച ആവശ്യത്തിനു പിന്നിൽ.
ബിജെപി നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്യാത്തതിന് ഡൽഹി പോലീസിനെ ജസ്റ്റിസ് മുരളീധർ, ജസ്റ്റിസ് തൽവന്ത് സിങ് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചതിന് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളും ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റ ഉത്തരവും വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
the Centre repeatedly pressed to transfer Justice Muralidhar ,Justice Lokur’s book reveals
