
മുംബൈ: ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം കൗമാരക്കാരൻ ജീവനൊടുക്കി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗ് അനിൽ ബോർക്കറാണ് മെഡിക്കൽ കോളേജിൽ പ്രവേശിക്കേണ്ട ദിവസം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ അനുരാഗ്, അഖിലേന്ത്യാടിസ്ഥാനത്തിൽ ഒബിസി വിഭാഗത്തിൽ 1475 റാങ്ക് നേടിയിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് എംബിബിസ് അഡ്മിഷന്‍ ലഭിച്ചത്. അഡ്മിഷനായി രാവിലെ വീട്ടുകാർ തയ്യാറാകുമ്പോഴാണ് അനുരാഗിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യാ കുറിപ്പിൽ ഡോക്ടറാകാൻ താൽപര്യമില്ലെന്നും ബിസിനസിലേക്ക് പോകാനാണ് ആഗ്രഹമെന്നുമാണ് അനുരാഗ് കുറിച്ചതെന്ന് പൊലീസ് പറയുന്നു. നീറ്റ് ഫലം വന്നതിന് ശേഷം രാജ്യത്ത് രണ്ടാമത്തെ ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് 18 കാരൻ ജീവനൊടുക്കിയിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ 18കാരൻ നിഖിൽ പ്രതാപ് സിങ്ങാണ് വെടിയുതിർത്ത് മരിച്ചത്. മഹാരാജ്പുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്.നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്ത് കാത്തിരിക്കുകയായിരുന്നു നിഖിൽ. പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെ പിതാവ് മാർക്കിനെ കുറിച്ചും ചോദിച്ചു. എന്നാൽ ഉത്തരം നൽകാതെ വിദ്യാർത്ഥി പിൻമാറുകയായിരുന്നു. പിന്നീട് കിടപ്പ് മുറിയിലെത്തി വിരമിച്ച സൈനികനായ പിതാവിന്റെ തോക്ക് എടുത്ത് സ്വയം വെടിയുതിർക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ ലൈസൻസുള്ള തോക്കാണിതെന്നും പൊലീസ് കണ്ടെത്തി.
Teen Dies By Suicide

