HomeNewsആലപ്പുഴയിൽ വയോജനങ്ങൾക്കുവേണ്ടി ആരംഭിച്ച സംസാര കൂട്ടായ്മയായ ടോക്കിങ് പാർലറുകൾ വയോജനങ്ങളുടെ ഇടയിൽ വിസ്മയമാവുകയാണ്

ആലപ്പുഴയിൽ വയോജനങ്ങൾക്കുവേണ്ടി ആരംഭിച്ച സംസാര കൂട്ടായ്മയായ ടോക്കിങ് പാർലറുകൾ വയോജനങ്ങളുടെ ഇടയിൽ വിസ്മയമാവുകയാണ്

ജനന മരണ നിരക്കുകൾ കുറയുന്നതിനാലും,യുവാക്കൾ കൂട്ടത്തോടെ വിദേശത്തേക്ക് സ്ഥിരകുടിയേറ്റം നടത്തുന്നതിനാലും, രാജ്യത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ പിന്തുണയോ പരിചരണമോ ഇല്ലാത്തതിനാൽ പലരും ഒറ്റപ്പെടലിലും അരക്ഷിതാവസ്ഥയിലുമാണ്. സാമൂഹികമായ ഈ ഒറ്റപ്പെടൽ മുതിർന്നവരിൽ വിഷാദം, ഉത്കണ്ഠ, ഓർമ്മക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അവർ അനുഭവിക്കുന്ന ഏകാന്തതയും അരക്ഷിതാബോധവും അതീവ വേദനാജനകമാണ്.
തുറന്നു സംസാരിക്കാൻ ഒരു വേദി ഒരുക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും ഉചിതമായ പരിഹാരമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ‘ടോക്കിംഗ് പാർലർ’ (Talking Parlour) എന്ന പുതിയ ആശയം സാമൂഹിക പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ളയുടെ നേതൃത്വത്തിൽ രൂപകല്പനചെയ്തത്. ആലപ്പുഴ പഴവീട് എന്ന ദേശത്തു 2024 ഡിസംബർ പതിമൂന്നാം തീയതിടോക്കിങ് പാർലറിനു തുടക്കം കുറിച്ചു.

ഐസ്‌ക്രീം പാർലർ പോലെ ബ്യൂട്ടി പാർലർ പോലെ ഒരുനാമകരണം ടോക്കിങ് പാർലർ. സംസാരിക്കാൻ ഒരിടം.
സംസാരിക്കാൻ ആരുമില്ലാത്തവർക്കും ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കും ഒത്തുചേരാനുള്ള ഇടമാണ് ‘ടോക്കിംഗ് പാർലർ’. ക്യാൻസറിനേക്കാൾ മാരകമായേക്കാവുന്ന മറവിരോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഓർമ്മകളെ സജീവമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

നല്ല സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ,അല്ലെങ്കിൽ നല്ലതുപോലെ ചിരിക്കുമ്പോൾ ഡോപ്പമിൻ (Dopamine), എൻഡോർഫിൻ (Endorphins), ഓക്സിടോസിൻ (Oxytocin), സെറോട്ടോണിൻ (Serotonin) എഞ്ഞിങ്ങനെയുള്ള സന്തോഷ ഹോർമോണുകൾ ഉത്തേജിക്കപ്പെടുന്നു. ശാരീരിക വേദനകൾ മറക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇതുമൂലം കഴിയുന്നു. ശരീരവും മനസ്സും തമ്മിൽ ബന്ധം ഉള്ളതിനാൽ മനസ്സിനുണ്ടാകുന്ന ഉന്മേഷം ശരീരത്തിന്റെ ഉന്മേഷത്തിനും കാരണം ആകും. ഇത്തരം സാമൂഹിക ഇടപെടലുകൾ ഡിമെൻഷ്യ, അൽഷിമേഴ്‌സ് തുടങ്ങിയ മറവി രോഗങ്ങൾ വരുന്നത് തടയാൻ സഹായിക്കുന്നു.
‘എംപ്റ്റി നെസ്റ്റ് സിൻഡ്രോം’ (Empty Nest Syndrome) എന്ന അവസ്ഥ വയോജനങ്ങൾക്ക് ഉണ്ടാകാതിരിക്കാൻ ടോക്കിങ്പാർലറുകൾ സഹായകമാകുന്നു.

ടോക്കിംഗ് പാർലർ ഇന്ന് സംസ്ഥാനമൊട്ടാകെ പടരുകയാണ്.
ഒട്ടേറെ വൃദ്ധരായ മാതാപിതാക്കൾക്ക് ഇത് വലിയൊരു ആശ്വാസമായി മാറികഴിഞ്ഞു.
അനേകം രോഗികളായ മുതിർന്ന പൗരന്മാർക്ക് ആശ്വാസമാകാനും, തിരഞ്ഞെടുപ്പ് വേളകളിൽ മുതിർന്ന പൗരന്മാർക്ക്,ജനാധിപത്യ പ്രക്രിയയെ സംരക്ഷിക്കും വിധം, വോട്ട് രേഖപ്പെടുത്താൻ സഹായകമാവുകയും, വയോജന സർവ്വേ നടത്തുവാനും ടോക്കിങ് പാർലറിനു സാധിച്ചു.

പുതിയതലമുറയെ ചേർത്തുപിടിച്ച് ലഹരി ക്കെതിരെ ശക്തമായ പ്രചരണം നടത്തുകയും, തലമുറകളുടെ ഒത്തുചേരലും, സ്കൂൾ കുട്ടികളിൽ അമ്മൂമ്മകഥകളുടെ മാധുര്യം പകർന്നു നൽകുകയുംഅങ്ങനെ മുതിർന്നവരുടെ വിരസത അകറ്റാനും കുട്ടികൾക്ക് പോയ കാലത്തെ നല്ലനാളുകളുടെ മാധുര്യം പകർന്നു നല്കാനും ടോക്കിങ് പാർലർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
സമൂഹത്തിന്റെ വ്യത്യസ്ത
തലങ്ങളിൽ ജോലിചെയ്തിരുന്ന മുതിർന്ന വ്യക്തികൾ കുട്ടികളോടൊപ്പം പാട്ടുപാടിയും കഥകൾ പങ്കുവെച്ചും വട്ടം കൂടി ഇരിക്കുമ്പോൾ മറ്റെല്ലാം മറന്നു പഴയകാലത്തിന്റെ പുത്തൻ ഉണർവിനു കാരണം ആകുന്നു. സ്കൂളുകളിൽ നിന്നും റിട്ടയർ ചെയ്ത മുതിർന്ന ടീച്ചർമാർ കഥപറഞ്ഞും പഴയകാല കളികൾ പരിശീലിപ്പിക്കുന്നതും വേറിട്ട കാഴ്ചയായി മാറിയിരിക്കുന്നു.
റെവന്യൂ സർവിസിൽ ജോലിചെയ്യുമ്പോൾ തന്നെ പ്രായമായ അച്ഛനമ്മമാർക്കുവേണ്ടി, സമാശ്വാസ തൊഴിൽ ദാന പദ്ധതിയിൽ ശക്തമായ ഭേദഗതി കൊണ്ടുവന്നു സർക്കാരിന്റേയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റുകയും,വയോജനവകുപ്പിനുവേണ്ടി കഴിഞ്ഞ മന്ത്രിസഭയുടെ കാലം മുതൽ നിരന്തരം നിവേദനങ്ങൾ നൽകുകയും പരിശ്രമിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ചന്ദ്രദാസ് കേശവപിള്ള.

അന്തസ്സായി ജീവിക്കാനുള്ള അവകാശം പോലെ തന്നെ അന്തസ്സായി മരിക്കാനുമുള്ള അവകാശത്തിന്റെ സാമൂഹ്യമുന്നേറ്റമായ ലിവിങ് വിൽ പ്രചരണം ശക്തമാക്കാനും, “പകരുന്നകാഴ്ച പടരുന്നനന്മ” എന്ന ആശയത്തിലൂന്നി നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുവാനും, ടൈം ബാങ്ക് പദ്ധതിയ്ക്കു തുടക്കം കുറിക്കാനും, പൊതുവിടങ്ങൾ വയോജന സൗഹൃദമാക്കുവാനും , തദ്ദേശസ്വയംഭറണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പദ്ധതികളിൽ കൂടുതൽ വിഹിതം വയോജനക്ഷേമത്തിനു ഉൾകൊള്ളിയ്ക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകൾ നടത്താനും, ഇ-ലേണിംഗിനും വേണ്ട അവബോധം നല്കാനും, വിദേശ രാജ്യങ്ങളിലെപോലെ സാന്ത്വന പാലകരെ (care giver) നിയമിച്ചു മുതിർന്നപൗരന്മാരുടെ സായാഹ്നകാലം ആനന്ദകരമാക്കാനും എല്ലാം നിരന്തരം സർക്കാരിനെ സമീപിക്കുകയാണ് ചന്ദ്രദാസ്. സംസാരവും സഞ്ചാരവും ഇല്ലാതായി വീടിന്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടുപോയ മുതിർന്ന പൗരന്മാർക്ക് വേണ്ടി ഓൺലൈൻ ടോക്കിംഗ് പാർലറുകൾ ആരംഭിക്കുകയാണ് അടുത്ത ലക്ഷ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അത്തരത്തിലുള്ള ധാരാളം വയോജനങ്ങൾ നിരന്തരം പരസ്പര സംസാരം സാധ്യമാക്കുന്നതിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കുകയാണ്

RELATED ARTICLES
- Advertisment -
Google search engine

Most Popular