HomeNewsപശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ സെക്രട്ടറി വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ സെക്രട്ടറി വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ സെക്രട്ടറിയായ ചന്ദ്രനാഥ് റാത്ത് വെടിയേറ്റ് മരിച്ചു. കൊൽക്കത്തയ്ക്ക് സമീപം മധ്യം​ഗ്രാമിലെ ദോഹാരിയയിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ അരുംകൊല.

കൊൽക്കത്തയിൽ നിന്ന് കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചന്ദ്രനാഥ് റാത്തിനെ ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികൾ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. കാറിന്റെ ഗ്ലാസ് തകർത്ത് പോയിന്റ് ബ്ലാങ്കിൽ നിന്നാണ് അക്രമികൾ വെടിയുതിർത്തത്. നെഞ്ചിലും വയറ്റിലും തലയിലുമായി ഒന്നിലധികം തവണ വെടിയേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും വെടിയേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

സുവേന്ദു അധികാരിയുടെ വിശ്വസ്തനും ദീർഘകാലമായി അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമായി പ്രവർത്തിക്കുന്ന ആളുമാണ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത്. ആസൂത്രിതമായ കൊലപാതകമാണിതെന്നും ഇതിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നും ബിജെപി ആരോപിച്ചു. വിവരമറിഞ്ഞ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ആശുപത്രിയിലെത്തി.

എന്നാൽ, കൊലപാതകത്തെ ശക്തമായി അപലപിച്ച തൃണമൂൽ കോൺഗ്രസ് ബിജെപിയുടെ ആരോപണങ്ങൾ നിഷേധിച്ചു. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നും യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും കേന്ദ്രീകരിച്ച് അക്രമികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular