
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം പാർട്ടിയുടെ റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക്. സുപ്രീംകോടതിയാണ് അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടത്. അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത് കോടതിയായിരിക്കും. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എൻ വി അൻജാരിയ എന്നിവരുടെ ബെഞ്ചിൻറേതാണ് ഉത്തരവ്.
കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതയുണ്ടായിരുന്ന ആധവ് അർജുന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് എന്ന് അഭിപ്രായപ്പെട്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് വിദഗ്ധ സമിതിയുടെ മേൽനോട്ടം കോടതി നിർദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം നൽകാൻ വിരമിച്ച ജഡ്ജിയെ ഉടൻ തീരുമാനിക്കും.
ടിവികെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, അത് കോടതി അംഗീകരിച്ചിരുന്നില്ല. ടിവികെയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചിരുന്നു. ഇതിനെതിരെയാണ് ടിവികെ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാപകമായ വിമർശനങ്ങളും ആരോപണങ്ങളും നേരിട്ട വിജയ്, സിബിഐ അന്വേഷണം ലഭിക്കുന്നത് നീതിക്കായുള്ള ആശ്വാസമായി കാണുന്നുവെന്നാണ് കരുതുന്നത്. ഡിഎംകെയുടെ അറിവോടെയായിരുന്നു കരൂരിലെ ദുരന്തമെന്നായിരുന്നു ടിവികെയുടെ ഗുരുതര ആരോപണം. സർക്കാരിനെതിരെ കർശന വിമർശനവുമായി വിജയ് മുന്നോട്ടുവന്നതോടെ രാഷ്ട്രീയ തലത്തിലും സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Supreme Court has ordered the CBI to investigate the stampede at a tvk rally
