തിരുവനന്തപുരം :- ശബരിമല തീർഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 48 സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ശൃംഖലയ്ക്ക് രൂപംനൽകി. പത്തനംതിട്ടയിൽ 21 ആശുപത്രികളും കോട്ടയത്ത് 27 ആശുപത്രികളുമാണുള്ളത്
കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് സർക്കാർ ആശുപത്രികളിലും സർക്കാർ പട്ടികപ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗജന്യമായിരിക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) അംഗമല്ലാത്ത കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള തീർഥാടകർക്ക് കോവിഡിതര ചികിത്സയ്ക്ക് പണം നൽകണം.പുറത്തുനിന്നുള്ള പി.എം.ജെ.എ.വൈ. കാർഡുള്ളവർക്ക് സൗജന്യ സേവനം നൽകും. ശബരിമല സേവനത്തിനായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ വിന്യസിച്ചുവരുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആരോഗ്യവകുപ്പിൽനിന്ന് ആയിരത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയിൽ നിയോഗിക്കും. രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി എന്നിവിടങ്ങളിൽ വിദഗ്ധസംവിധാനങ്ങളോടു കൂടിയ ഡിസ്‌പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് അടിയന്തര ഓപ്പറേഷൻ തിയേറ്ററുണ്ടാകും. എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പമുതൽ സന്നിധാനം വരെ പല സ്ഥലങ്ങളിലായി സ്ഥാപിക്കും.
English : Sabarimala: Covid treatment is free for pilgrims within the state

