
ന്യൂഡൽഹി: സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട্রേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നാളെ രാജ്യവ്യാപക പണിമുടക്ക് നടക്കും. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വാണിജ്യ, വ്യവസായ മേഖലകളിലെ തൊഴിലാളികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക്, ഇൻഷുറൻസ്, തപാൽ, ടെലികോം മേഖലകളിലെ ജീവനക്കാർ എന്നിവർ പണിമുടക്കിൽ പങ്കെടുക്കും. എന്നാൽ, പാൽ, ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
17 ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത്. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ ഉപേക്ഷിക്കണമെന്നതാണ് പ്രധാന ആവശ്യം. ഈ കോഡുകൾ നടപ്പിലാകുന്നത് തൊഴിൽ മേഖലയിൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ കുറയ്ക്കുമെന്ന് യൂണിയനുകൾ ആരോപിക്കുന്നു.
തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കണം, പൊതുമേഖലാ സംരംഭങ്ങളുടെ സ്വകാര്യവൽക്കരണത്തിൽ നിന്ന് സർക്കാർ പിന്മാറണം തുടങ്ങിയവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
