ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റിക്കുന്നു. രാജ്യത്ത് പാചകവാതക (LPG) വില എണ്ണക്കമ്പനികൾ കുത്തനെ വർധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന് (14.2 കിലോ) 60 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് (19 കിലോ) 115 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് (മാർച്ച് 7) മുതൽ പ്രാബല്യത്തിൽ വന്നു.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗാർഹിക പാചകവാതക വിലയിൽ വർധനവ് ഉണ്ടാകുന്നത്. ഹോട്ടലുകളിലെയും മറ്റും ഭക്ഷണവില വർധിക്കാൻ വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം കാരണമായേക്കാം.
പുതിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ:
- ഗാർഹിക സിലിണ്ടർ (14.2 Kg): വില വർധിച്ചതോടെ ഡൽഹിയിൽ സബ്സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിൻ്റെ പുതിയ വില 913 രൂപയായി (പഴയ വില 853 രൂപ). മുംബൈയിൽ 912.50 രൂപ, കൊൽക്കത്തയിൽ 939 രൂപ, ചെന്നൈയിൽ 928.50 രൂപ എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ നിരക്കുകൾ. കേരളത്തിൽ പുതിയ വില സിലിണ്ടറിന് 9,22 രൂപയായി
- വാണിജ്യ സിലിണ്ടർ (19 Kg): ഡൽഹിയിൽ 1,883 രൂപ, മുംബൈയിൽ 1,835 രൂപ, കൊൽക്കത്തയിൽ 1,990 രൂപ, ചെന്നൈയിൽ 2,043.50 രൂപ എന്നിങ്ങനെയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില.
ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ആശ്വാസം
വില വർധനവ് സാധാരണക്കാരെ ബാധിക്കുമെങ്കിലും, പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾക്ക് നൽകിവരുന്ന 300 രൂപ സബ്സിഡി തുടർന്നും ലഭിക്കും. ഇത് പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയൊരാശ്വാസമാണ്.
വില വർധനവിന് പിന്നിൽ പശ്ചിമേഷ്യൻ സംഘർഷം
ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ പശ്ചിമേഷ്യയിൽ രൂക്ഷമായ യുദ്ധം തുടരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ സംഘർഷങ്ങളെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ വിലക്കയറ്റവും ക്രൂഡ് ഓയിൽ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുമാണ് പാചകവാതക വില കൂട്ടാൻ എണ്ണക്കമ്പനികളെ നിർബന്ധിതരാക്കിയത്.
ഇന്ധനക്ഷാമമില്ല, ആശങ്ക വേണ്ടെന്ന് കേന്ദ്രം
അതേസമയം, രാജ്യത്തെ ഇന്ധന വിതരണത്തെ യുദ്ധം ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ഇന്ത്യയിൽ ഇന്ധനത്തിന് യാതൊരു ക്ഷാമവുമില്ലെന്നും പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ധനക്ഷാമത്തെക്കുറിച്ച് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും, രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം സുരക്ഷിതമായി ലഭ്യമാണെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (IOC) വ്യക്തമാക്കിയിട്ടുണ്ട്.

