കേരള സര്‍വകലാശാല ബിരുദ പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സര്‍വകലാശാലയുടെ കീഴിലെ  കോളേജുകളില്‍ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ടിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യുഐടി, ഐഎച്ച്ആര്‍ഡി കേന്ദ്രങ്ങളിലെ പ്രവേശനത്തിലേക്ക് ഇപ്പോള്‍ അപേക്ഷിച്ചു തുടങ്ങാം.മെറിറ്റ് സീറ്റുകളിലേക്കും എസ്.സി/എസ്.ടി എസ്.ഇ.ബി.സി സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ടോമെന്റ്. കേരള സര്‍വകലാശാലയുടെ കീഴിലെ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏകജാലക സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തിരിക്കണം.ഏകജാലകം വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ എല്ലാ വിവരങ്ങളും കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പറുകള്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ മാറ്റാനും പാടില്ല. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രോസ്‌പെക്ടസ് വിശദമായി വായിച്ചതിന് ശേഷം മാത്രമെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ പാടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in/എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. സംശയനിവാരണത്തിനായി ഹെല്‍പ്ലൈന്‍ നമ്പറുകളായ 8281883052, 8281883053 എന്നിവയില്‍ ബന്ധപ്പെടാം. ഓഗസ്റ്റ് 17 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.