
തിരുവനന്തപരം:സ്‌കൂൾ മധ്യവേനലവധി ഏപ്രിൽ – മെയ് മാസത്തിൽ നിന്നും ജൂൺ- ജൂലൈയിലേക്ക് മാട്ടുന്നതു ചർച്ച ചെയ്തു തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിൽ ജൂൺ- ജൂലൈ ആണ് മഴക്കാലം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്നും മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?’-എന്നെല്ലാം മന്ത്രി വി ശിവൻകുട്ടി ഫേസ്‌ബുക് കുറിപ്പിൽ പറയുന്നു.
മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.ഈ സാഹചര്യത്തിൽ, സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് എന്നും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം, രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ സ്കൂൾ സമയം ക്രമീകരിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. സമയം നീട്ടുന്നത് മദ്രസ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
Kerala school vacation changes
