മനുഷ്യ വന്യ ജീവി സംഘർഷം; പ്രാദേശിക സമിതികൾ ശക്തിപ്പെടുത്തി വനം വകുപ്പ്

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ  ഊർജ്ജിതമാക്കുന്നതിന് ജില്ലാതല നിയന്ത്രണ സമിതികൾ എല്ലാ മാസവും ചേരാൻ നടപടകളുമായി വനം വകുപ്പ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടപ്പാക്കുന്നതിലും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ജില്ലാതല നിയന്ത്രണ സമിതികൾ  ഉറപ്പുവരുത്തും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 27 ന് നടന്ന, മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം സംബന്ധിച്ച വിവിധ വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും, മേധാവികളുടെയും ഉന്നതതല യോഗത്തിലായിരുന്നു  നിർദേശം.

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണരംഗത്ത് ക്രിയാത്മക ഇടപെടലുകൾക്ക് സാധ്യമാവുന്ന നിർണായക ഉത്തരവാണിതെന്ന് വനം  മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.  ഇക്കാര്യത്തിൽ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടെയും സംഭാവനയും പിന്തുണയും ഭാവിയിൽ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാതല നിയന്ത്രണ സമിതി യോഗങ്ങൾ  ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ  നടപടികൾ സ്വീകരിക്കുന്നതിനും കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായ സമിതിയിൽ ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷി ഓഫീസർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളാണ്. കൂടാതെ അതത് മേഖലയിലെ പാർലമെന്റ്, നിയമസഭ അംഗങ്ങൾ യോഗങ്ങളിൽ പ്രത്യേക ക്ഷണിതാക്കളായിയിരിക്കും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആണ് കൺവീനർ.

ജില്ലാ വികസന സമിതി ചേരുന്നതിനോടൊപ്പം എല്ലാ മാസവും ജില്ലാതല നിയന്ത്രണ സമിതി യോഗവും ചേരും.

By admin