നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകര്‍ നല്‍കിയ നിയമോപദേശത്തിന്റെ  അടിസ്ഥാനത്തിലാണ് നടപടി.
ഹൈക്കോടതി വിധിക്ക് എതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെങ്കിലും പുതിയ തെളിവുകള്‍ വിചാരണ കോടതിക്ക് എതിരെ ഉണ്ടെങ്കില്‍ അതിന് സാധിക്കും എന്ന നിയമോപദേശമാണ് മുതിര്‍ന്ന അഭിഭാഷകര്‍ സര്‍ക്കാരിന് നല്‍കിയത്. ഇതനുസരിച്ച് പുതിയ തെളിവുകളും തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമങ്ങളും ഹാജരാക്കും.

നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല ഹൈകോടതി ഉത്തരവ് എന്നായിരിക്കും സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും സുപ്രീംകോടതിയില്‍ വാദിക്കുക. 2013ലെ ഭേദഗതി പ്രകാരമുളള മാറ്റങ്ങള്‍ക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നും ചൂണ്ടിക്കാട്ടും.

സി.ആര്‍.പി.സി 406 പ്രകാരം ആകും ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യുക. കേസില്‍ ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. വിചാരണ കോടതി മാറ്റണം എന്ന ആവശ്യത്തിനൊപ്പം വിചാരണ സമയവും വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. ഇത് സംബന്ധിച്ച് ഡല്‍ഹിയിലുളള നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടന്നുവരികയാണ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ഹാജരാകുമെന്നാണ് വിവരം.

English Summary : Case of assault on actress; State Government to the Supreme Court

admin:
Related Post