152 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് അത്യപൂർവതയോടെ അമ്പിളി മാനത്ത് പ്രത്യക്ഷപ്പെടുന്നു. ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ചാന്ദ്രവിസ്മയം കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ ഇത്തരമൊരു ചന്ദ്രനെ കാണാൻ കഴിയില്ല. സൂപ്പര്‍മൂണ്‍, ബ്ളൂമൂണ്‍, ബ്ളഡ്മൂണ്‍ തുടങ്ങി ശാസ്ത്രലോകം ചാർത്തിയ പലപേരിൽ അറിയപ്പെടുന്ന ചന്ദ്രന്റെ പ്രതിഭാസത്തെ ബുധനാഴ്ച വൈകുന്നേരം കണ്ണടയ്ക്കാതെ മാനംനോക്കിയിരുന്നാൽ ആവോളം ആസ്വദിക്കാം.
വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രികയെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. പൂർണഗ്രഹണ സമയത്തിൽ ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും. വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ചന്ദ്രനിൽനിന്നു പ്രകാശരശ്മി ഭൂമിയുടെ അന്തരീക്ഷത്തിൽ വിഘടിക്കുന്നതിനാൽ വർണരാജിയിലെ ഓറഞ്ചും ചുവപ്പുമാണു കൂടുതൽ കാണപ്പെടുക. തന്മൂലം ചന്ദ്രബിംബം ചു വപ്പായി തോന്നും. അതിനാൽ ബ്ലഡ് മൂൺ എന്നും ഇന്നത്തെ പൗർണമി അറിയപ്പെടുന്നു. 1866 മാർച്ചിനുശേഷം ആദ്യമാണ് ഈ മൂന്നു പ്രതിഭാസങ്ങളും ഒന്നു ചേരുന്നത്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ടു കണ്ടാലും അപകടമില്ല.
