ഐ പി എല്ലിൽ ബാംഗ്ലൂർ ഡെയ്സ്; രാജസ്ഥാനെ തകർത്തത് പത്ത് വിക്കറ്റിന്

ദേവദത്ത് പടിക്കലിന് സെഞ്ച്വറി

ഐ പി എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൻ്റെ വിജയക്കുതിപ്പിന് മുന്നിൽ രാജസ്ഥാൻ റോയൽസ് നിഷ്പ്രഭരായി. പത്ത് വിക്കറ്റിനാണ് ബാംഗ്ലൂരിൻ്റെ വിജയം. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം 3.3 ഓവർ ബാക്കിനിൽക്കെ വിക്കറ്റ് നഷ്ടമില്ലാതെ ബാംഗ്ലൂർ മറികടന്നു. 

സ്കോർ:രാജസ്ഥാൻ: 177/9ബാംഗ്ലൂർ: 181/0 (16.3)

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ്റെ മുൻനിര ബാംഗ്ലൂർ ബൗളിംഗിന് മുന്നിൽ തകർന്നു. നായകൻ സഞ്ജു സാംസൻ്റേത് 21(18) ഉൾപ്പെടെ നാല് വിക്കറ്റുകൾ 43 റൺസിൽ നഷ്ടപ്പെട്ടു. അഞ്ചാം വിക്കറ്റ് മുതലാണ് രാജസ്ഥാൻ ചെറുത്തുനിൽപ്പ് തുടങ്ങിയത്. 31 പന്തിൽ 46 റൺസെടുത്ത ശിവം ദുബെയാണ് രാജസ്ഥാൻ ഇന്നിംഗ്സിന് നട്ടെല്ലായത്. രാഹുൽ ടിവാട്ടിയ 40(23), റിഹാൻ പരാഗ് 25(16) എന്നിവരും മികച്ച സംഭാവനകൾ നൽകി. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി നായകൻ വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. രാജസ്ഥാൻ ബൗളർമാർക്ക് ഒരു സാധ്യതയും നൽകാതെ ഇരുവരും മുന്നേറി. സെഞ്ച്വറിയുമായി തകർത്തുകളിച്ച ദേവദത്ത് പടിക്കലിന് മികച്ച പിന്തുണയാണ് കോഹ്ലി നൽകിയത്. 52 പന്തിൽ 11 ഫോറും 6 സിക്സുമടക്കം 101 റൺസാണ് ദേവദത്ത് പടിക്കൽ അടിച്ചെടുത്തത്. കോഹ്ലി 47 പന്തിൽ 72 റൺസെടുത്തു. നാലാം മത്സരത്തിനിറങ്ങിയ ബാംഗ്ലൂരിൻ്റെ നാലാം ജയമാണിത്. ജയത്തോടെ പോയൻ്റ് പട്ടികയിൽ ബാംഗ്ലൂർ ഒന്നാം സ്ഥാനത്തെത്തി.

English Summary : Bangalore Days in IPL; Rajasthan won by 10 wickets

By admin