
ചെന്നൈ: നടൻ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം പാർട്ടി കോണ്‍ഗ്രസുമായി കൈകോർക്കാൻ ഒരുങ്ങുന്നു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയ്ക്കും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കുമെതിരെ പോരാടാൻ കോൺഗ്രസിനൊപ്പം അണിനിരക്കാനാണ് നീക്കം. വോട്ടുകൊള്ള ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമൊപ്പം നിൽക്കുമെന്നും പോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും നേരത്തെ വിജയ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ടിവികെ നേതാവ് കൂടിയായ വിജയ് പങ്കെടുക്കും.
ഓഗസ്റ്റ് 17-ന് ആരംഭിച്ച വോട്ടര്‍ അധികാര്‍ യാത്രയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ, കലാ, സാംസ്‌കാരിക മേഖലകളിലുള്ളവരെയും പങ്കെടുപ്പിച്ച് വിപുലീകരിക്കാനാണ് ശ്രമം.
വിജയ് പങ്കെടുക്കുന്നത് തമിഴ്നാട് കോൺഗ്രസിനും ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്. സ്റ്റാലിന്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്തിരുന്നു. മോദി സർക്കാർ നടത്തുന്ന അഴിമതി ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് പിന്തുണ പകരുന്നതായിരുന്നു സ്റ്റാലിന്റെ എൻട്രി. മധുരയിൽ നടന്ന പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ തമിഴഗ വെട്രി കഴകം പ്രസിഡന്റു കൂടിയായ വിജയ് ഡി.എം.കെ, എ.െഎ.ഡി.എം.കെ , ബി.ജെ.പി എന്നീ രാഷ്ട്രീയ കക്ഷികൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. 2026 ൽ ടിവികെ ഒരു സഖ്യം രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികളുമായി അധികാരം പങ്കിടുമെന്നും വേദിയിൽ വിജയി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റ് നോക്കുന്നത്. അതേസമയം വിജയ് നടത്തിയ പ്രസംഗത്തിന് പിന്നാലെ ഡി.എം.കെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. സിനിമ ഡയലോഗ് പറഞ്ഞാൽ തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നായിരുന്നു ഡി.എം.കെ നേതാക്കളുടെ പരിഹാസം. ആരാധകരോട് വിജയിയുടെ അംഗരക്ഷകർ നടത്തിയ ആക്രമണങ്ങളും ആയുധമാക്കി ഡി.എം.കെ മാറ്റി.
Actor Vijay to participate in Rahul Gandhi’s voter empowerment campaign
