
യൂട്യൂബർമാരിൽ നിന്നുള്ള നിരന്തരമായ സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടി മലയാള സീരിയൽ താരം രേഖ രതീഷ്. തനിക്കെതിരെ മോശം തലക്കെട്ടുകൾ നൽകി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഒരു കൂട്ടം യൂട്യൂബർമാർ കാരണം താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ഇവർ മാത്രമായിരിക്കുമെന്നും നടി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തി.
കഴിഞ്ഞ ഒമ്പത് മാസമായി താൻ ജോലിയില്ലാതെ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൻ മാത്രമാണ് കൂടെയുള്ളതെന്നും രേഖ പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചില യൂട്യൂബ് ചാനലുകൾ തന്നെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുകയാണ്. ഇത് തന്റെ ഉപജീവനത്തെയും ബാധിക്കുന്നുണ്ടെന്നും, ജീവിക്കാൻ അനുവദിക്കാത്ത വിധം സമ്മർദ്ദത്തിലാക്കുകയാണെന്നും നടി പറഞ്ഞു.
“ഇത്തരം ആക്രമണങ്ങൾ കാരണം കേരളത്തിൽ പലർക്കും ജീവൻ നഷ്ടപ്പെടുന്നുണ്ട്. മകന് വേണ്ടി കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ. എന്നാൽ യൂട്യൂബർമാരുടെ ഈ പ്രവർത്തികൾ കാരണം മുന്നോട്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി ദയവായി ഇതിൽ ഇടപെടണം. എനിക്ക് വേണ്ടി മാത്രമല്ല, ഇനിയാരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാതിരിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം,” രേഖ വീഡിയോയിൽ അഭ്യർത്ഥിച്ചു.
അടുത്തിടെ രേഖ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ‘എ ന്യൂ ചാപ്റ്റർ’ എന്ന വീഡിയോയ്ക്ക് താഴെ വ്യാപകമായി മോശം കമന്റുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം തന്റെ അവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്. സുഹൃത്തും നടനുമായ ഈശ്വറുമായുള്ള വീഡിയോ കോൾ ദൃശ്യങ്ങൾ പങ്കുവെച്ചപ്പോൾ, രേഖ അഞ്ചാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന തരത്തിൽ ചിലർ വ്യാജപ്രചരണങ്ങൾ നടത്തിയിരുന്നു.
Rekha retheesh new chapter
