പത്തനംതിട്ട: കാമുകിയെ ഇംപ്രസ് ചെയ്യനായായി അപകമുണ്ടാക്കി രക്ഷകനായി എത്തിയ കാമുകൻ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ശേഷം രക്ഷകനായി പ്രത്യക്ഷപ്പെടുകയെന്ന തലതിരഞ്ഞ പദ്ധതി നടപ്പാക്കി കാമുകനും സുഹൃത്തുമാണ് കുടുങ്ങിയത്. യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം കാമുകൻ രക്ഷകനായെത്തുന്ന പദ്ധതിയാണ് ഇരുവരും ചേർന്ന് നടപ്പാക്കിയത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി രഞ്ജിത്ത് രാജൻ സുഹൃത്ത് അജാസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സിനിമാക്കഥകളെ പോലും വെല്ലുന്നതായിരുന്നു ഇവരുടെ പദ്ധതി.
സ്കൂട്ടറിൽ സഞ്ചരിക്കവേ പിറകിലൂടെ കാറിലെത്തിയ അജാസ് യുവതിയെ അപകടപ്പെടുത്തി. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ രഞ്ജിത്ത് രാജൻ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ സംശയം തോന്നിയ യുവതി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും ശേഖരിച്ച പൊലീസ് പ്രതികളെ ചോദ്യംചെയ്തു. ചോദ്യം ചെയ്യലിൽ രഞ്ജിത്ത് കുറ്റം സമ്മതിക്കുകയും ചെയ്തു.
യുവതിയുമായുള്ള പിണക്കം മാറ്റാനും കുടുംബവുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനുമായിരുന്നു രഞ്ജിത്തിന്റെ സാഹസം. ഇതുവഴി യുവതിയെ വിവാഹം കഴിക്കാമെന്നും ഇയാൾ പദ്ധതിയിട്ടു. ഡിസംബർ 23-നാണ് രഞ്ജിത്തും അജാസും ചേർന്ന് അപകടം ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കിയത്. വാഴമുട്ടം ഈസ്റ്റിൽവെച്ചാണ് യുവതിയുടെ സ്കൂട്ടറിൽ അജാസ് കാറിടിപ്പിച്ചത്.
അപകടത്തിന് പിന്നാലെ രക്ഷകനായി അഭിനയിച്ച് സംഭവസ്ഥലത്ത് എത്തിയ രഞ്ജിത്ത് യുവതി തന്റെ ഭാര്യയെന്നാണ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് യുവതിയെ കാറിൽ കയറ്റി രഞ്ജിത്ത് കോന്നിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യുവതിക്ക് സാരമായ പരുക്കുണ്ട്. വലതുകൈക്കുഴ തെറ്റിയിട്ടുണ്ട്. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
കൊച്ചി: ലൈംഗികാരോപണക്കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. അതേസമയം കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ പരാതിക്കാരിക്കും കക്ഷി ചേരാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് പരാതിക്കാരിയെ കേസിൽ കക്ഷി ചെരാൻ അനുവദിച്ചത്.
രാഹുലിന് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് അപകടമാണെന്ന് പരാതിക്കാരി അറിയിച്ചു. രാഹുലിന്‍റെ അനുയായികൾ ഇപ്പോൾ തന്നെ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. നേരത്തെ രാഹുലിനെതിരെ ഉളള കേസിൽ തിരുവനന്തപുരം ജില്ലാ കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ കോൺഗ്രസിൽ നിന്ന് രാഹുലിനെ പുറത്താക്കുകയും ചെയ്തിരുന്നു. ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്നുമാണ് കേസ് രാഹൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള കേസ്.
കാഠ്മണ്ഡു: കലാപം ഒഴിഞ്ഞ ഇന്ത്യയുടെ അയൽ സംസ്ഥാനമായ നേപ്പാളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളെ രാജ്യം ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. പാകിസ്ഥാനും, ബംഗ്ലാദേശും, നേപ്പാളും, മ്യാന്മാറുമെല്ലാം അരക്ഷിതാവസ്ഥയിലേക്ക് നീളുമ്പോൾ ഇന്ത്യൻ അതിർത്തികളിൽ സുരക്ഷാ സേന കാവൽ ശക്തമാക്കുകയും ചെയ്തു. ബിഹാറിന്റെ അതിർത്തിയോട് ചേർന്നിരിക്കുന്ന നേപ്പാളിലെ ബിർഗഞ്ച് നഗരത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഘർഷം വീണ്ടും ഇന്ത്യ ഗൗരവകരമായി തന്നെ ഉറ്റ് നോക്കുകയാണ്. ഒരു ടിക് ടോക്ക് വീഡിയോയുടെ പേരിൽ പുറപ്പെട്ട ലഹള കലാപത്തിലേക്ക് വഴി തുറക്കുമെന്ന ആശങ്കയാണ് നേപ്പാൾ ഭരണകൂടം ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിൽ ന്യുനപ വേട്ട അരങ്ങേറുമ്പോൾ തന്നെ സമാനമായ രീതിയിൽ നേപ്പാളിൽ ടിക് ടോക്ക് വീഡിയോയുടെ പേരിൽ ന്യുനപക്ഷമായ മുസ്ലീം സമുദായത്തിന് നേരെ ആൾക്കൂട്ട വേട്ടയെന്നാണ് സൂചനകൾ.
ഹിന്ദു മതവിഭാഗത്തെ ലക്ഷ്യമിട്ട പരാമർശങ്ങൾ ഉൾപ്പെട്ട ഒരു ടിക്‌ടോക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ധനുഷ ജില്ലയിലെ കമല മുനിസിപ്പാലിറ്റിയിൽ നിന്നുള്ള രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഞായറാഴ്ച ബിർഗഞ്ചിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ധനുഷ ജില്ലയിലെ ജനക്പൂരിൽ, ഹൈദർ അൻസാരി, അമാനത് അൻസാരി എന്നീ രണ്ട് യുവാക്കൾ ടിക്‌ടോക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോ മതവികാരങ്ങളെ വ്രണപ്പെടുത്തിയതായി നാട്ടുകാർ ആരോപിച്ചു.
ഇതേ തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതുകൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിച്ചില്ല. കമല മുനിസിപ്പാലിറ്റിയിലെ വാർഡ് 6-ൽപള്ളി (മസ്ജിദ്) തീവ്ര ഹിന്ദു അക്രമകാരികളുടെ നേതൃത്വത്തിൽ നശിപ്പിക്കപ്പെട്ടതോടെ സംഘർഷം വീണ്ടും രൂക്ഷമായി. മസ്ജിദ് നശിപ്പിച്ചതിനെതിരെ മുസ്ലീം സംഘടനകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും, ബിർഗഞ്ചിലും പരിസര പ്രദേശങ്ങളിലും ടയറുകൾ കത്തിച്ച് മുദ്രാവാക്യങ്ങൾ വിളിച്ച് റാലികൾ നടത്തുകയും ചെയ്തു. ധനുഷ പാർസ എന്നീ ജില്ലകളിൽ ആരംഭിച്ച കലാപം പിന്നീട് ടിക്‌ടോക്ക് വഴിയും വ്യാപിച്ചു. മതപരവും സാമുദായികവുമായ വികാരങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് ഇരുവിഭാഗങ്ങളും പ്രതിഷേധങ്ങൾ നടത്തുന്നത്.
ഇതോടെ ജില്ലാ ഭരണകൂടം കർഫ്യൂ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. മതപരമായ സംഘർഷങ്ങൾ കണക്കിലെടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലയിലെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്നി ചെയ്യുന്നത്.
പാർസ ജില്ലയിലെ ജില്ലാ ഭരണ ഓഫീസ് തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ ചൊവ്വാഴ്ച രാവിലെ 8 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുകയും ഭീഷണിസാഹചര്യം തുടരുമെന്നതിനാൽ കർഫ്യൂ ഉച്ചയ്ക്ക് 1 മണി വരെ നീട്ടുകയായിരുന്നു. നിരോധനാജ്ഞ അവസാനിക്കാനിരിക്കെ, DAO വീണ്ടും കർഫ്യൂ ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ നീട്ടി. പാർസ ജില്ലയിലെ ബിർഗഞ്ച് മെട്രോപൊളിറ്റൻ സിറ്റിയിലെ നാല് മേഖലകളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്: കർഫ്യൂ പരിധിക്കുള്ളിൽ ആളുകൾ സഞ്ചരിക്കുന്നതും, ഏതുതരം കൂട്ടായ്മകളും, പ്രദക്ഷിണങ്ങളും, പ്രകടനങ്ങളും, യോഗങ്ങളും, ഉപരോധങ്ങളും നടത്തുന്നതും കർശനമായി നിരോധിക്കുന്നതായി ഉത്തരവിൽ പറയുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസ് ആയുമാണ് 100 കോടി രൂപ ചെലവിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഡീൽ നിവിൻ പോളി ഒപ്പ് വെച്ചത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമ്മിക്കുക.
ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയ വമ്പൻ ചിത്രങ്ങളും അവാർഡുകൾ സ്വന്തമാക്കിയ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളും ഒരുപോലെ നിർമ്മിച്ചു കൊണ്ട്, ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രതിഭകൾക്കൊപ്പം നിലകൊള്ളുന്ന സിനിമാ നിർമ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അരങ്ങേറ്റ ചിത്രമായ ഓങ്കാര മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ പ്യാർ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, ഷൈതാൻ, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ദൃശ്യം 3 എന്നിവയിലൂടെ 50 ലധികം അഭിമാനകരമായ അവാർഡുകൾ ആണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുള്ളത്.
മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളിൽ ഒരാളും നിർമ്മാതാവുമായ നിവിൻ പോളി, വൈവിധ്യത്തിനും ശക്തമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിനും പേര് കേട്ട പ്രതിഭയാണ്. രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, മൂന്ന് ഫിലിംഫെയർ അവാർഡുകൾ സൌത്ത്, രണ്ട് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകൾ, ആറ് സൈമ അവാർഡുകൾ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ശക്തമായ കഥപറച്ചിൽ, മികച്ച പ്രതിഭകളോടൊപ്പമുള്ള സഹകരണം, വാണിജ്യപരമായി ലാഭകരമായ ഉള്ളടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പനോരമ സ്റ്റുഡിയോ മലയാള സിനിമയിൽ നടത്താൻ പോകുന്ന തങ്ങളുടെ വിപുലീകരണത്തെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ മൾട്ടി-ഫിലിം ഡീൽ, വ്യത്യസ്ത വിഭാഗങ്ങളിലുള്ള ചിത്രങ്ങൾ ഒരുക്കുകയും, ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങളെ മുഖ്യധാര സിനിമയുമായി സംയോജിപ്പിക്കുകയും ചെയ്യും.
കഥപറച്ചിലിനും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾക്കും മലയാള സിനിമ കൃത്യമായ ഒരു നിലവാരം സ്ഥാപിച്ചിട്ടുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. വിശ്വാസ്യത, കഴിവ്, ജനപ്രിയത എന്നിവയെ പ്രതിനിധീകരിക്കുന്ന നിവിൻ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോയുടെ സ്വാഭാവിക പുരോഗതിയാണ് എന്നും അദ്ദേഹം പറഞ്ഞു. മികച്ച സിനിമയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യയിൽ ദീർഘകാല സൃഷ്ടിപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള തങ്ങളുടെ മാർഗമാണ് ഈ സഹകരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണ് എന്ന് തന്റെ ആവേശം പങ്കുവെച്ചു കൊണ്ട് നടനും നിർമ്മാതാവുമായ നിവിൻ പോളി പറഞ്ഞു. അവരുടെ കാഴ്ചപ്പാടും വ്യാപ്തിയും ഗുണനിലവാരമുള്ള സിനിമയോടുള്ള പ്രതിബദ്ധതയും, താൻ ഭാഗമാകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥകളുമായി തികച്ചും യോജിക്കുന്നു എന്നും നിവിൻ വിശദീകരിച്ചു. ഒരുമിച്ച്, വിനോദകരവും സ്വാധീനം ചെലുത്തുന്നതുമായ സിനിമകൾ സൃഷ്ടിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നു എന്നും നിവിൻ കൂട്ടിച്ചേർക്കുന്നു.
ഈ സഹകരണത്തിലൂടെ, പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ശക്തമായ സർഗ്ഗാത്മക കാഴ്ചപ്പാടും, താരശക്തിയും ഗണ്യമായ നിക്ഷേപവും സംയോജിപ്പിച്ച് മലയാള സിനിമയുടെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തുന്നു. വരാനിരിക്കുന്ന ഒരുപിടി ചിത്രങ്ങളിലൂടെ, ആകർഷകമായ കഥകൾ, വലിയ പ്രതിഭകൾ, കേരളത്തിന് അകത്തും പുറത്തും പ്രതിധ്വനിക്കുന്ന സിനിമ എന്നിവ ഈ കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് ദേശീയ, ആഗോള വേദിയിൽ മലയാള സിനിമയുടെ വർദ്ധിച്ചു വരുന്ന സ്വാധീനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
ദുബായ്: മലയാളികളുടെ പ്രിയതാരവും പ്രശസ്ത റേഡിയോ ജോക്കിയുമായ നൈല ഉഷയുടെ അമ്മ ഉഷയുടെ എഴുപതാം പിറന്നാൾ ആഘോഷം ദുബായിൽ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും നൈല തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്.
സർപ്രൈസ് ആഘോഷം ലാവൻഡർ നിറത്തിലുള്ള മനോഹരമായ സാരി ധരിച്ചെത്തിയ അമ്മയെ മകളും സുഹൃത്തുക്കളും ചേർന്ന് വലിയൊരു സർപ്രൈസ് പാർട്ടിയോടെയാണ് വരവേറ്റത്. കേക്ക് മുറിക്കുന്നതിനിടയിലെ രസകരമായ നിമിഷങ്ങളും വൈറലായിട്ടുണ്ട്. തന്റെ കരിയറിലെയും വ്യക്തിജീവിതത്തിലെയും എല്ലാ വിജയങ്ങൾക്കും പിന്നിൽ അമ്മയുടെ വലിയ പിന്തുണയുണ്ടെന്ന് നൈല മുൻപ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
സൗന്ദര്യത്തിന്റെ രഹസ്യം തേടി ആരാധകർ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ പ്രധാന ചർച്ച അമ്മയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. “അമ്മയെ കണ്ടാൽ എഴുപത് വയസ്സ് തോന്നിക്കില്ലല്ലോ”, “അമ്മ മകളേക്കാൾ സുന്ദരിയാണല്ലോ” എന്നിങ്ങനെയുള്ള കമന്റുകളാൽ നിറയുകയാണ് പോസ്റ്റുകൾ. നൈലയുടെ സഹോദരങ്ങളും അടുത്ത സുഹൃത്തായ മിഥുൻ രമേഷും കുടുംബവും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിരിച്ചുവരവ് അച്ഛന്റെ മരണശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയ അമ്മയെയും കുടുംബത്തെയും വീണ്ടും ദുബായിലേക്ക് എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും താരം മുൻപ് പങ്കുവെച്ചിരുന്നു. ദുബായിലെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ഈ ആഘോഷം നൈലയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായി മാറി.
കൊച്ചി: കളമശ്ശേരി നിയമസഭ സീറ്റ് ഇത്തവണ എൽ.ഡി.എഫിൽ നിന്ന് തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് യു.ഡി.എഫ്. പി രാജീവിനെതിരെ ശക്തനെ നിർത്തണമെന്ന ആവശ്യം യു.ഡി.എഫിൽ ഉയർന്നതോടെ മുസ്ലീം ലീഗിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാർത്ഥി മത്സരിച്ചെങ്കിലും പരാജയം നുണഞ്ഞ സ്ഥലത്ത് ഇത്തവണ പരീക്ഷണം നടത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. ഇത് മുന്നണിയെ അവതരിപ്പിച്ച് മുന്നോട്ട് പോകാൻ ഒരുങ്ങുന്നുമുണ്ട്. ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തന്നെയാണ് കോൺഗ്രസിന്റെ പ്രാഥമിക പരിഗണനയെന്ന് സൂചനയെത്തുന്നത്. ഷിയാസിനെ കൂടാതെ കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിഫും പരിഗണനയിലുണ്ട്.
കളമശ്ശേരി മണ്ഡലത്തിൽ ഇതുവരെ മത്സരിച്ചത് ലീഗ് സ്ഥാനാർത്ഥിയായതിനാൽ തന്നെയാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ മാത്രമാണ് സ്ഥാനാർത്ഥിക്ക് വിജയസാധ്യത ഉറപ്പാക്കാൻ കഴിയു എന്നതാണ് വിലയിരുത്തൽ എത്തിയിരിക്കുന്നത്. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം വോട്ട് ബാങ്കുകളുള്ള മണ്ഡലത്തിൽ കോൺഗ്രസിന്റെ ജനകീയനായ സ്ഥാനാർത്ഥിയെ മത്സരരംഗത്തേക്ക് എത്തിച്ചാൽ വിജയസാധ്യതയേറുമെന്നാണ് വിലയിരുത്തൽ.
മുസ്ലീം ലീഗിനെ പിണക്കാതെ കളമശ്ശേരി ഏറ്റെടുത്ത് കൊച്ചി സീറ്റ് ലീഗിന് നൽകാനുള്ള നീക്കവും അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. വെച്ചുമാറൽ ധാരണ ലീഗ് അംഗീകരിക്കുമെങ്കിൽ സി.സി.സി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസോ മുത്തലിബോ സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസിൽ ധാരണയായി കഴിഞ്ഞു. കോൺഗ്രസിന്റെ സമരമുഖങ്ങളിലെ മുന്നണി പോരാളിയും പ്രാസംഗികനുമായ മുഹമ്മദ് ഷിയാസ് തന്നെയാണ് ഭൂരിപക്ഷത്തിന്റേയും താത്പര്യമെങ്കിലും അന്തിമ സ്ഥാനാർത്ഥി നിർണയം വീണ്ടും ചർച്ചയായി വരും. അതേ സമയം കോൺഗ്രസ് നീക്കങ്ങളെ ചെറുക്കാനും ഇടത് സർക്കാരിന്റെ മുന്നാം ഭരണ തുടർച്ചയുണ്ടാകാനും സർപ്രൈസ് സ്ഥാനാർത്ഥികളെ നിരത്തിയാണ് ഇടത് ക്യാമ്പ് നീക്കം.
കൊച്ചി: നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ഹൊറർ ഫാന്റസി ചിത്രം ‘സർവ്വം മായ’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി രൂപയുടെ കളക്ഷൻ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം എന്ന സവിശേഷതയും ‘സർവ്വം മായ’യ്ക്കുണ്ട്.
തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം ഇനി എന്ന് ഒടിടിയിൽ എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാർ (JioHotstar) സ്വന്തമാക്കിയതായാണ് വിവരം.
ഒടിടി റിലീസ് എന്ന്? ഫെബ്രുവരി ആദ്യവാരത്തോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് സൂചന. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. തിയേറ്ററുകളിൽ വലിയ ജനപ്രീതി നേടിയ ചിത്രം ഒടിടിയിലേക്കും എത്തുന്നത് പ്രവാസികൾക്കും സിനിമ തിയേറ്ററിൽ കാണാൻ സാധിക്കാത്തവർക്കും വലിയ ആശ്വാസമാകും.
വിജയഗാഥ തുടർന്ന് നിവിൻ പോളി കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം നിവിൻ പോളി നടത്തിയ ഗംഭീര തിരിച്ചുവരവായിട്ടാണ് ‘സർവ്വം മായ’യെ ആരാധകർ കാണുന്നത്. ഹൊറർ-ഫാന്റസി വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിൽ പ്രീതി മുകുന്ദൻ ആണ് നായികയായി എത്തിയത്. പ്രിയ പ്രകാശ് വാര്യർ, റിയ ഷിബു എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ ആകർഷിച്ചു.
തമാശയും പേടിപ്പെടുത്തുന്ന നിമിഷങ്ങളും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയുള്ള അവതരണമാണ് ചിത്രത്തെ 100 കോടി ക്ലബ്ബിലേക്ക് എത്തിച്ചത്. ഹൊറർ-ഫാന്റസി വിഭാഗത്തിൽ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ‘സർവ്വം മായ’ മാറിയിരിക്കുകയാണ്.
ഡൽഹി: മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്ന് സിവി ആനന്ദബോസ് പറഞ്ഞു. ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം എന്ന് ചോദിച്ച ആനന്ദബോസ് എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.
ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണിച്ചതെന്നാണ് ആനന്ദബോസ് പറയുന്നത്. താനൊരു കരയോഗം നായരെന്നും സിവി ആനന്ദബോസ് പറയുന്നു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിൽ മന്നത്തിൻ്റെ സ്‌മാരകം നിർമിക്കാനായി ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും ബംഗാൾ ഗവർണർ സിവി ആനന്ദബോസ് പറഞ്ഞു.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു. 52 വയസായിരുന്നു. യാത്ര കഴിഞ്ഞ് തിരുവനന്തപുരം ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽകോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഹരി തിരുവനന്തപുരത്തെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
വാഹനപ്രേമികളുടെ ഇഷ്ടമോഡലായ ടാറ്റ മോട്ടോഴ്‌സിന്റെ മൈക്രോ-എസ്‌യുവി മോഡലായ ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് ജനുവരി 13 ന് പുറത്തിറങ്ങും. പോളിഗണൽ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ഫാസിയ, പിയാനോ ബ്ലാക്ക് ഘടകങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ഡിആർഎല്ലുകൾ, പ്രീമിയം മോഡലുകളോട് കിടപിടിക്കുന്ന ഫ്രണ്ട് ബമ്പർ പുനർരൂപകൽപ്പന. എല്ലാം കൂടിയായപ്പോൾ ടാറ്റയുടെ തന്നെ സഫാരി, ഹാരിയർ തുടങ്ങിയ എസ്‍യുവികളെ അനുസ്മരിപ്പിക്കുന്ന എന്നാൽ പുതു പുത്തനായ ഡിസൈൻ സ്വന്തമാക്കിയിരിക്കുകയാണ് പഞ്ച്.
ഡിസൈനിൽ മാത്രമല്ല, ക്യാബിനിലും നിറയെ മാറ്റങ്ങളാണ് ടാറ്റ പഞ്ചിൽ വന്നിട്ടുള്ളത്. എന്നാൽ പൂർണ്ണ ക്യാബിൻ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പിൻഭാഗത്ത് ടെയിൽലൈറ്റുകൾക്ക് പുത്തൻ ഡിസൈനാണ് ലഭിച്ചിരിക്കുന്നത്. മധ്യഭാഗത്തുകൂടി ഫുൾ-വിഡ്ത്ത് ലൈറ്റ് സ്ട്രിപ്പ് കടന്നുപോകുന്നുണ്ട്. യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ പുതിയ പഞ്ച് നീല കളർ ഓപ്ഷനിലും ഇനി ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാകും പഞ്ച് – പുതിയ പതിപ്പ് പുറത്തിറങ്ങുക.
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിലുണ്ടായ തീപിടിത്തം പ്രത്യേകസംഘം അന്വേഷിക്കും. ഗുരുതര വീഴ്ചയെന്ന നിഗമനത്തിലാണ് പൊലീസ്. റെയിൽവേ ലൈനിൽ നിന്നും തീപ്പൊരി വീണ് തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ അറുന്നൂറിലധികം ബൈക്കുകളാണ് കത്തിനശിച്ചത്.
തീപിടിത്തം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു. തീപിടിത്തമുണ്ടായ സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം. മറ്റു ദുരൂഹതകൾ ഈ ഘട്ടത്തിൽ സംശയിക്കുന്നില്ലെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. അതേസമയം പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടിയെന്ന് സ്ഥലത്ത് എത്തിയ മന്ത്രി കെ രാജൻ പറഞ്ഞു.
സംഭവത്തിൽ റെയിൽവേ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തിൽ നിന്ന് മറ്റു വാഹനങ്ങളിലേക്ക് തീ പിടിച്ചതാകാമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടമുണ്ടായപ്പോൾ തന്നെ ആളപായ ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്നും റെയിൽവേയുടെ വിശദീകരണം.
ന്യൂഡൽഹി: വിമാനയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പവർ ബാങ്കുകളുടെ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ (Directorate General of Civil Aviation). വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതും അവ ചാർജ് ചെയ്യുന്നതും തടഞ്ഞുകൊണ്ടുള്ള പുതിയ മാർഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
പ്രധാന നിയന്ത്രണങ്ങൾ:
ഉപയോഗത്തിന് അനുമതിയില്ല: വിമാനത്തിനകത്ത് ഇരുന്നുകൊണ്ട് പവർ ബാങ്ക് വഴി മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പാടില്ല.
ചാർജിംഗ് നിരോധനം: വിമാനത്തിലെ ഇൻ-സീറ്റ് ചാർജിംഗ് പോയിന്റുകൾ ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതും ഡിജിസിഎ വിലക്കി.
ഹാൻഡ് ലഗേജ് മാത്രം: പവർ ബാങ്കുകൾ ഒരിക്കലും ‘ചെക്ക്-ഇൻ’ ബാഗുകളിൽ വെക്കാൻ പാടില്ല. ഇവ ഹാൻഡ് ലഗേജിൽ മാത്രമേ കരുതാൻ പാടുള്ളൂ.
സൂക്ഷിക്കേണ്ട രീതി: പവർ ബാങ്കുകൾ സീറ്റിന് മുകളിലെ ഓവർഹെഡ് ബിന്നുകളിൽ വെക്കുന്നതിന് പകരം യാത്രക്കാരുടെ കൈവശമോ സീറ്റിന് താഴെയുള്ള ബാഗിലോ സൂക്ഷിക്കണം.
എന്തുകൊണ്ട് ഈ തീരുമാനം?
ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുകൾ അമിതമായി ചൂടാകാനും (Thermal Runaway) അതുവഴി തീപിടുത്തമുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ഓവർഹെഡ് ബിന്നുകളിൽ വെക്കുന്ന ബാഗുകളിൽ തീപിടുത്തമുണ്ടായാൽ അത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല എന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. പവർ ബാങ്കുകളിൽ നിന്ന് പുകയോ തീയോ വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിമാന ജീവനക്കാരെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
സുരക്ഷാ പരിശോധന കർശനമാക്കാൻ വിമാനക്കമ്പനികൾക്കും വിമാനത്താവള അധികൃതർക്കും ഡിജിസിഎ നിർദ്ദേശം നൽകി കഴിഞ്ഞു.