Home Blog Page 44

“രേണു സുധി അറസ്റ്റിലേക്ക്?” പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി താരം!

0

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സോഷ്യൽ മീഡിയയിൽ വീണ്ടും സൈബർ ആക്രമണം ശക്തമാകുന്നു. പുതിയ മ്യൂസിക് ആൽബത്തിലെ ഗ്ലാമർ രംഗങ്ങളെച്ചൊല്ലിയാണ് താരത്തിനെതിരെ ഇപ്പോൾ വിമർശനം ഉയരുന്നത്.

യൂട്യൂബ് ചാനലുകളിൽ തന്നെക്കുറിച്ച് പ്രചരിക്കുന്ന അധിക്ഷേപകരമായ വീഡിയോകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് രേണു ഇതിന് മറുപടി നൽകിയത്. “രേണു സുധിയുടെ ദുബായിലെ ബിസിനസ് തെളിവ് സഹിതം പൊക്കി”, “ആൽബത്തിന്റെ മറവിൽ എ-പടം പിടിച്ചു, രേണു അറസ്റ്റിലേക്ക്” എന്നിങ്ങനെയുള്ള കടുത്ത തലക്കെട്ടുകളോടെയാണ് ചില ചാനലുകൾ വാർത്ത നൽകുന്നത്.

ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്. വിമർശകർക്ക് തന്റെ പേര് ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂ എന്ന് രേണു പരിഹസിച്ചു. അഭിനയം തന്റെ തൊഴിലാണെന്നും ആൽബത്തിലെ രംഗങ്ങൾ കഥയുടെ ഭാഗമാണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊല്ലം സുധിയുടെ മരണശേഷം മോഡലിംഗ്, ആൽബം രംഗങ്ങളിൽ സജീവമായ രേണുവിനെതിരെ നിരന്തരമായി സൈബർ ബുള്ളിയിംഗ് നടക്കാറുണ്ട്. എന്നാൽ തന്റെ മക്കളുടെ ഭാവിക്കായി അധ്വാനിക്കുകയാണെന്നും ഇത്തരം നെഗറ്റീവ് കമന്റുകൾ തന്നെ തളർത്തില്ലെന്നുമാണ് രേണുവിന്റെ നിലപാട്.

Renu sudhi new issue video

വീണ്ടും ഒന്നിച്ച് ‘അമ്മയും മകനും’! ശാന്തി കൃഷ്ണയും നിവിൻ പോളിയും വീണ്ടും ഒന്നിച്ചപ്പോൾ

0

മലയാളികളുടെ പ്രിയ താരം ശാന്തി കൃഷ്ണയും ജനപ്രിയ നായകൻ നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു! ഒരു പരസ്യ ചിത്രീകരണത്തിനായാണ് വർഷങ്ങൾക്ക് ശേഷം ഈ ഹിറ്റ് കോമ്പോ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.

“എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളും, ഒരു മകനെപ്പോലെ ഞാൻ സ്നേഹിക്കുകയും ചെയ്യുന്ന ഒരേയൊരു നിവിൻ പോളി…” എന്നാണ് നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശാന്തി കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അന്ന് നിവിൻ ആരാണെന്ന് പോലും അറിയില്ലായിരുന്നു! വർഷങ്ങൾക്ക് മുൻപ് ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോൾ നിവിൻ പോളി ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ശാന്തി കൃഷ്ണ മുൻപ് പറഞ്ഞിരുന്നു. എന്നാൽ ആ ലൊക്കേഷനിൽ തുടങ്ങിയ ആത്മബന്ധം ഇന്നും ഒരു മകനോടെന്ന പോലെ താരം കാത്തുസൂക്ഷിക്കുന്നു.

ഈ പ്രിയപ്പെട്ട അമ്മ-മകൻ കോമ്പോയെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

Nivin Pauly and shanthi krishna combo again for a ad shoot

ലുലു ഫ്ലവർ ഫെസ്റ്റിന് ഫെബ്രുവരി 11ന് തുടക്കം

0

കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവർ ഫെസ്റ്റ് ഫെബ്രുവരി 11 മുതൽ 15 വരെ കൊച്ചി ലുലുമാളിൽ നടക്കും. ഫ്ലവർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ അർജുൻ അശോകൻ റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. ലുലു മാൾ മാനേജർ റിചേഷ് ചാലുപ്പറമ്പിൽ, ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ, സെക്യൂരിറ്റി മാനേജർ കെ.ആർ ബിജു, സീനിയർ ചീഫ് എഞ്ചിനിയർ പി പ്രസാദ് എന്നിവർ സന്നിഹിതരായി.

വീടും ഉദ്യാനങ്ങളും മനോഹരമാക്കാവുന്ന വ്യത്സ്യതതരം പൂക്കളാൽ ലുലു ഫ്ലവർ ഫെസ്റ്റ് ശ്രദ്ധേയമാകും. ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവയ്ക്കു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പ സസ്യങ്ങളും മേളയില്‍ പ്രദര്‍ശനത്തിനെത്തും. ഇൻഡോർ ഔട്ട്ഡോർ സസ്യങ്ങളാലും പൂച്ചെടികളാലും ഫെസ്റ്റ് ശ്രദ്ധേയമാകും. ഫെസ്റ്റിന്റെ ഭാഗമായി പുഷ്പങ്ങളാൽ മാൾ അലങ്കരിക്കും. കുട്ടികളുടെ വിവിധ മത്സരങ്ങൾ, ക്രിയേറ്റീവ് വർക്ക് ഷോപ്പുകൾ തുടങ്ങിയവയും അരങ്ങേറും. ഫെസ്റ്റിലേക്ക് വിവിധ നേഴ്സറികൾക്കും പങ്കാളിത്തം കൊള്ളാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക്: +91 97788 00853 നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.

Lulu flower festival

ഏറ്റുമാനൂർ ക്ഷേത്രത്തിൽ സഹസ്രകലശകുടം സമർപ്പണം നടത്തി സുരേഷ് ​ഗോപി

0

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഏറ്റുമാനൂരപ്പൻ ഭക്തജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്ന സഹസ്രകലശകുടം സമർപ്പണം ഭക്തിനിർഭരമായി. സഹസ്ര കലശ കുടങ്ങളുടെ സമർപ്പണം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ക്ഷേത്ര ബിംബത്തിന് ധാരയ്ക്കാ‌യുള്ള 40 ചെമ്പ് കുടങ്ങൾ സുരേഷ് ഗോപിയാണ്‌ സമർപ്പിച്ചത്. ഭക്തജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സമർപ്പിച്ചത് 1100 ചെമ്പ് കുടങ്ങളാണ്.

ഞായറാഴ്‌ച രാവിലെ എട്ടു മണിയോടെ ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സഹസ്രകലശ കുട സമർപ്പണം നിർവഹിച്ചത്. ഏറ്റുമാനൂരപ്പൻ ഭക്തജന കൂട്ടായ്‌മയുടെ നേത്യത്വത്തിലുള്ള 1100 ചെമ്പ് കുടങ്ങളും, സുരേഷ് ഗോപിയുടെ വകയായി ക്ഷേത്ര ബിംബത്തിന് ധാരയ്ക്കായുള്ള 40 ചെമ്പുകുടങ്ങളും ഏറ്റുമാനൂർ ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ അഭിലാഷ് എസിനാണ് കൈമാറിയത്.

sureshgopi at ettumauoor temple sahasrakalasham

മുസ്ലീങ്ങളെ വെടിവെക്കുന്നതായി ചിത്രീകരിച്ച വീഡിയോയുമായി അസം മുഖ്യമന്ത്രി; വിവാദമായതോടെ ദൃശ്യങ്ങൾ നീക്കം ചെയ്ത് ബി.ജെ.പി

0

ന്യൂഡൽഹി:മുസ്ലീം മതവിഭാ​ഗത്തിന് നേരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെടിയുതിർക്കുന്നതായി ചിത്രീകരിച്ച വീഡിയോ വിവാദത്തിൽ. ബി.ജെ.പി സമൂഹമാധ്യമ ഹാൻഡിലുകളിൽ പങ്കുവച്ച വീഡിയോയാണ് വിവാദമായിരിക്കുന്നത്. പിന്നീട് വീഡിയോ ബി.ജെ.പി പേജുകളിൽ നിന്ന് നീക്കി. എ.െഎ വീഡിയോ എന്നാണ് നേതൃത്വം പറയുന്നെതെങ്കിലും പ്രതിപക്ഷം ബി.ജെ.പിക്കെതിരെ രം​ഗത്തെത്തയിട്ടുണ്ട്. ‘പോയിൻ്റ് ബ്ലാങ്ക് ഷോട്ട്’ എന്ന് പേരിട്ടിരുന്ന ഈ വീഡിയോ ഇപ്പോൾ അസം ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. അസം മുഖ്യമന്ത്രി വെടിയുതിർക്കുന്നതും മുസ്ലിങ്ങളായ രണ്ടുപേരുടെ നേർക്ക് വെടിയുണ്ട പായുന്നതും ദൃശ്യങ്ങളിലുള്ളത്.പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയതോടെ വീഡിയോ പിന്നീട് നീക്കി.
ഭരണഘടനയുടെ നെഞ്ചിലേക്കാണ് വെടിയുതിർക്കുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്‌ഗർഹി ആരോപിച്ചു.

ഇത്തരം വീഡിയോകൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകണമെന്നും കോടതികൾ ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്‌ചയും കാണിക്കരുതെന്നും അദ്ദേഹം ഞായറാഴ്‌ച പറഞ്ഞു.ബിജെപിയുടെ ഉന്നത നേതൃത്വം പ്രചരിപ്പിക്കുന്ന “വിഷമാണ്” ഈ വീഡിയോ എന്ന് എക്‌സ് പോസ്റ്റിലൂടെ കെ.സി. വേണുഗോപാൽ വിമർശിച്ചു.

controversy video bjp

‘ശ്രെക്കിംഗ്’ (Shrekking): ഡേറ്റിംഗ് ലോകത്തെ വിചിത്രമായ പുതിയ ട്രെൻഡ്

0

ഇന്നത്തെക്കാലത്ത് ഡേറ്റിംഗ് രീതികളും ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വളരെ വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ‘ഗോസ്റ്റിംഗ്’ (Ghosting), ‘ബെഞ്ചിംഗ്’ (Benching) തുടങ്ങിയ വാക്കുകൾക്ക് ശേഷം ജെൻ-സീ (Gen Z) യുവതലമുറയ്ക്കിടയിൽ ചർച്ചയാകുന്ന പുതിയൊരു ഡേറ്റിംഗ് ട്രെൻഡാണ് ‘ശ്രെക്കിംഗ്’ (Shrekking). പ്രശസ്തമായ ‘ശ്രെക്’ (Shrek) എന്ന അനിമേഷൻ സിനിമയിൽ നിന്നാണ് ഈ പേര് വന്നതെങ്കിലും, ഇതിന് പിന്നിലെ ആശയം അല്പം വ്യത്യസ്തമാണ്.

എന്താണ് ‘ശ്രെക്കിംഗ്’?

ലളിതമായി പറഞ്ഞാൽ, തന്നെക്കാൾ സൗന്ദര്യം കുറഞ്ഞതോ അല്ലെങ്കിൽ തങ്ങളെക്കാൾ “താഴ്ന്ന നിലവാരത്തിലുള്ളത്” എന്ന് കരുതുന്നതോ ആയ ഒരാളെ പ്രണയപങ്കാളിയായി തിരഞ്ഞെടുക്കുന്ന രീതിയാണിത്. കാഴ്ചയിലോ, സാമ്പത്തികമായോ, സാമൂഹികമായോ തങ്ങളെക്കാൾ അല്പം പുറകിൽ നിൽക്കുന്ന ഒരാളെ ബോധപൂർവ്വം തിരഞ്ഞെടുക്കുന്നതിനെയാണ് ‘ശ്രെക്കിംഗ്’ എന്ന് വിളിക്കുന്നത്.

എന്തുകൊണ്ടാണ് ആളുകൾ ഇത് ചെയ്യുന്നത്?

ഈ ട്രെൻഡിന് പിന്നിലെ പ്രധാന മനശാസ്ത്രം “സുരക്ഷിതബോധം” ആണ്. തന്നെക്കാൾ സൗന്ദര്യം കുറഞ്ഞ ഒരാളെ പങ്കാളിയാക്കുമ്പോൾ, അവർ തന്നെ ഉപേക്ഷിച്ചു പോകില്ലെന്നും വഞ്ചിക്കില്ലെന്നും പലരും വിശ്വസിക്കുന്നു. തന്നെപ്പോലെ “മികച്ച” ഒരാളെ കിട്ടിയതിൽ പങ്കാളി എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നും, അതുകൊണ്ട് തന്നെ അവർ ബന്ധത്തിൽ കൂടുതൽ ആത്മാർത്ഥത കാണിക്കുമെന്നുമാണ് ‘ശ്രെക്കിംഗ്’ ചെയ്യുന്നവരുടെ കണക്കുകൂട്ടൽ. ചുരുക്കത്തിൽ, ബന്ധത്തിൽ തനിക്ക് എപ്പോഴും മേൽക്കൈ ഉണ്ടായിരിക്കണം എന്ന ആഗ്രഹമാണ് ഇതിന് പിന്നിൽ.

ഇത് ശരിക്കും ഗുണകരമാണോ?

പലപ്പോഴും ഈ തന്ത്രം പാളുന്നതായാണ് കാണുന്നത്. ഇതിനെ ‘Getting Shrekked’ എന്നാണ് സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത്. സൗന്ദര്യം കുറഞ്ഞയാൾ എന്നതുകൊണ്ട് അവർ നല്ല സ്വഭാവമുള്ളവരാകണമെന്നോ വിശ്വസ്തരായിരിക്കണമെന്നോ നിർബന്ധമില്ല. പുറംമോടി നോക്കി പങ്കാളിയെ “താഴ്ന്നയാൾ” എന്ന് വിലയിരുത്തുന്നത് തന്നെ ഒരു തെറ്റായ പ്രവണതയാണ്. അഹങ്കാരത്തിൽ നിന്നോ അരക്ഷിതാവസ്ഥയിൽ നിന്നോ ഉണ്ടാകുന്ന ഇത്തരം ബന്ധങ്ങൾ പലപ്പോഴും നിരാശയിലാണ് അവസാനിക്കാറുള്ളത്.

യഥാർത്ഥ സ്നേഹം

യഥാർത്ഥ സ്നേഹം എന്നത് സൗന്ദര്യത്തിന്റെയോ പണത്തിന്റെയോ അളവുകോലുകൾ വെച്ച് അളക്കേണ്ട ഒന്നല്ല. ഒരാളുടെ വ്യക്തിത്വത്തിനും സ്വഭാവത്തിനും പ്രാധാന്യം നൽകുക എന്നതാണ് പ്രധാനം. പങ്കാളിയെ തന്നേക്കാൾ താഴെയുള്ള ഒരാളായി കണ്ട്, അവരുടെ മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമായ ഒരു ബന്ധത്തിന് ചേർന്നതല്ല. പരസ്പര ബഹുമാനവും സ്നേഹവുമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ എന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ ട്രെൻഡിന്റെ പരാജയങ്ങൾ.

അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവം; ഹർജി തള്ളി ഹൈക്കോടതി ; ആചാര ലംഘനമല്ലെന്നും കോടതി

0

പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവത്തില്‍ ഹർജി തള്ളി ഹൈക്കോടതി. സംഭവം ആചാര ലംഘനമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി തള്ളിയത്. ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമാണ് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ അതിഥിയായാണ് സഖറിയാസ് മാര്‍ അപ്രേം എത്തിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു.

2023 സെപ്റ്റംബര്‍ 7-നായിരുന്നു ശോഭായാത്ര ഉദ്ഘാടനം ചെയ്യാന്‍ സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും 1965ലെ നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്. ഹര്‍ജി തള്ളിയ ഹൈക്കോടതി നിര്‍ണായക നിര്‍ദേശങ്ങളും വാക്കാല്‍ പരാമര്‍ശിച്ചു.

adoor parthasarathy temple Christian priests entering not a violation of tradition

ആർ.എസ്.എസ് പരിപാടിയിൽ മുഖ്യാതിഥിയായി സൽമാൻ ഖാൻ

0

മുംബൈ: ആർ.എസ്.എസിന്റെ നൂറാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി നടൻ സൽമാൻ ഖാൻ. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുംബൈ വ്യാഖ്യാൻമാല പരിപാടിയിലാണ് നടൻ പങ്കെടുത്തത്. ‘സംഘത്തിന്റെ 100 വർഷത്തെ യാത്ര: പുതിയ ദിശകൾ’ എന്ന വിഷയത്തിലുള്ള രണ്ടുദിവസം നീണ്ട് നിൽക്കുന്ന പ്രഭാഷണ പരമ്പരയിലേക്കാണ് അതിഥിയായി സൽമാൻഖാനെ ക്ഷണിച്ചത്. ക്ഷണപ്രകാരം താരം ഇവിടേക്ക് എത്തുകയും ചെയ്തു.

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംഘടനയുടെ 100 വർഷത്തിലെ യാത്ര, സമൂഹത്തിൽ ആർ.എസ്.എസ് വഹിച്ച പങ്ക്, ഭാവിയെ രൂപപ്പെടുത്തുന്ന ആശയങ്ങളും കാഴ്ചപ്പാടുകളും സംബന്ധിച്ച് സെമിനാറുകളാണ് ഇവിടെ അരങ്ങേറിയത്.
മുംബൈയിലെ നെഹ്‌റു സെന്റർ ഓഡിറ്റോറിയത്തിലാണ് മുംബൈ വ്യാഖ്യാൻമാല നടക്കുന്നത്. ആർഎസ്എസ് ശതാബ്ദി ഔട്ട്‌റീച്ചിന്റെ ഭാഗമായി, മുതിർന്ന ആർഎസ്എസ് നേതാക്കളും ക്ഷണിക്കപ്പെട്ട പ്രഭാഷകരും പൊതുജനങ്ങളുമായി സംവദിക്കുന്ന വേദിയാകുകയാണ് ഈ പരിപാടി.

ആദ്യ സെഷനിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രസംഗിച്ചു. സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ പൊതുജന ശ്രദ്ധ ആകർഷിക്കുന്ന പരിപാടിയായി ഈ പ്രഭാഷണ പരമ്പര മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവാദം, ആലോചന, സംഘടനയുടെ ഭാവി ദർശനം എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. അതേ സമയം ആർ.എസ്.എസ് പരിപാടിയിൽ സൽമാൻ ഖാൻ പങ്കെടുത്തതതോടെ സമൂഹമാധ്യമങ്ങളിൽ താരത്തിന് വിമർശനവും ഉയർന്നു.

Salman Khan attended the RSS event

സ്പാ സെന്‍ററിലെ ജീവനക്കാരിയെ ബലാത്‌സംഗം ചെയ്ത കേസ്: ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ്

0

തിരുവല്ല: തിരുവല്ലയിലെ സ്പാ സെന്‍ററിലെ ജീവനക്കാരിയെ ബലാത്‌സംഗം ചെയ്ത കേസിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ് രംഗത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നൽകിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും തന്‍റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് ആരോപിച്ചു.

മരണ സുബിനും സംഘവും നടപ്പാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്‍റെ ക്വട്ടേഷനാണ്. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം അല്ല നടന്നതെന്നും സഞ്ജയ് പറഞ്ഞു. ഗുണ്ടാപിരിവ് വിരോധം പൊലീസിന്‍റെ കഥയാണെന്നും പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടെന്നും പൊലീസ് തന്‍റെ മൊഴി എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട്പ്ര പ്രത്യേക പരാതി നൽകുമെന്നും സഞ്ജയ് പറഞ്ഞു.

അതേസമയം, തിരുവല്ല സ്പാ ബലാത്കാര കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പൊലീസുകാരിൽ ചിലർ സ്പാ കളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്.

Spa case

ഗപ്പിയുടെ അവസ്ഥ ആശാന് വരുമോ എന്ന ആശങ്ക പങ്ക് വെച്ച് ഇന്ദ്രൻസ്; ജോൺ പോൾ ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ

0

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുമ്പോൾ, പ്രേക്ഷകരോട് അപേക്ഷയുമായി ചിത്രത്തിലെ നായകനായ ഇന്ദ്രൻസ്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും, താൻ ആദ്യമായാണ് ഇത്രയും പ്രമോഷനോട് കൂടി ഒരു ചിത്രത്തിൽ നായകനായി എത്തിയതെന്നും ഇന്ദ്രൻസ് പറയുന്നു. തന്റെ പ്രകടനത്തിനും ചിത്രത്തിനും മികച്ച പ്രതികരണം ലഭിക്കുമ്പോഴും, ചിത്രത്തിന് പ്രതീക്ഷിച്ച അത്രയും ആളുകൾ തീയേറ്ററുകളിൽ എത്തുന്നില്ല എന്ന് കേൾക്കുമ്പോൾ സങ്കടം ആണെന്നും , അത് കൊണ്ട് എല്ലാവരും ചിത്രം വന്നു കണ്ട് അഭിപ്രായം അറിയിക്കണമെന്നും ഇന്ദ്രൻസ് ഫേസ്ബുക് ലൈവ് വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. ജോൺ പോൾ ജോർജ് ഒരുക്കിയ ആദ്യ ചിത്രമായ ഗപ്പിക്ക് ഉണ്ടായ അവസ്ഥ ആശാന് സംഭവിക്കരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.

വേഫറെർ ഫിലിംസും ഗപ്പി സിനിമാസും ചേർന്ന് വലിയ പ്രചാരണം ആണ് ചിത്രത്തിന് നൽകുന്നത് എന്നും, അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത് കൊണ്ടാണ് തനിക്ക് ഈ പ്രചാരണ പരിപാടികളുടെ ഭാഗം ആവാൻ സാധിക്കാത്തത് എന്നും ഇന്ദ്രൻസ് പറഞ്ഞു. മാത്രമല്ല, ഈ ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ടെന്നും, ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമാണ് ഈ ചിത്രമെന്നും ഇന്ദ്രൻസ് വിശദീകരിച്ചു. ചിത്രത്തിൽ വലിയ താരനിര ഇല്ലാത്തത് കൊണ്ട് തന്നെ, പ്രേക്ഷകരുടെ പിന്തുണയും സ്നേഹവും ചിത്രത്തിന് വലിയ രീതിയിൽ വേണമെന്നും ഇന്ദ്രൻസ് പറഞ്ഞു.

ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് ചിരിക്കാൻ വക നൽകുന്ന ചിത്രം, അതോടൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന ഈ ഗംഭീര ഫീൽ ഗുഡ് കോമഡി ഡ്രാമയിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം, പ്രേക്ഷകർക്ക് ഗംഭീര തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മെഗാസ്റ്റാർ മമ്മൂട്ടിയും ഭാഗമായിട്ടുണ്ട്. ടൈറ്റിൽ വേഷം ചെയ്ത ഇന്ദ്രൻസിന്റെ അതുല്യമായ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിൽ, ജോമോൻ ജ്യോതിറും തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് നൽകിയത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ, 100 ൽ പരം പുതുമുഖങ്ങളും വേഷമിട്ടു. ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും അബിൻ ബിനോ, മദൻ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.

ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തിയ ചിത്രം കൂടിയാണ്. മനസ്സിൽ തൊടുന്ന മികച്ച പ്രകടനങ്ങൾ കൊണ്ടും, ഇതുവരെ കാണാത്ത കഥ കൊണ്ടും, വ്യത്യസ്തമായ കഥ പറച്ചിൽ ശൈലി കൊണ്ടും പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്ന മനോഹരമായ ഒരു ചലച്ചിത്ര അനുഭവമാണ് ‘ആശാൻ’ സമ്മാനിക്കുന്നതെന്നാണ് ഇതിനോടകം ചിത്രം കണ്ട ഓരോ പ്രേക്ഷകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവർസീസ് പാർട്ണർ – ഫാർസ് ഫിലിംസ്

ചേരിയിലെ ചുവരുകളിൽ അക്ഷരവിപ്ലവം; ഇന്ത്യക്കാരി റൂബിൾ നാഗിക്ക് ‘അധ്യാപക നൊബേൽ’

0

ദുബായ്: മുംബൈയിലെ ചേരികളിലെയും പിന്നോക്ക ഗ്രാമങ്ങളിലെയും ഉപേക്ഷിക്കപ്പെട്ട ചുവരുകളെ വിദ്യാലയങ്ങളാക്കി മാറ്റിയ ഇന്ത്യൻ അധ്യാപികയും കലാകാരിയുമായ റൂബിൾ നാഗിക്ക് 2026-ലെ ഗ്ലോബൽ ടീച്ചർ പ്രൈസ്. ലോകത്തെ ഏറ്റവും മികച്ച അധ്യാപകർക്ക് നൽകുന്ന ഈ പുരസ്കാരം 1 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 8.3 കോടി രൂപ). ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ (World Government Summit) വെച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം സമ്മാനിച്ചു.

അക്ഷരച്ചുമരുകൾ എന്ന വിപ്ലവം: ‘റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷനി’ലൂടെ കഴിഞ്ഞ 20 വർഷമായി റൂബിൾ നടത്തുന്ന പ്രവർത്തനങ്ങളാണ് ഇവരെ പുരസ്കാരത്തിന് അർഹയാക്കിയത്. 100-ലധികം പിന്നോക്ക പ്രദേശങ്ങളിലായി 800-ഓളം ലേണിംഗ് സെന്ററുകൾ ഇവർ സ്ഥാപിച്ചു. ചേരികളിലെ ഭിത്തികളിൽ നിറങ്ങൾ ചാലിച്ചുകൊണ്ട് അക്ഷരങ്ങളും അക്കങ്ങളും ശാസ്ത്രവും ശുചിത്വ പാഠങ്ങളും വരച്ചുചേർക്കുന്ന “ലിവിംഗ് വാൾസ് ഓഫ് ലേണിംഗ്” (Living Walls of Learning) എന്ന നൂതന ആശയത്തിലൂടെ ലക്ഷക്കണക്കിന് കുട്ടികളെയാണ് ഇവർ വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

നേട്ടങ്ങൾ ചുരുക്കത്തിൽ:

  • സ്‌കൂളിൽ കൊഴിഞ്ഞുപോക്ക് 50 ശതമാനത്തിലധികം കുറച്ചു.
  • 600-ലധികം വൊളന്റിയർമാർക്കും അധ്യാപകർക്കും പരിശീലനം നൽകി.
  • കലയെ വിദ്യാഭ്യാസത്തിനുള്ള കരുത്തുറ്റ മാധ്യമമാക്കി മാറ്റി.

സമ്മാനത്തുക ഉപയോഗിച്ച് സൗജന്യ വൊക്കേഷണൽ – ഡിജിറ്റൽ ലിറ്ററസി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് കൂടുതൽ കുട്ടികളെ ശാക്തീകരിക്കാനാണ് റൂബിളിന്റെ ലക്ഷ്യം. യുനെസ്കോയുടെ (UNESCO) സഹകരണത്തോടെ വർക്കി ഫൗണ്ടേഷൻ നൽകുന്ന ഈ പുരസ്കാരം ലോകമെമ്പാടുമുള്ള 139 രാജ്യങ്ങളിൽ നിന്നുള്ള 5,000-ലധികം അപേക്ഷകളിൽ നിന്നാണ് റൂബിൾ നാഗിയെ തേടിയെത്തിയത്.

ഇന്ത്യ-യുഎസ് വ്യാപാര കരാർ: കാർഷിക ഉൽപ്പന്നങ്ങൾക്കും വ്യവസായങ്ങൾക്കും വൻ ഇളവുകൾ; ഇന്ത്യ നൽകുന്നതും നേടുന്നതും എന്തൊക്കെ?

0

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നിർണ്ണായകമായ ഇടക്കാല വ്യാപാര കരാർ (Interim Trade Framework) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പൂർണ്ണതോതിലുള്ള ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള (Bilateral Trade Agreement – BTA) ആദ്യത്തെ വലിയ ചുവടുവെപ്പാണിത്. പുതിയ കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉയർന്ന നികുതികൾ (Tariffs) ഗണ്യമായി കുറയ്ക്കും.

പ്രധാന നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ:

  • നികുതി ഇളവ്: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറച്ചു. നേരത്തെ ഇത് 50 ശതമാനം വരെയായിരുന്നു.
  • സീറോ ടാരിഫ് (Zero Tariff): മരുന്നുകൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയ്ക്ക് കരാർ പൂർണ്ണമായി നടപ്പിലാകുന്നതോടെ നികുതി പൂജ്യമാകും.
  • വിപണി പ്രവേശനം: അമേരിക്കൻ വ്യാവസായിക-കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇളവുകൾ ലഭിക്കും.
  • 500 ബില്യൺ ഡോളർ നിക്ഷേപം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നു.

എന്താണ് ഇന്ത്യ നൽകുന്നത്? (What India Offers)

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് കരാറിലൂടെ ഇന്ത്യ സമ്മതിച്ചിരിക്കുന്നത്.

  1. വ്യാവസായിക ഉൽപ്പന്നങ്ങൾ: മിക്ക അമേരിക്കൻ വ്യാവസായിക ഉൽപ്പന്നങ്ങളുടെയും നികുതി ഇന്ത്യ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. ഇത് അമേരിക്കൻ നിർമ്മിത മെഷീനുകൾക്കും ഉപകരണങ്ങൾക്കും ഇന്ത്യയിൽ വില കുറയാൻ കാരണമാകും.
  2. കാർഷിക ഉൽപ്പന്നങ്ങൾ: സോയാബീൻ ഓയിൽ, പഴവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പ്, വൈൻ, സ്പിരിറ്റ് എന്നിവയുടെ ഇറക്കുമതി നികുതി കുറയ്ക്കും. കൂടാതെ മൃഗസംരക്ഷണ മേഖലയിലുള്ള കാലിത്തീറ്റ ഉൽപ്പന്നങ്ങൾക്കും ഇളവുണ്ടാകും.
  3. തടസ്സങ്ങൾ നീക്കൽ: അമേരിക്കൻ മെഡിക്കൽ ഉപകരണങ്ങൾ, ഐടി ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതിയിലുള്ള നിയമപരമായ തടസ്സങ്ങൾ ഇന്ത്യ ആറുമാസത്തിനുള്ളിൽ പുനഃപരിശോധിക്കും.

ഇന്ത്യയ്ക്ക് ലഭിക്കുന്ന നേട്ടങ്ങൾ (What India Gains)

ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക്, പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങൾക്ക് (MSMEs) വലിയ ആശ്വാസമാണ് ഈ കരാർ.

  • കയറ്റുമതി മേഖലയിലെ ഉണർവ്: ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, രാസവസ്തുക്കൾ, മെഷിനറി എന്നീ മേഖലകൾക്ക് 18% നികുതി എന്ന ഇളവ് വലിയ മത്സരശേഷി നൽകും.
  • ഔഷധ മേഖല (Pharma): ജനറിക് മരുന്നുകൾക്ക് അമേരിക്കൻ വിപണിയിൽ നികുതി ഇല്ലാതെ പ്രവേശനം ലഭിക്കുന്നത് ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് വൻ നേട്ടമാകും.
  • രത്ന-ആഭരണ മേഖല: ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വജ്ര വ്യവസായത്തിന് കരുത്തേകുന്ന രീതിയിൽ വജ്രങ്ങൾക്കും രത്നങ്ങൾക്കും നികുതി ഒഴിവാക്കും.
  • സ്റ്റീൽ, അലുമിനിയം മേഖല: സ്റ്റീൽ, അലുമിനിയം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന വിമാന ഭാഗങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന പ്രത്യേക നികുതികൾ നീക്കം ചെയ്തു.

സുരക്ഷയും തന്ത്രപരമായ നീക്കങ്ങളും

ചൈനയുടെ വ്യാപാര ആധിപത്യത്തെ പ്രതിരോധിക്കാനുള്ള നീക്കമായും ഈ കരാറിനെ വിദഗ്ധർ കാണുന്നു. ആഗോള വിതരണ ശൃംഖല (Supply Chain) ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ വ്യാപാര നിയമങ്ങൾ രൂപീകരിക്കുന്നതിനും ഇരുരാജ്യങ്ങളും സഹകരിക്കും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം (Energy), വിമാന ഭാഗങ്ങൾ, സാങ്കേതിക വിദ്യ (GPU പോലുള്ളവ), ലോഹങ്ങൾ എന്നിവയ്ക്കായി ഏകദേശം 500 ബില്യൺ ഡോളർ അമേരിക്കയിൽ ചിലവഴിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് അമേരിക്കൻ എണ്ണയ്ക്ക് ഇന്ത്യ മുൻഗണന നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.


അടുത്ത ഘട്ടം എന്ത്?

ഇതൊരു ഇടക്കാല കരാർ മാത്രമാണ്. വരും മാസങ്ങളിൽ കൂടുതൽ ചർച്ചകളിലൂടെ പൂർണ്ണമായ ഉഭയകക്ഷി വ്യാപാര കരാറിലേക്ക് (Full BTA) ഇരുരാജ്യങ്ങളും എത്തും. ഇന്ത്യൻ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പാലും പാലുൽപ്പന്നങ്ങളും കരാറിൽ നിന്ന് ഇന്ത്യ തന്ത്രപരമായി ഒഴിവാക്കിയിട്ടുണ്ട്.

“ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിത്. പരസ്പര വിശ്വാസത്തിലും വികസനത്തിലും അധിഷ്ഠിതമായ വ്യാപാര ബന്ധത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്.”ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവന.