Home Blog Page 218

വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം

0

സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. റീൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തിയ വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. കലാഭവൻ മണി പുരസ്ക്കാരം, ഷിംലാ ഫിലിം ഫെസ്റ്റിവൽ ഒഫിഷ്യൽ സെലക്ഷൻ, നവകേരള ന്യൂസ്ചാനൽ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു.
കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ തനിമ നിലനിറുത്തി അവതരിപ്പിച്ച ചിത്രം തീയേറ്ററുകളിൽ പ്രേക്ഷകപ്രശംസ നേടിയിരുന്നു.
ഒടിടി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുരേഷ് സി എൻ നിർമ്മിച്ച് ശ്രീഭാരതി സംവിധാനം ചെയ്തിരിക്കുന്നു. ബിജോയ് കണ്ണൂരിനു പുറമെ ചിന്നുശ്രീ വൽസലൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, കൊച്ചുപ്രേമൻ, ദിവ്യ ശ്രീധർ, എസ് ആർ ശിവരുദ്രൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം – റിജു ആർ അമ്പാടി, എഡിറ്റിംഗ് – ശ്യാം സാംബശിവൻ, സംഗീതം – ജോജോ കെൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ .
നവംബർ 20-ന് തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് അവാർഡു വിതരണം ചെയ്യും.

നടി രജ്ഞുഷ മേനോൻ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

0


മലയാള ടെലിവിഷൻ-സിനിമ നടി രജ്ഞുഷ മേനോൻ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 8:30-ഓടെയാണ് ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

35 വയസായിരുന്നു രജ്ഞുഷയ്ക്ക്. 2008-ൽ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച രജ്ഞുഷ,

സിറ്റി ഓഫ് ​ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ് രഞ്ജുഷ മേനോൻ.

സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

രജ്ഞുഷയുടെ മരണം മലയാള സിനിമാ-ടെലിവിഷൻ രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. രജ്ഞുഷയുടെ മരണകാരണം അന്വേഷിക്കുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രജ്ഞുഷയുടെ വിയോഗത്തിൽ സിനിമാ-ടെലിവിഷൻ താരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

Summary: Actress Rajnusha Menon hanged in her flat

നാളെ മൊബൈല്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും

0

31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും. ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

ഈ അലേർട്ടുകൾ പരിശോധനാ പ്രക്രിയയുടെ ഭാഗമാണ്, ഒരു യഥാർത്ഥ അടിയന്തരാവസ്ഥ സൂചിപ്പിക്കുന്നതല്ല .നിങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ആവശ്യമില്ല

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍

0

കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് കൊടകര പൊലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടകവസ്തു നിർമിക്കാൻ പഠിച്ചത് . സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.

കളമശ്ശേരിയിൽ സ്ഫോടനം: ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം

0

തിരുവനന്തപുരം: കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ ഇന്ന് രാവിലെ സ്ഫോടനമുണ്ടായി. സ്ഫോടനത്തിൽ ഒരാൾ മരിച്ചു, 35 പേർക്ക് പരിക്കേറ്റു.

സ്ഫോടനം ടിഫിൻ ബോക്സിനുള്ളിൽ വെച്ച ബോംബാണ് ഉണ്ടാക്കിയത് എന്നാണ് പ്രഥമിക നിഗമനം. സ്ഫോടനത്തിൽ തകർന്ന കൺവൻഷൻ സെന്ററിൽ നിന്ന് ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മരിച്ചത് ഒരു സ്ത്രീയാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

സ്ഫോടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐസിയുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.

സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാലൻ എന്നിവർ സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി.

സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ എൻഐഎ അന്വേഷണം ഏറ്റെടുത്തു

സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ എൻഐഎ അന്വേഷണം ഏറ്റെടുത്തു. ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിയിലെത്തി. സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററും പരിസരവും പരിശോധിച്ചു. കേരള പോലീസിന്റെയും എൻഐഎയുടെയും സംയുക്ത അന്വേഷണ സംഘം സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ്.

നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു

0

കൊച്ചി: നടി അമലപോള്‍ വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ജിപ്സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്.

നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

അമലപോള്‍ 2014-ല്‍ തെലുങ്ക് സംവിധായകന്‍ എല്‍.വിജയ്‌യെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2017-ല്‍ ഇരുവരും വിവാഹമോചനം നേടി.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അമലപോള്‍ അഭിനയിച്ചിട്ടുണ്ട്. ‘മിന്നാമിനുങ്ങ്’, ‘റണ്‍ രാജ റണ്‍’, ‘തലൈവ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അമലപോളിന് മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജഗത് ദേശായി ഒരു ബിസിനസുകാരനും സംരംഭകനുമാണ്. ഫാഷന്‍ ബ്രാന്‍ഡും ഫുഡ് ഡെലിവറി ആപ്പും ഉള്‍പ്പെടെ നിരവധി വിജയകരമായ സ്ഥാപനങ്ങളുടെ സഹസ്ഥാപകനാണ് അദ്ദേഹം.

അമലപോള്‍, ജഗത് ദേശായി എന്നിവര്‍ക്ക് വിവാഹ ആശംസകള്‍!

‘അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്’; ആദ്യമായി സംവിധായകനാകുന്ന ത്രില്ലിൽ ജോജു

0

സ്വതസിദ്ധമായ ശൈലിയിൽ, ഏതു തരം വേഷങ്ങളും ചെയ്യാൻ പ്രാപ്തനായ ഒരു നടൻ. സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത ജോജു ജോർജ് ഇതാ മറ്റൊരു വേഷം കൂടി അണിയുകയാണ്..! കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ്. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു ജോർജ്ജ്. “അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ടെൻഷൻ ഉണ്ടെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും”- ജോജുവിന്റെ വാക്കുകളിൽ തന്റെ അഭിനയം നൽകുന്ന ഗ്യാരന്റി താൻ സംവിധാനം ചെയ്യുന്ന സിനിമക്കും ഉണ്ടെന്ന് ഉറപ്പിച്ച മട്ടാണ്.

1995 ൽ ‘മഴവിൽ കൂടാരം’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാരംഗത്തേക്ക് എത്തിയ ജോജു ജോർജ് എന്ന നടൻ കടന്നു വന്ന വഴികൾ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ, ചെറിയ വേഷങ്ങളിലൂടെ നായകന്മാർക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി ചിത്രങ്ങൾ. എന്നാൽ 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്പോൾ, അന്നത്തെ നായകന്മാർക്കൊപ്പം നിന്ന ആ ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് മുൻനിര നായകനായും, ഗായകനായും, നിർമ്മാതാവായും മലയാള സിനിമയിൽ തന്റെ പേര് സുവർണ്ണ ലിപികൾ കൊണ്ട് എഴുതി ചേർക്കുകയായിരുന്നു.

സഹനടനായും മറ്റും അഭിനയം തുടരുന്നതിനിടയിൽ 2018 ൽ പുറത്തിറങ്ങിയ ‘ജോസഫ്’ എന്ന സിനിമയാണ് ജോജുവിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ചിത്രം ബോക്സ്ഓഫീസിൽ മിന്നും വിജയം നേടുകയും ചെയ്തു. ജോജുവിന്റെ പൊട്ടൻഷ്യൽ എത്രത്തോളമുണ്ടെന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും ജോസഫിലെ ടൈറ്റിൽ റോൾ അതിന്റെ പാരമ്യത്തിൽ തൊടുന്നതായിരുന്നു. തുടർന്ന് സൈക്കോളജിക്കൽ ഡ്രാമ ചിത്രം ‘ചോല’യിലെ പ്രകടനം വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ ജോജുവിന്റെ സ്ഥാനം അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു. ‘ജോസഫ്’, ‘ചോല’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും (ജോസഫ്) ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളാണ് ‘ജോസഫിൽ’ ജോജുവിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ മികച്ച സിനിമകളുടെ നിർമ്മാതാവാകാനും ജോജുവിന് കഴിഞ്ഞു.

ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രതീക്ഷയും ആവേശവും പ്രേക്ഷകർക്കും കുറച്ചൊന്നുമല്ല. ‘പണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘പണി’യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. പ്രശസ്ത സംവിധായകൻ വേണുവാണ് ‘പണി’യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.

ആരാധകരിൽ ആവേശമായി ആളി പടർന്ന് കാർത്തിയുടെ ജപ്പാൻ ടീസർ

0

ടൻ കാർത്തിയുടെ 25-മത്തെ സിനിമയായ ജപ്പാൻ്റെ പുതിയ ടീസർ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് ഇന്നലെ പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് എത്തി വൈറലായ ടീസറിന് പിറകെ ഇന്നലെ എത്തിയ പുതിയ ടീസർ ഒരു ദിവസം തികയും മുമ്പേ യൂ ട്യൂബിൽ രണ്ടര മില്യൺ കാഴ്ചക്കാരെ നേടി ജൈത്ര യാത്ര തുടരുകയാണ് .മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. ” ജപ്പാൻ- ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ് . എന്നാൽ നിയമത്തിന് മുന്നിൽ കുറ്റവാളിയും… നാലു സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന പെരും കള്ളൻ … തനിക്കു നേരെ എത്ര വെടിയുണ്ടകൾ ഉതിർത്താലും തന്നെ കീഴ്പ്പെടുത്താൻ ആവില്ല എന്ന് വെല്ലു വിളിക്കുന്ന ജപ്പാൻ. നിയമ പാലകരും ജപ്പാനും തമ്മിലുള്ള സംഘർഷ ഭരിതമായ കടുത്ത പോരാട്ടത്തിലൂടെ യാണ് സിനിമയുടെ കഥ മുന്നേറുന്നത് എന്ന് ടിസർ വ്യക്തമാക്കുന്നു . 

രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ ജപ്പാൻ ‘. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതു പോലെ ‘ ഗോലി സോഡ ‘, ‘ കടുക് ‘ എന്നീ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകൻ വിജയ് മിൽടനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. അനൽ – അരസ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈ ലൈറ്റ് ആണത്രേ. സംവിധായകൻ രാജു മുരുകൻ – കാർത്തി – ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ‘ ജപ്പാൻ ‘ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. പുതിയ ടീസറിന് ആരാധകരിൽ നിന്നു ലഭിച്ച സ്വീകരണം അണിയറ പ്രവർത്തകർക്ക് കൂടുതൽ കരുത്ത് പകരുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തമിഴ് നാട് ,കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ‘ ജപ്പാൻ ‘ ചിത്രീകരിച്ചിരിക്കുന്നത്. ദീപാവലിക്ക് ‘ ജപ്പാൻ ‘ റിലീസ് ചെയ്യും.

സി. കെ.അജയ് കുമാർ, പി ആർ ഒ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒരുക്കുന്ന പുതിയ മലയാളം വെബ് സീരീസ് “ഫാർമ”യിൽ നായകനായി നിവിൻപോളി

0

ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ മലയാളം വെബ് സീരീസിൽ മോളിവുഡ് സൂപ്പർതാരം നിവിൻ പോളി നായകനായി എത്തുന്നു. ഫാർമ എന്ന് പേരു നൽകിയിരിക്കുന്ന സീരീസ് ഒരുക്കുന്നത് പി. ആർ അരുൺ ആണ്. സംവിധായകൻ തന്നെയാണ് ഈ ബിഗ് ബജറ്റ് വെബ് സീരീസിന്റെ തിരക്കഥയും ഒരുക്കുന്നത്. നിവിൻ പോളിയെ കൂടാതെ
രജിത് കപൂർ, നരേൻ,പ്രശാന്ത് അലക്സാണ്ടർ,ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മൂവീ മിൽസിന്റെ ബാനറിൽ
കൃഷ്ണൻസേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമ്മയ്ക്ക് സംഗീതം ഒരുക്കുന്നത്.  അബിനന്ദൻരാമാനുജം ചായഗ്രഹണവും ശ്രീജിത്ത് സാരംഗ്. എഡിറ്റിംഗ് നിർവഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ നോബിൾ ജേകബ്,
ആർട്ട് രാജീവ്കോവിലകം, സൗണ്ട് ശ്രീജിത്ത്,വേഷവിധാനം രമ്യ സുരേഷ്,
മേക്കപ്പ് സുധി കട്ടപ്പന,
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, അസോസിയേറ്റ് ഡയറക്ടർ, സ്റ്റിൽസ് സേതു അതിപ്പിള്ളി എന്നിവരാണ് അണിയറകളിൽ.

സോന ഇനി സംവിധായിക. സ്മോക് തുടങ്ങി!

0

തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന അഭിനേത്രികളിൽ ഒരാളാണ് സോന ഹെയ്ഡൻ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അവർ അഭിനയിച്ചു.
ഗ്ലാമറസ് നടിയായി അറിയപ്പെടുന്ന സോന ഒരു സംരംഭക കൂടിയാണ്, ഇപ്പോഴിതാ വെബ് സീരീസ് സംവിധാനം ചെയ്തു കൊണ്ട് സംവിധായികയായി അരങ്ങേറ്റം കുറിക്കയാണ്.

” സ്‌മോക്ക് ” എന്നാണ് സീരിസിൻ്റെ പേര്. രചനയും സോന തന്നെ നിർവഹിച്ചിരിക്കുന്നു. സ്‌മോക്ക് – എ പോയം ഓഫ് പെയിൻ എന്ന ടാഗ് ലൈനോടെ (Smoke: A Poem of Pain) അണിയിച്ചൊരുക്കുന്ന വെബ് സീരീസിൻ്റെ ഇതിവൃത്തം സ്വന്തം ജീവിതത്തിൽ ബാല്യ കൗമാര കാലം മുതൽ വർത്തമാന കാലം വരെ അനുഭവിച്ച സുഖ ദുഃഖങ്ങളിൽ ഇഴ പിന്നിയതാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഈ വെബ് സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

താൻ അണിയിച്ചൊരുക്കുന്ന വെബ് സീരിസിനെ കുറിച്ച്

“ഞാനൊരു സാധാരണ പെൺകുട്ടിയാണ്. പാചകം ചെയ്യാനും എല്ലാ ജോലികളും തനിയെ, ഒറ്റക്ക് ചെയ്യാനുമെല്ലാം അറിയാം. എന്നാൽ ഞാൻ വിവാഹം കഴിച്ചിട്ടില്ല. ഇൻഡസ്ട്രിയിൽ ഞാൻ ഗ്ലാമറസ് നടിയായി കണക്കാക്കപ്പെടുന്നതിനാലാണ് ഇത് സംഭവിച്ചത്. ഈ വെബ് സീരീസിൽ പറയുന്നതെല്ലാം
സത്യമാണ്. എൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്മോക്കിൻ്റെ കഥ . ഞാൻ അനുഭവിച്ച വേദനകളും, നഷ്ടങ്ങളും, ശാരീരിക പീഡനങ്ങളും ലോകത്തെ കാണിക്കാൻ ആഗ്രഹിക്കുന്നു. സ്മോക്കിലൂടെ സത്യ സന്ധമായി തന്നെ … വേദനകളുടെ കാവ്യമായി…

ഈ കഥ ഏറെ വൈകാരികമായ ഒരു പ്രയാണമായിരിക്കും. ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കമിട്ടപ്പോൾ , ‘ഇത് സിനിമയായി എടുത്തു കൂടേ’ എന്ന് പലരും ചോദിച്ചു…. നല്ല കഥയാണെങ്കിലും നഗ്ന സത്യങ്ങൾ തുറന്നു കാണിക്കുമ്പോൾ പലർക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല. സത്യസന്ധമായി ദൃശ്യവൽ ക്കരിക്കാനും പറ്റില്ല. ഓ ടി ടി യിലാവുമ്പോൾ സ്വതന്ത്രമായി വിവരിക്കാം … ചിത്രീകരിക്കാം. എൻ്റെ സിനിമക്ക് ഞാൻ തന്നെ സർട്ടിഫിക്കറ്റ് നൽകുകയാണെങ്കിൽ ഞാൻ U/A സർട്ടിഫിക്കറ്റേ നൽകൂ. ആ നിലവാരം ഈ വെബ് സീരീസിന് ഉണ്ടാവും.

ഇതു പുറത്തിറക്കുമ്പോൾ ദി ബിഗിനിങ് ഓഫ് എൻഡ് (The Begining of End) എന്ന ടാഗ് ലൈൻ കൂടി ചേർക്കാനിരിക്കയാണ്. ഒരു ഗ്ലാമർ നടിയുടെ അവസാനം എന്നായിരിക്കും അതിൻ്റെ പൊരുൾ” എന്ന് താരം വൈകാരികതയോടെ പറഞ്ഞു

ഷോർട്ട്ഫ്ളിക്സ് (short flix) എന്ന സ്ഥാപനവുമായി കൈ കോർത്തു കൊണ്ട് തൻ്റെ നിർമ്മാണ കമ്പനിയായ യൂനിക് പ്രൊഡക്ഷൻ്റെ സോന ഹെയ്ഡൻ തന്നെയാണ് സ്‌മോക്ക് നിർമ്മിക്കുന്നത്. കപിൽ റോയ് ഛായഗ്രഹണം നിർവഹിക്കുന്നു. സോന തന്നെയാണ് നായിക.മുകേഷ് ഖന്ന നായകനായി അഭിനയിക്കുന്നു. മറ്റു അഭിനേതാക്കൾ സങ്കേതിക വിദഗ്ധൻ എന്നിവരെ കുറിച്ച് വഴിയേ അറിയിക്കുമെന്ന് സോന വ്യക്തമാക്കി.

സി. കെ. അജയ് കുമാർ

ജോഷി – ജോജു ജോർജ് കല്യാണി പ്രിയദർശൻ ചിത്രം ‘ആന്റണി’ ടീസർ റിലീസായി

0

ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ ടീസർ റിലീസായി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ആന്റണി’. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ്.

മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷിയുടെ മുൻ ചിത്രങ്ങളെ പോലെ തന്നെ കുടുംബപ്രേക്ഷകർക്ക് വിരുന്ന് ഒരുക്കുന്ന ചിത്രം തന്നെയാകും ‘ആന്റണി’. മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന പ്രേക്ഷകനെ ഇമോഷണലി ലോക്ക് ചെയ്യുന്ന ചിത്രം തന്നെയാകും ആന്റണി. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ ജോഷി ‘ആന്റണി’യിലൂടെ ഫാമിലി ആക്ഷൻ ചിത്രം സമ്മാനിക്കും.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് “സരിഗമ” സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആന്റണിയുടെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു.

ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോർജ്ജ് എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവർ ഫുൾ മാസ്സ് കഥാപാത്രവും ഏറെ ആരാധകർ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളൻ പോറിഞ്ചു. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷംസംവിധായകൻ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ ആണ്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി.

രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം – ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ് , സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ സ്വീകരിച്ച് അല്ലു അര്‍ജുന്‍

0

ആര്യയിലൂടെയും ഹാപ്പിയിലൂടെയും പുഷ്പയിലൂടെയുമൊക്കെ ജനകോടികളെ ആവേശം കൊള്ളിച്ച അല്ലു അര്‍ജുന് അഭിനയമികവിന്റെ പേരിലും അംഗീകാരം. ഒക്ടോബര്‍ 17-ന് ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ചു നടന്ന അറുപത്തിയൊമ്പതാം ദേശീയ അവാര്‍ഡ്‌ ദാന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ അല്ലു അര്‍ജുന്‍ കൈപ്പറ്റി. ഈ അംഗീകാരം ആദ്യമായി കരസ്ഥമാക്കുന്ന തെലുങ്ക് നടന്‍ കൂടിയാണ് അല്ലു അര്‍ജുന്‍. നിറഞ്ഞ സദസ്സിനുമുന്നില്‍ ലളിതമായ ഷെര്‍വാണി ജാക്കറ്റ് ധരിച്ചുകൊണ്ട് എളിമയോടെ അവാര്‍ഡ്‌ കൈപ്പറ്റിയ ശേഷം സദസ്സിലും വേദിയിലുമുള്ളവര്‍ക്ക് നന്ദി പ്രകടിപ്പിക്കാനും താരം മറന്നില്ല. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുന് അംഗീകാരം ലഭിച്ചത്.

സിനിമാപ്രേക്ഷകര്‍ക്കിടയില്‍ പ്രസിദ്ധനായ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന ‘പുഷ്പ’യിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ‘പുഷ്പ 2’വാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.