യാത്രപോകാം വർക്കലയിലേക്ക്

സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വര്‍ക്കല. രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്്തിയുള്ള ശിവഗിരി മഠവും വര്‍ക്കലയ്ക്ക് തൊട്ടടുത്താണ്.

സാന്ത്വനം പകരുന്ന കടല്‍ക്കാറ്റിനൊപ്പം ധാതു സമ്പന്നമായ നീരുറവകള്‍ വര്‍ക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നു. ഇവിടത്തെ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.

ബീച്ചിന് സംരക്ഷണം നല്‍കുന്ന കുന്നിന്‍ മുകളിലാണ് ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീ നാരായണഗുരു (1856- 1928 ) സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വീക്ഷണം പ്രചരിപ്പിച്ച ഗുരുവിന്റെ അന്ത്യവിശ്രമസ്ഥാനമെന്ന നിലയില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്കെത്തുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നു.

ടൂറിസ്റ്റുകള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഇവിടെ ലഭ്യമാണ്. നിരവധി മികച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും ആയുര്‍വേദ മസാജ് സെന്ററുകളും വര്‍ക്കലയില്‍ ഉണ്ട്.

മുഖ്യ ആകര്‍ഷണങ്ങള്‍ : ബീച്ച്, നീരുറവകള്‍, ശിവഗിരിമഠം, രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം.

സ്ഥാനം : തിരുവനന്തപുരം ജില്ലയില്‍, തിരുവനന്തപുരം നഗരത്തില്‍ നിന്ന് 51. കിലോ മീറ്റര്‍ വടക്കും കൊല്ലത്ത് നിന്ന് 37 കി.മി. തെക്കും

യാത്രാ സൗകര്യം

  • സമീപ റെയില്‍വേസ്റ്റേഷന്‍ , വര്‍ക്കല, 3 കി.മി.
  • സമീപ വിമാനത്താവളം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 57. കി.മി.

കടപ്പാട് : കേരള ടൂറിസം

admin:
Related Post