എബി റിവ്യു – Aby Malayalam Review

കുഞ്ഞിരാമായണത്തിനുശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി നിർമ്മിക്കുന്ന വിനീത് ശ്രീനിവാസൻ നായകനാകുന്ന മലയാളചിത്രമാണ് എബി . പറക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ വിനീതിനെക്കൂടാതെ അജു വര്‍ഗീസ്, മറീന മൈക്കിള്‍, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, ബോളിവുഡ് താരം മനീഷ് ചൗധരി, വിനീതാ കോശി, ഹരീഷ് പേരടി എന്നിവർ വേഷമിട്ടിരിക്കുന്നു.

നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സന്തോഷ് ഏച്ചിക്കാനം ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍ എന്നിവരാണ് . ബിജിബാല്‍, അനില്‍ ജോണ്‍സണ്‍, ജെയ്‌സണ്‍ ജെ. നായര്‍ എന്നിവര്‍ സംഗീതം നൽകിയ ചിത്രത്തിൽ ഗാനങ്ങൾ എഴുതിയത് റഫീക്ക് അഹമ്മദ് ഉം , സന്തോഷ് വര്‍മയും ചേർന്നാണ് .

ആകാശത്തു പറന്നുയരാൻ ആഗ്രഹിക്കുന്ന എബി എന്ന വിനീത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്തുനിന്നാണ് കഥ തുടങ്ങുന്നത് . സ്വഭാവത്തിൽ ചെറിയ അസ്വാഭാവികതയുള്ള എബിയെ പഠിപ്പിക്കാനായി ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ കൊണ്ട് ചേര്‍ക്കുന്നു. തുടർന്ന് സ്വപ്നങ്ങൾക്കു ചിറകുകൾ വിടർത്തി പറന്നുയരാൻ ആഗ്രഹിക്കുന്ന എബിയുടെ ജീവിതമാണ് ചിത്രം പറയുന്നത് .

എബിയ്ക്കു ചുറ്റും നേരിടാൻ വെല്ലുവിളികൾ ഏറെയാണ് . കുട്ടിക്കാലത്ത് സംസാരശേഷി ഇല്ലാതിരുന്ന എബി വളരുന്നതോടെ സംസാരിച്ചു തുടങ്ങുന്നു. ഗ്രാമത്തിൽ ജനിച്ച എബി ഒരുപാട് ഒരുപാട് സ്വപ്‌നങ്ങള്‍ പേറി ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് ചേക്കേറുന്നു.

ഒരു വിമാനം ഉണ്ടാക്കി പറത്തുക എന്നുള്ളത് എബിയുടെ ആഗ്രഹവും സ്വപ്നവുമായി മാറുന്നു. നഗരത്തിലേക്ക് ചേക്കേറുന്ന എബി ആക്രി പെറുക്കുന്നവര്‍ക്കിടയിൽ ജീവിക്കേണ്ടതായി വരുന്നു . ഇതിനിടയിൽ വിമാന കമ്പനി നടത്തി കടം കയറിയ ഒരു മനുഷ്യന്‍ എബിയുടെ സ്വപ്നങ്ങൾക്കു കൂട്ടാകുന്നു .
വിമാനം നിർമ്മിക്കണം എന്ന ആഗ്രഹവുമായി നഗരത്തിലെത്തിയ എബിയ്ക്കു അയാൾ സഹായമാകുന്നു .

അച്ഛൻ തന്റെ സ്വപ്നങ്ങൾക്കു തടസ്സമാകുമെന്നതിനാലാണ് എബി നഗരത്തിലെത്തിയത്. ഇടക്ക് കളികൂട്ടുകാരിയെ കാണുന്ന ഗ്രാമത്തിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു , പക്ഷെ വിമാനം നിർമ്മിക്കുക എന്ന തന്റെ സ്വപ്നത്തിനു അച്ഛൻ എതിർക്കുമെന്നതിനാൽ അവൻ തിരിച്ചു പോകുന്നില്ല . വിഷമങ്ങളെല്ലാം മാറ്റിവെച്ചു എബി വിമാന നിർമാണനത്തിൽ ഏർപ്പെടുന്നു .വെല്ലുവിളികളെ അതിജീവിച്ച് തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് എബി പറന്നടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

എബിയുടെ ജീവിതത്തിലെ നാലു ഘട്ടങ്ങൾ ചിത്രത്തിലുണ്ട്.ഒരു കാലഘട്ടമൊഴികെ ബാക്കി എല്ലാം വിനീത് തന്നയാണ് അവതരിപ്പിച്ചിരിക്കുന്നത്. എബിയുടെ കുട്ടികാലം അവതരിപ്പിച്ചത് വസുദേവ് എന്ന കുട്ടിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

വിനീതിന്റെ സിനിമ ജീവിതത്തിലെ ഒരു മികച്ച കഥാപാത്രമാണ് എബി. പേരു പോലെ തന്നെ ലളിതമാണ് എബി എന്ന സിനിമയും . അമിത പ്രതീക്ഷകളില്ലാതെ തിയറ്ററില്‍ പോയാല്‍ ആസ്വദിച്ചിറങ്ങാവുന്ന ഒരു കുടുംബ ചിത്രമാണ് എബി.

admin:
Related Post