
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുറത്തുവന്ന ഹൈക്കോടതി വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം ബോർഡിന്റെ നിലവിലെ അധ്യക്ഷൻ പി എസ് പ്രശാന്തിന്റെ ഇടപെടലിലാണ് സ്വർണപ്പാളി മദ്രാസ് ആസ്ഥാനമായ കമ്പനിയ്ക്ക് കൈമാറിയതെന്നും സതീശൻ ആരോപിച്ചു. ജൂലൈ 30ന് തിരുവാഭരണ കമ്മീഷണർ കമ്പനിയെ വിശ്വാസമില്ലെന്നും സ്വർണപ്പാളി കൊണ്ടുപോകരുതെന്നും പറഞ്ഞിരുന്നു. എന്നാൽ ആഗസ്റ്റ് 8ന് നിലപാട് പൂർണമായും മാറ്റുകയായിരുന്നു. ഇത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേരിട്ടുള്ള ഇടപെടൽ കാരണമാണ് എന്ന് സതീശൻ പറഞ്ഞു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ദ്വാരപാലക ശിൽപവും വിറ്റ് പോകുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നാൽപത് വർഷത്തെ വാറണ്ടിയുള്ള സ്വർണപ്പാളി വീണ്ടും മങ്ങിയെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് വൻ കവർച്ചയ്ക്കായിരുന്നു എന്നും ദേവസ്വം മാനുവലും കോടതി വിധിയും ലംഘിച്ചാണ് ബോർഡ് പ്രവർത്തിച്ചതെന്നും സതീശൻ പറഞ്ഞു. “ശബരിമലയിൽ വൻ സ്വർണകവർച്ചയാണ് നടന്നത്. ഇതിൽ ദേവസ്വം ബോർഡിനും മന്ത്രിക്കും വ്യക്തമായ പങ്കുണ്ട്. അതിനാൽ മന്ത്രി അടിയന്തരമായി രാജിവെക്കണം. ബോർഡിനെ ചവിട്ടി പുറത്താക്കണം,” അദ്ദേഹം പറഞ്ഞു.
V. D. Satheesan about devaswom board
