HomeNewsമകരവിളക്ക് മഹോത്സവം: സന്നിധാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങള്‍; 1534 പോലിസുകാർ ഡ്യൂട്ടിയിൽ

മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങള്‍; 1534 പോലിസുകാർ ഡ്യൂട്ടിയിൽ

പമ്പ: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഭക്തര്‍ കൃത്യമായി പാലിക്കണമെന്നും സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ത് ദാസ് അറിയിച്ചു.

രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് മകരവിളക്ക് ദിവസം ശബരിമലയില്‍ വിന്യസിക്കുന്നത്. നിലവില്‍ 11 ഡി.വൈ.എസ്.പിമാരുടെ കീഴില്‍ 34 സി.ഐമാരും 1489 സിവില്‍ പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെ 1534 സേനാംഗങ്ങള്‍ സന്നിധാനത്ത് സേവനം ചെയ്യുന്നുണ്ട്. അധികമായുള്ള അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ ഇന്ന് (ജനുവരി 13) എത്തിച്ചേരും. സുഗമമായ മകരജ്യോതി ദര്‍ശനത്തിനും തിരിച്ച് സുരക്ഷിതമായി മലയിറങ്ങുന്നതിനും പൊലീസ് ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം വെര്‍ച്വല്‍ ക്യൂ വഴി 30,000 പേര്‍ക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേര്‍ക്കുമായി സന്നിധാനത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും രാവിലെ 11 മുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്കും ഭക്തരെ കടത്തിവിടില്ല. തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. കര്‍ശ്ശന സുരക്ഷയാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 6.20 ഓടെ ഘോഷയാത്ര സന്നിധാനത്ത് എത്തും തുടര്‍ന്ന് ദീപാരാധന നടക്കും. ഭക്തര്‍ തിരുവാഭരണപ്പെട്ടി തൊടാനോ ഘോഷയാത്ര കടന്നു പോകുന്ന പാതയില്‍ തിക്കും തിരക്കും സൃഷ്ടിക്കാനോ ശ്രമിക്കരുതെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

Makaravilakku Sabarimala

RELATED ARTICLES
- Advertisment -
Google search engine

Most Popular