തൃശൂർ: ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) കേരള സംസ്ഥാന കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ചിന്ത ജെറോമിനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐയുടെ ചരിത്രത്തിൽ സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് ചിന്ത ജെറോം. കല്യാശ്ശേരി എം.എൽ.എയും എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം. വിജിനാണ് പുതിയ സംസ്ഥാന സെക്രട്ടറി. അഡ്വ. ആർ. രാഹുൽ പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലാണ് പുതിയ നേതൃത്വത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ ചേർന്ന മുതിർന്ന നേതൃയോഗത്തിലാണ് ഭാരവാഹികളെ സംബന്ധിച്ച് അന്തിമ തീരുമാനമായത്.
പുതിയ നേതൃത്വത്തെ അറിയാം
ഡോ. ചിന്ത ജെറോം (സംസ്ഥാന പ്രസിഡന്റ്)
അധ്യാപക ദമ്പതികളായ സി. ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളായി കൊല്ലത്താണ് ചിന്തയുടെ ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കർമ്മല റാണി ബി.എഡ് കോളേജിൽ നിന്നും ബി.എഡ് നേടിയ ശേഷം കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് നേടി. യു.ജി.സി നെറ്റ്-ജെ.ആർ.എഫ് യോഗ്യത നേടിയിട്ടുണ്ട്.
വിദ്യാർത്ഥികാലം മുതൽ എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. എസ്.എഫ്.ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2007-2008 കാലഘട്ടത്തിൽ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായിരുന്നു. സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2016 മുതൽ 2023 വരെ രണ്ട് ടേമുകളിലായി കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ ദുരന്തഘട്ടങ്ങളിലും പകർച്ചവ്യാധി സമയങ്ങളിലും യുവാക്കളെ സന്നദ്ധസേവനത്തിന് സജ്ജരാക്കുന്ന ‘യൂത്ത് ബ്രിഗേഡ്’ പദ്ധതിക്ക് തുടക്കമിട്ടു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളാണ്.
2019-ൽ ജർമ്മനിയിലെ ബോണിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ കോൺക്ലേവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2016-ൽ ചൈനയും 2025-ൽ ക്യൂബയും സന്ദർശിച്ച സി.പി.ഐ.എം പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു. ‘ചുംബനം – സമരം ഇടതുപക്ഷം’, ‘ചങ്കിലെ ചൈന’, ‘അതിശയപത്ത്’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
എം. വിജിൻ (സംസ്ഥാന സെക്രട്ടറി)
കണ്ണൂർ എടാട്ട് ടി. കെ. ഭാസ്കരന്റെയും വസന്തയുടെയും മകനാണ്. എടനാട് വെസ്റ്റ് എൽ.പി സ്കൂൾ, എടനാട് യു.പി സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ പയ്യന്നൂർ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പയ്യന്നൂർ കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്സ് പൂർത്തിയാക്കി. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി.
ബാലസംഘത്തിലൂടെ പ്രവർത്തനം തുടങ്ങിയ വിജിൻ ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. തുടർന്ന് എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ട്രഷറർ, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചു.
കൊച്ചിൻ യൂണിവേഴ്സിറ്റി (CUSAT) സിൻഡിക്കേറ്റ് അംഗം, സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ അംഗം, പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും സജീവമായിരുന്നു. സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ വിജിൻ 2021 മുതൽ കല്യാശ്ശേരി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. ഭാര്യ: അശ്വതി (അധ്യാപിക), മകൻ: നെയ്തൽ.
അഡ്വ. ആർ. രാഹുൽ (സംസ്ഥാന ട്രഷറർ)
വിദ്യാർത്ഥി–യുവജന പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യമായ അഡ്വ. ആർ. രാഹുൽ (37) സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ അംഗവും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്.
സംസ്ഥാന യുവജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചിട്ടുള്ള രാഹുൽ, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും പൂർത്തിയാക്കിയ അദ്ദേഹം സംസ്കൃത സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. നിലവിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ എം.എ ബിരുദവിദ്യാർത്ഥിയാണ്.
ഭാര്യ: അഞ്ചു എസ്. റാം, മകൻ: ഗസൽ, അമ്മ: സീമന്തിനി.


