HomeNewsഭക്തിസാന്ദ്രമായി ഗുരുവായൂർ ഇല്ലം നിറ; പൂജിച്ച കതിരുകൾ സ്വീകരിച്ച് ഭക്തജനങ്ങൾ

ഭക്തിസാന്ദ്രമായി ഗുരുവായൂർ ഇല്ലം നിറ; പൂജിച്ച കതിരുകൾ സ്വീകരിച്ച് ഭക്തജനങ്ങൾ

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ പെരുമ വിളിച്ചോതി ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു. ഇത്തവണയും ബലിക കതിർ പൂജ ദർശിക്കാനും ശ്രീഗുരുവായൂരപ്പനെ തൊഴുത് പുണ്യം നേടാനും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പൂജിച്ച കതിർക്കറ്റകൾ വേഗത്തിൽ പ്രസാദമായി ലഭിച്ച ചാരിതാർഥ്യത്തോടെയാണ് ഭക്തർ മടങ്ങിയത്.

ഇന്ന് രാവിലെ 8.30-നും 9.30-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിൽ എത്തിച്ച കതിർക്കറ്റകൾ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു. തുടർന്ന് കീഴ്ശാന്തി നമ്പൂതിരിമാർ കതിരുകൾ തലയിലേറ്റി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി ബ്രഹ്മശ്രീ ടി.എം. നാരായണൻ നമ്പൂതിരി കതിർ പൂജ നിർവ്വഹിച്ചു. പൂജിച്ച കതിർക്കറ്റകൾ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു.

ദേവസ്വം ചെയർമാൻ ശ്രീ. എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ ശ്രീ. സി. മനോജ്, ശ്രീ. മനോജ് ബി. നായർ, ശ്രീമതി. എം.യു. ഷിനിജ, അസിസ്റ്റന്റ് മാനേജർമാരായ എ.വി. പ്രശാന്ത്, എം. ഹരിദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

തൃപ്പുത്തരി ഓഗസ്റ്റ് 30-ന്

ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഘോഷം ഓഗസ്റ്റ് 30-ന് നടക്കും. രാവിലെ 8.30-നും 9.30-നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകൾ. പുന്നെല്ലിന്റെ അരി കൊണ്ടുണ്ടാക്കുന്ന വിശേഷാൽ പുത്തരിപ്പായസവും അപ്പവും അന്നേദിവസം ശ്രീഗുരുവായൂരപ്പന് നിവേദിക്കും.

RELATED ARTICLES
- Advertisment -

Most Popular