HomeNewsസതീശനെതിരെ സുകുമാരൻ നായർ; എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യത്തിന് പച്ചക്കൊടി

സതീശനെതിരെ സുകുമാരൻ നായർ; എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യത്തിന് പച്ചക്കൊടി

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവ്, സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങലല്ലേയെന്ന് അദ്ദേഹം ചോദിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സതീശനെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് എൻ.എസ്.എസ് നേതൃത്വവും നിലപാട് കടുപ്പിച്ചിരിക്കുന്നത്.

വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ വി.ഡി. സതീശന് എന്ത് യോഗ്യതയാണുള്ളതെന്ന് സുകുമാരൻ നായർ ചോദിച്ചു. തനിക്കെതിരെയും സതീശൻ പലതും പറഞ്ഞിട്ടുണ്ട്. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സമുദായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം

എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സുകുമാരൻ നായർ സ്വാഗതം ചെയ്തു. സമുദായ ഐക്യം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അത്തരമൊരു ഐക്യത്തിന് എൻ.എസ്.എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ലീഗാണ് മുൻപ് സമുദായ ഐക്യനീക്കം തടഞ്ഞതെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തോട് സുകുമാരൻ നായർ വിയോജിച്ചു. സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമായിരുന്നു അന്ന് ഐക്യത്തിന് തടസ്സമായത്. എന്നാൽ നിലവിൽ അത്തരം തടസ്സങ്ങളില്ല. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച അദ്ദേഹം, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻ.എസ്.എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.

ഹിന്ദു സമുദായ സംഘടനകൾക്കിടയിൽ യോജിപ്പുണ്ടാകേണ്ടത് അനിവാര്യമാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ഈ പ്രതികരണം കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular