
ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പിരിവ് ഊർജിതമാക്കുന്നതിനും കുടിശ്ശിക ഒഴിവാക്കുന്നതിനുമായി കർശന നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോൾ തുക അടയ്ക്കാത്ത വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും ഇനിമുതൽ അനുമതി നൽകില്ല. ഇതുസംബന്ധിച്ച ‘സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (രണ്ടാം ഭേദഗതി) ചട്ടങ്ങൾ, 2026’ സർക്കാർ വിജ്ഞാപനം ചെയ്തു.
പുതിയ പരിഷ്കാരങ്ങൾ ഇവയാണ്:
- വാഹന കൈമാറ്റം തടയും: ടോൾ കുടിശ്ശികയുള്ള സ്വകാര്യ വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനോ ഉടമസ്ഥാവകാശം കൈമാറുന്നതിനോ ആവശ്യമായ എൻ.ഒ.സി (NOC) ഇനി ലഭിക്കില്ല.
- ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്: കുടിശ്ശിക തീർക്കാതെ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാനോ പുതിയത് എടുക്കാനോ സാധിക്കില്ല.
- നാഷണൽ പെർമിറ്റ്: വാണിജ്യ വാഹനങ്ങൾക്ക് നാഷണൽ പെർമിറ്റ് ലഭിക്കണമെങ്കിൽ ടോൾ കുടിശ്ശിക പൂർണ്ണമായും അടച്ചുതീർക്കണമെന്ന് നിർബന്ധമാക്കി.
- ഫോം 28-ൽ മാറ്റം: വാഹന കൈമാറ്റത്തിനുള്ള അപേക്ഷാ ഫോമായ ‘ഫോം 28’-ൽ ടോൾ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണം. ഈ നടപടികൾ ഓൺലൈൻ പോർട്ടൽ വഴി ഡിജിറ്റലായി പൂർത്തിയാക്കാം.
ദേശീയ പാതകളിൽ ബാരിയറുകൾ ഇല്ലാത്ത ടോൾ പിരിവ് സംവിധാനം (Multi-Lane Free Flow – MLFF) നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് ഈ നടപടി. വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ശേഖരിക്കാൻ ഈ സംവിധാനം സഹായിക്കും. ടോൾ വെട്ടിപ്പ് തടയുന്നതിനും ദേശീയപാത അതോറിറ്റിയുടെ വരുമാനം സുതാര്യമാക്കുന്നതിനും പുതിയ നിയമം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
