
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ എന്ന് കോടതി വിധി. കൂട്ടബലാത്സംഗവും ഗൂഡാലോചനയും തെളിഞ്ഞു. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജി ഹണി എം വര്‍ഗീസ് ആണ് കേസിൽ വിധി പറഞ്ഞത്. ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ല. ശിക്ഷ ഈ മാസം 12 നു വിധിക്കും. പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
7,8,9,10 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം പ്രതി സനലിനെയും കോടതി വെറുതെ വിട്ടു. ഒമ്പതാം പ്രതിയ്‌ക്കെതിരായ കുറ്റം തെളിയിക്കാനായില്ല. പ്രതികള്‍ക്ക് സഹായം ഒരുക്കി എന്നതായിരുന്നു കുറ്റം. 10-ാം പ്രതി ശരതിനെയും കോടതി വെറുതെ വിട്ടു.
കൂട്ടം ചേര്‍ന്നുള്ള ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, സ്ത്രീക്കെതിരായ ആക്രമണം, സ്ത്രീക്കെതിരെ ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ബലംപ്രയോഗിച്ച് തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ ഭീഷണി, ക്രിമിനൽ ഗൂഢാലോചന, വ്യക്തിയുടെ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി മണികണ്ഠന്‍.ബി, നാലാം പ്രതി വിജീഷ് വി.പി, അഞ്ചാം പ്രതി സലിം എച്ച് എന്ന വടിവാള്‍ സലിം,ആറാം പ്രതി പ്രദീപ്, ഏഴാം പ്രതി ചാര്‍ലി തോമസ്, എട്ടാം പ്രതി നടൻ ദിലീപ്, ഒൻപതാം പ്രതി സനില്‍ കുമാര്‍ എന്ന മേസ്തിരി സനല്‍, പത്താം പ്രതി ശരത് ജി.നായര്‍ എന്നിങ്ങനെയായിരുന്നു പ്രതി പട്ടിക.
Dileep case
