കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. അപകടമുണ്ടാക്കിയ കാറോടിച്ച 17-കാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാവാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിനാണ് ജഡ്ജിക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തിൽപ്പെട്ട ബെൻസ് കാർ ജഡ്ജിയുടെ പേരിലുള്ളതാണ്.
ഇതിനിടെ, അപകടത്തിൽ മരണപ്പെട്ട സ്‌കൂട്ടർ യാത്രികൻ ജയപാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപവത്കരിക്കാൻ തീരുമാനിച്ചു.
അപകടത്തിന് പിന്നാലെ പോലീസിന്റെ ഭാഗത്തുനിന്നും പ്രതിക്ക് അനുകൂലമായ നിലപാടാണ് ഉണ്ടായതെന്ന് മരിച്ച ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും കുടുംബവും ആരോപിച്ചു.
മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടാൻ 12 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നപ്പോൾ, അപകടമുണ്ടാക്കിയ 17-കാരനെ പോലീസ് നിമിഷങ്ങൾക്കുള്ളിൽ സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ വിട്ടയച്ചതായി കുടുംബം കുറ്റപ്പെടുത്തി.
ഭാരതീയ ന്യായ സംഹിതയിലെ (BNS) 106-ാം വകുപ്പ് ഉൾപ്പെടെ ചുമത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ 17-കാരന്, മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. എന്നാൽ തങ്ങൾക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അച്ഛന് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും കുടുംബം വ്യക്തമാക്കി.


