തിരുവനന്തപുരം: ഡൽഹിയിൽ നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും കൊലവിളി നടത്തുകയും ചെയ്ത ആർ.എസ്.എസ് മുൻ വക്താവ് ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ മോഹൻദാസിന്റെ നിലപാടിനെ തള്ളി ആർ.എസ്.എസ് നേതൃത്വവും രംഗത്തെത്തി.
വിദ്വേഷ പരാമർശവും കൊലവിളിയും
ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ഒരു വിഡിയോയിലൂടെയാണ് മോഹൻദാസ് വിവാദ പരാമർശങ്ങൾ നടത്തിയത്. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്ന് മോഹൻദാസ് വിഡിയോയിൽ പറഞ്ഞു.
“ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേർ മരിക്കും, കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും,” – ഇതായിരുന്നു മോഹൻദാസിന്റെ ക്രൂരമായ പ്രസ്താവന.
ഇതിനു പുറമേ, സമരസ്ഥലത്ത് ബലാത്സംഗവും കൂട്ടബലാത്സംഗവും നടക്കുമെന്നും, അവിടെയുള്ളവർ അത് ഇഷ്ടപ്പെടുന്നവരാണെന്നുമുള്ള ലൈംഗിക അധിക്ഷേപ പരാമർശവും മോഹൻദാസിന്റെ ഭാഗത്തുനിന്നുണ്ടായി.

