ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ ജൂലൈ 15 മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെ നടക്കും. വള്ളസദ്യ വഴിപാടുകളുടെ ബുക്കിംഗ് ഇതിനോടകം 325 കവിഞ്ഞു. ഈ വര്‍ഷവും വള്ളസദ്യ ക്രമീകരിക്കുന്നത് ഏകജാലക സംവിധാനത്തില്‍ പാക്കേജുകളായിട്ടാണ്. ഒരു വള്ളസദ്യ നടത്തുന്നതിന് കുറഞ്ഞത് 250 പേര്‍ക്ക് 65000 രൂപയും കൂടുതലായി വരുന്ന ഓരോ 50 പേര്‍ക്ക് 6500 രൂപ നിരക്കിലുമായിരിക്കും. ഇതില്‍ ക്ഷേത്രത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന നെല്‍പറ, തെങ്ങിന്‍ പൂക്കുല ഉള്‍പ്പടെ വെച്ചൊരുക്ക്, നാഗസ്വരം, സ്വീകരണം, മാല-പൂവ്, മുത്തുക്കുട, ഓഡിറ്റോറിയം/പന്തല്‍ വാടക, സദ്യയുടെ തുക തുടങ്ങി എല്ലാ ചിലവുകളും അടങ്ങിയിരിക്കും. വഴിപാട് നടത്തുന്ന ഭക്തന്‍ കരകള്‍ക്ക് നല്‍കുന്ന ദക്ഷിണ ഒഴിച്ചുള്ള എല്ലാ ചിലവുകളും പാക്കേജ് തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ഭക്തന്‍ തന്നെ പറ തളിച്ചതിന് ശേഷം കരനാഥന്മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. മറ്റൊരു ദക്ഷിണയും അനുവദിക്കുന്നതല്ല.

ഈ വര്‍ഷത്തെ വള്ളസദ്യകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  എ പത്മകുമാര്‍ ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി, ജില്ലാ കളക്ടര്‍ പി.ബി.\ൂഹ്, ജില്ലാ പോലീസ് മേധാവി റ്റി. നാരായണന്‍,  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ. രാഘവന്‍, കെ.പി. ശങ്കര്‍ദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വള്ളസദ്യ വഴിപാടുകള്‍ മികച്ച രീതിയില്‍ നടത്തുന്നതിന് പള്ളിയോടസേവാസംഘം വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വള്ളസദ്യ പന്തലുകളില്‍ വേണ്ട നിയന്ത്രണം നടത്തുന്നതിന് ഓരോ കരയ്ക്കും അഞ്ചു ബാഡ്ജുകള്‍ വീതം \ല്‍കും. കരനാഥന്മാര്‍ ഇവ ധരിച്ച് കൊണ്ട് തിരക്ക് നിയന്ത്രിച്ച് വഴിപാടുകാരേയും പള്ളിയോടത്തില്‍ വരുന്നവരേയും പന്തലില്‍ പ്രവേശിപ്പിക്കും. കൂടാതെ പ്രതിനിധികള്‍ അതാത് കരകളുടെ സദ്യപന്തലുകളില്‍ ഉണ്ടായിരിക്കും. കരകളുടെയും കരനാഥന്മാരുടേയും സഹകരണം ഉറപ്പിക്കുവാന്‍ മൂന്നുമേഖലകളിലും മേഖല സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് അവരുടെ അഭിപ്രായം ആരായുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ആറന്മുള വള്ളസദ്യയില്‍ ഈ വര്‍ഷം ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കും. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി പേപ്പര്‍ ഗ്ലാസ്സുകള്‍ക്ക് പകരം സ്റ്റീല്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കും.  വള്ളസദ്യ വഴിപാടുകള്‍ ആചാരങ്ങള്‍ പാലിച്ചുകൊണ്ട്  നടത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ രണ്ട് ഊട്ടുപുരകള്‍ കൂടാതെ 200 പേര്‍ക്ക് ഇരിക്കാവുന്ന എട്ട് പന്തലുകള്‍ ക്രമീകരിക്കും. വള്ളസദ്യയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പള്ളിയോടസേവാസംഘവും ഭക്തജന പ്രതിനിധികളും അടങ്ങുന്ന നിര്‍വ്വഹണ സമിതി രൂപീകരിച്ചിട്ടുണ്ട്.

പാചകത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതിനും വൃത്തിയുള്ള അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും ഫുഡ് കമ്മറ്റിയുടെയും വള്ളസദ്യ നിര്‍വ്വഹണ സമിതിയുടെയും  നേതൃത്വത്തില്‍ പാചകശാലകളില്‍ പരിശോധന നടത്തും. ഈ വര്‍ഷത്തെ ഫുഡ് കമ്മറ്റി കണ്‍വീനറായി സുരേഷ്‌കുമാര്‍ ജി പുതുക്കുളങ്ങരെയും ജോയിന്റ് കണ്‍വീനറായി വി.കെ. ചന്ദ്രന്‍ പിള്ളയേയും (ഇടനാട്) കിഴക്കന്‍ മേഖല കണ്‍വീനറായി പി.ആര്‍.വിശ്വനാഥന്‍ നായരേയും (ഇടക്കുളം) മദ്ധ്യമേഖല കണ്‍വീനറായി ഡി. രാജശേഖരന്‍ നായരേയും (ഇടയാറന്മുള) പടിഞ്ഞാറന്‍മേഖല കണ്‍വീനറായി കെ. എസ്. ഹരികുമാറിനേയും (പ്രയാര്‍) തെരഞ്ഞെടുത്തു.

ജൂലൈ 14ന് അടുപ്പില്‍ അഗ്നി പകരും

ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കം കുറിക്കുന്നതിനായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മേല്‍ശാന്തി പകര്‍ന്നു നല്‍കുന്ന അഗ്നി ഈ മാസം 14ന് രാവിലെ 8.20 നും 8.50 നും മധ്യേ ഊട്ടുപുരയിലെ നിലവിളക്കില്‍  പള്ളിയോടസേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി പകരുന്നതും അതിന് ശേഷം പ്രധാന അടുപ്പില്‍ അഗ്നി പകരുന്നതുമാണ്.

ആറന്മുളയിലെ ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 15 മുതല്‍ വള്ളസദ്യ വഴിപാടുകള്‍ നടക്കും. അന്ന് മുതലുള്ള 80 ദിവസം ആറന്മുളയുടെ ഉത്സവ കാലമാണ്. വഞ്ചിപ്പാട്ടിന്റേയും വഞ്ചി തുഴച്ചിലിന്റേയും താളങ്ങള്‍ പമ്പയില്‍ എങ്ങും ഉയരുന്ന 80 ദിവസത്തെ ഉത്സവകാലത്തെ വരവേല്‍ക്കാന്‍ 52 കരകളിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നു.

ഉതൃട്ടാതി ജലോത്സവം

ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവം ആഗസ്റ്റ് 29ന് നടക്കും. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഉത്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ധനകാര്യമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, ജലവിഭവവകുപ്പ് മന്ത്രി മാത്യു റ്റി.തോമസ്, ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എന്‍.എസ്.എസ്. പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ ജലോത്സവത്തില്‍ എ ബാച്ചില്‍ 35ഉം ബി ബാച്ചില്‍ 17ഉം ഉള്‍പ്പെടെ 52 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്.

തിരുവോണത്തോണി

തിരുവോണത്തോണിയുടെയും അറിയിപ്പുതോണിയുടെയും യാത്ര സുഗമമായി ക്രമീകരിക്കുന്നതിന് പള്ളിയോടസേവാസംഘം ഈ വര്‍ഷം മുതല്‍ ഒരു സബ് കമ്മറ്റി രൂപീകരിച്ച് കണ്‍വീനറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ബോട്ട്, യമഹവള്ളം എന്നിവ ഏര്‍പ്പെടുത്തും. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിന് കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ ആയിരം രൂപ വീതം ഗ്രാന്റ് നല്‍കും.

സാമൂഹികസേവന പദ്ധതി – വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു.

പള്ളിയോട സേവാ സംഘം 52 പള്ളിയോട കരകളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഓരോ കുട്ടിക്ക് 3000 വീതം വിദ്യാഭ്യാസ ധനസഹായം നല്‍കും. ജൂലൈ 15 ന് ഉച്ചയ്ക്ക് രണ്ടിന് ആറന്മുള എന്‍.എസ്.എസ്. ഗസ്റ്റ് ഹൗസില്‍ കൂടുന്ന കരനാഥന്മാരുള്‍പ്പടെ ഉള്ളവര്‍ പങ്കെടുക്കുന്ന സംയുക്ത പൊതുയോഗത്തില്‍ വിദ്യാഭ്യാസ ധനസഹായവും കരകള്‍ക്കുള്ള അഡ്വാന്‍സ് ഗ്രാന്റും വിതരണം ചെയ്യും.

അഷ്ടമിരോഹിണി വള്ളസദ്യ

ആഗസ്റ്റ് രണ്ടിന് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വള്ളസദ്യയില്‍ 52 പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ ഉള്‍പ്പടെ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നു. അഷ്ടമിരോഹിണി ദിവസം ഒരു പള്ളിയോടത്തിനു വള്ളസദ്യ നടത്തുന്നതിന് 10000 രൂപയുടെ കൂപ്പണുകളാണ് തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു നല്‍കിയിട്ടുള്ളത്. ഒരു വള്ളസദ്യ നടത്തുന്നവര്‍ക്ക് 15 സദ്യ കൂപ്പണുകള്‍ നല്‍കും. അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പണ്‍ വിതരണോത്ഘാടനം ഈ മാസം 19ന് ഉച്ചയ്ക്ക് 11.30\് ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തില്‍ \ടക്കും.

ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും

80 ദിവസം നീണ്ടു നില്‍ക്കുന്ന വള്ളസദ്യ കാലയളവില്‍ പള്ളിയോടത്തില്‍ എത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്ക് പറ്റുന്നവര്‍ക്ക് 50000 രൂപയും മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കുന്നതിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ പള്ളിയോട സേവാസംഘം പ്രതിനിധികള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ക്കും 50000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വള്ളസദ്യയ്ക്ക് സ്‌പെഷ്യല്‍ പാസ്

വള്ളസദ്യ നടത്തുന്നവര്‍ക്കും അവര്‍ ക്ഷണിക്കുന്നവര്‍ക്കും ബന്ധപ്പെട്ട കരക്കാര്‍ക്കും മാത്രമാണ് വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. ഈ അവസരം ലഭിക്കാത്തവര്‍ക്കായി പള്ളിയോട സേവാസംഘം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സ്‌പെഷ്യല്‍ പാസിലൂടെ വള്ളസദ്യ നല്‍കും. ആഗസ്റ്റ് \ാല് മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലും പൊതു ഒഴിവ് ദിവസങ്ങളിലും സ്‌പെഷ്യല്‍ പാസിലൂടെ സദ്യ കഴിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് 150 രൂപയാണ് ഈടാക്കുന്നത്. ഇതിനായി പള്ളിയോടസേവാസംഘവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്ത് പണം അടയ്ക്കണം.

admin:
Related Post