HomeNewsഉത്രാട ദിനത്തിൽ ഗുരുവായൂരിൽ ഭക്തിസാന്ദ്രമായ കാഴ്ചക്കുല സമർപ്പണം; മന്ത്രി കെ. മുരളീധരനും നൂറുകണക്കിന് ഭക്തരും പങ്കെടുത്തു

ഉത്രാട ദിനത്തിൽ ഗുരുവായൂരിൽ ഭക്തിസാന്ദ്രമായ കാഴ്ചക്കുല സമർപ്പണം; മന്ത്രി കെ. മുരളീധരനും നൂറുകണക്കിന് ഭക്തരും പങ്കെടുത്തു

ഗുരുവായൂർ: ഉത്രാട ദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഭക്തിനിർഭരമായ കാഴ്ചക്കുല സമർപ്പിച്ച് ഭക്തജനങ്ങൾ. ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെ പ്രമുഖരും നൂറുകണക്കിന് ഭക്തരുമാണ് ഭഗവാന് കാഴ്ചക്കുലകൾ സമർപ്പിച്ചത്. രാവിലത്തെ ശീവേലിക്കു ശേഷം ഏഴുമണിയോടെ സ്വർണക്കൊടിമരച്ചുവട്ടിലായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.

മേൽശാന്തി ബ്രഹ്മശ്രീ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി നാക്കിലയിൽ ആദ്യ നേന്ത്രക്കുല സമർപ്പിച്ചതോടെ ഉത്രാട കാഴ്ചക്കുല സമർപ്പണത്തിന് തുടക്കമായി. തുടർന്ന് ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ദേവസ്വം മന്ത്രി കെ. മുരളീധരൻ, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഹരി ഗോപാൽ എസ്., ക്ഷേത്രം ഡി.എ. എം. രാധ, ഭരണ വിഭാഗം ഡി.എ. പ്രമോദ് കളരിക്കൽ എന്നിവരും കാഴ്ചക്കുലകൾ സമർപ്പിച്ചു.

തുടർന്ന് ഭഗവൽ ദർശനത്തിനായി കാത്തുനിന്ന നൂറുകണക്കിന് ഭക്തജനങ്ങളും കാഴ്ചക്കുലകൾ സമർപ്പിച്ച് ദർശനസായൂജ്യം നേടി.

ഇന്ന് സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം തിരുവോണ നാളിലെ വിശേഷ വിഭവമായ പഴംപ്രഥമൻ തയ്യാറാക്കുന്നതിനായി ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങൾക്ക് ശേഷം വരുന്ന കാഴ്ചക്കുലകൾ പിന്നീട് ഭക്തർക്ക് ലേലം ചെയ്തു നൽകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular