മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ വ്യത്യസ്ത ലുക്കില്‍ ജയറാം

സിനിമയിലെ കഥാപാത്രത്തിനായി എന്തു ത്യാഗവും സഹിക്കുന്ന ചില നടന്മാരുണ്ട്. അവരില്‍ ഒരാളാണ് നടന്‍ ജയറാം. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ മേക്ക് ഓവര്‍ ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട്. ഈ അടുത്ത  കാലത്തായി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം സജീവമാണ്. സംസ്‌കൃത ചിത്രമായ നമോയ്ക്കായി ശരീരഭാരം കുറച്ച് ഫിറ്റ് ബോഡിയുമായെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ജയറാം ലൊക്കേഷനില്‍ എത്തിയത്. ചിത്രത്തില്‍ ക്ലീന്‍ ഷേവ് ചെയ്താണ് ജയറാം അഭിനയിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത് തലയില്‍ തൊപ്പി വച്ച് നടന്‍മാരായ ജയംരവി, കാര്‍ത്തി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ജയറാമിന്റെ ചിത്രങ്ങള്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ വൈറലാണ്. ആദ്യമായാണ് മണിരത്നം ചിത്രത്തില്‍ ജയറാം വേഷമിടുന്നത്. ഐശ്വര്യ ലക്ഷ്മി, വിക്രം, ഐശ്വര്യറായ് ബച്ചന്‍, വിക്രം പ്രഭു, തൃഷ, ഐശ്വര്യ രാജേഷ്, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. എ ആര്‍ റഹ്മാന്‍ ണ് സംഗീതം, ഛായാഗ്രഹണം- രവി വര്‍മന്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്‍, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, പിആര്‍ഒ- ജോണ്‍സണ്‍. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കുന്നത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. 2012ല്‍ ചിത്രത്തിന്റെ പണി മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു.  മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം.

By admin