Home Blog Page 348

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: ഓര്‍ത്തഡോക്‌സ് സഭ

0

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20  അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്ത. 
ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സന്തുലനം ഉണ്ടാകുവാന്‍ ഈ നടപടി കാരണമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു.  മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉളളതായ അവകാശങ്ങള്‍ പൂര്‍ണ്ണമയും സംരക്ഷിക്കപ്പെടും എന്ന് വിശ്വസിക്കുന്നു. ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുവാനായി ജസ്റ്റിസ് ബഞ്ചമിന്‍ കോശി അധ്യക്ഷനായി കമ്മീഷനെ നിയമിച്ച നടപടിയും സഭ സ്വാഗതം ചെയ്യുന്നതായി മാര്‍ ദീയസ്‌ക്കോറസ്  പറഞ്ഞു.

English Summary:High Court welcomes ruling: Orthodox Church

” തുരുത്ത് “ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയ്ലർ റിലീസ്

0

നിവിൻ പോളി-രാജീവ് രവി ചിത്രമായ ” തുറമുഖ ” ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ” തുരുത്ത് “.

പ്രമുഖ താരങ്ങളെ അണിനിരത്തി ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന തുരുത്ത് എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയ്ലർ, പ്രശസ്ത ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്സ്,കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ഹബീബ് മുഹമ്മദ് , ടോണി ജോയ് മണവാളൻ എന്നിവർ ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നു.
ഛായാഗ്രഹണം-നിഖിൽ സുരേന്ദ്രൻ,എഡിറ്റർ-അനന്ദു ചക്രവർത്തി,കല-നളിനി ശ്യാം,മേക്കപ്പ്-മിർഷാദ് മരിയ, വസ്ത്രാലങ്കാരം-ദേവദാസ്, സൗണ്ട്-അരവിന്ദ് ബാബു,ബിജിഎം-ലുക്ക ഡെന്നീസ്,ക്രിയേറ്റീവ് ഡയറക്ടർ-വിഷ്ണു നാരായണൻ റാവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിഷേക് സി എം, സ്റ്റിൽസ്-ജോൺ മാത്യു,പരസ്യക്കല-ആനന്ദ് ചന്ദ്രൻ എ കെ, ടെക്നിക്കൽ പ്രൊഡക്ഷൻ-ആർട്ട് ഷിപ്പ് ക്രിയേറ്റീവസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

THURUTH MOVIE Official Title Announcement Trailer

ഷെയിൻ നിഗം ചിത്രം “ബർമുഡ”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

0

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബർമുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. “കാണാതായതിൻ്റെ ദുരൂഹത” എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന ഷെയ്ൻ ആണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ. മമ്മൂട്ടിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. ഷെയ്ൻ നിഗമിനെ കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.

മണിരത്നത്തിൻ്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വ്വഹിക്കുന്നു. കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.രാജേഷ് & ഷൈനി ബെഞ്ചമിൻ, അസോസിയേറ്റ് ഡയറക്ടർ- അഭി കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഹർഷൻ പട്ടാഴി, പ്രൊഡക്ഷൻ മാനേജർ – നിധിൻ ഫ്രെഡി, പി.ആർ.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summary :The first look poster for the Shane Nigam movie “Bermuda” has arrived

ട്വിറ്ററിന്‍റെ പ്രസ്താവന അപകീർത്തികരം, രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാവണം; കേന്ദ്ര സര്‍ക്കാ

0

സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രം. ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണമെന്നും നിയമം എന്തായിരിക്കണമെന്ന് നിർദേശിക്കേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.

വിഷയത്തില്‍ ട്വിറ്റര്‍ ഉരുണ്ടുകളിക്കുന്നത് നിര്‍ത്തി രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണം. നിയമനിര്‍മാണവും നയരൂപവത്കരണവും രാജ്യത്തിന്റെ സവിശേഷാധികാരമാണ്. ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം മാത്രമായ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് നിര്‍ദേശിക്കാനാവില്ല. ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുമുള്ളതാണെന്നും കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ലാഭം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന വിദേശ സ്വകാര്യ കമ്പനിയായ ട്വിറ്ററിന്റെ സവിശേഷാധികാരമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതായ മഹത്തായ ജനാധിപത്യ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സര്‍ക്കാര്‍ വിലമതിക്കുന്നു. എന്നാല്‍ ട്വിറ്ററിന്റെ താര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം. അതിന്റെ ഫലമായി ഏകപക്ഷീയമായി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്യപ്പെടുകയും ട്വീറ്റുകള്‍ ഡീലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു, പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകളും വാക്‌സിനെതിരായ പ്രചാരണം നടത്തുന്ന പോസ്റ്റുകളും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമ കമ്പനികളുടെ പ്രതിനിധികള്‍ക്ക് ഒരുവിധത്തിലുള്ള ഭീഷണികളും ഉണ്ടാകില്ലെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കുമെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും ട്വിറ്റര്‍ പ്രതികരിച്ചിരുന്നു. ‘ഞങ്ങളുടെ സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നതിന് വേണ്ടി രാജ്യത്ത് ബാധകമായ നിയമങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കും. എന്നാല്‍ ലോകമെമ്പാടും ഞങ്ങള്‍ ചെയ്യുന്നത് പോലെ സുതാര്യതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍,അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കല്‍, സ്വകാര്യത സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങള്‍ തുടരും’, ട്വിറ്റര്‍ വക്താവ് പറഞ്ഞു.

ഇപ്പോള്‍, ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങളിലും, ഞങ്ങള്‍ സേവനം നല്‍കുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങള്‍ ആശങ്കാകുലരാണ്. ട്വിറ്ററിന്റെ ആഗോള സേവന  നിബന്ധനകള്‍ നടപ്പിലാക്കുന്നതിനെതിരേ പോലീസ് ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാനഘടകങ്ങള്‍ സംബന്ധിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.
ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ ‘വിവരസാങ്കേതികവിദ്യാ ചട്ടം’ (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. കമ്പനികള്‍ ചീഫ് കംപ്ലിയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട് പേഴ്‌സണ്‍, റെസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ ഇന്ത്യയില്‍ നിയമിക്കണമെന്ന് ചട്ടത്തിലുണ്ട്. കമ്പനികള്‍ക്ക് അതുനടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കി. ബുധനാഴ്ച സമയം അവസാനിച്ചിരുന്നു.

English Summary: Twitter’s statement is defamatory and the country must be prepared to obey the law

മമ്മൂട്ടിക്കും അര്‍ജ്ജുനുമൊപ്പം വീണ്ടും ആശ ശരത്ത് ; സന്തോഷം പങ്കിട്ട് താരം

0

മലയാളികളുടെ പ്രിയതാരവും പ്രശസ്ത നര്‍ത്തകിയുമായ ആശ ശരത്ത് വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം എത്തുന്നു. ആ സന്തോഷം താരം പ്രേക്ഷകരമായി പങ്കിടുന്നു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രപരമ്പരകളായ സി ബി ഐ സീരീസിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാവുകയാണ് താരം. പ്രശസ്ത സംവിധായകന്‍ കെ മധു സംവിധാനം ചെയ്യുന്ന സി ബി ഐ യുടെ അഞ്ചാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രമാണ് ആശ ശരത്ത്. പ്രശസ്ത നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പതിന്നാല് വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാം പതിപ്പിനും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി തന്നെയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷമാണ് സംവിധായകന്‍ കെ മധു അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചന. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുകയാണെന്ന് സംവിധായകന്‍ കെ മധു പറഞ്ഞു. നിലവിലെ പ്രതിസന്ധി നീങ്ങിയാല്‍ ചിത്രത്തിന് തുടക്കമാകുമെന്നും സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടി, മുകേഷ്, രഞ്ജി പണിക്കര്‍, സൗബിന്‍, സായ്കുമാര്‍ എന്നിവര്‍ക്ക് പുറമെ ഏറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എറണാകുളം,തിരുവനന്തപുരം,ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന ‘വിരുന്ന’് എന്ന പുതിയ ചിത്രത്തിലും ആശ ശരത്താണ് കേന്ദ്രകഥാപാത്രം. ദിലീപ് നായകനായ ജാക് ആന്‍റ് ഡാനിയേലിനു ശേഷം അര്‍ജ്ജുന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആശയുടേത്. ആശ ശരത്തിന്‍റെ കഥാപാത്രത്തിലൂടെയാണ് വിരുന്നിന്‍റെ കഥ വികസിക്കുന്നത്. ദിനേശ് പള്ളത്തിന്‍റേതാണ് കഥ, തിരക്കഥ, സംഭാഷണം . ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാലുടന്‍ ചിത്രീകരണം ആരംഭിക്കും. മുകേഷ്, അജു വര്‍ഗ്ഗീസ്, ഹരീഷ് പേരടി, ബൈജു എന്നിവര്‍ക്ക് പുറമെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബി കെ ഹരിനാരായണന്‍ , റഫീക്ക് അഹമ്മദ് എന്നിവരുടേതാണ് ഗാനരചന.

തനിക്കേറെ അഭിനയ സാധ്യതയുള്ള രണ്ട് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ആശ ശരത്ത് പറഞ്ഞു. പ്രത്യേകിച്ച് രാജ്യത്തെ ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആരാധിക്കുന്ന രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍. മമ്മൂക്കയോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് മമ്മൂക്ക. അര്‍ജ്ജുനെയും ഞാന്‍ വളരെ ബഹുമാനത്തോടെ കാണുന്ന താരമാണ്. ഭാഗ്യം കൊണ്ട് ഈ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ആശ ശരത്ത് പറയുന്നു.

പി ആര്‍ സുമേരന്‍ ( പി ആര്‍ ഒ )

ഡോക്ടറെ മര്‍ദ്ദിച്ചെന്ന് പരാതി; ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

0

ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്.സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്, സഹോദരന്‍ സജി, സൗമ്യയുടെ സഹോദരന്‍ സജേഷ് എന്നിവര്‍ക്കെതിരെ കഞ്ഞിക്കുഴി പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവമെന്നാണ് ആരോപണം.

ചേലച്ചോട് സിഎസ്‌ഐ ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ അനൂപ് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.ഡോക്ടര്‍ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്റെയും വിശദീകരണം.

English Summary :Complaint that the doctor was beaten

ആലപ്പുഴ തുറവൂരില്‍ രണ്ടു പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണെന്ന് സംശയം

0

തുറവൂരില്‍ വീടിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു(50), കൈതവളപ്പില്‍ സ്റ്റീഫന്‍ (46) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം.ഇവരുടെ വീടുകളില്‍ നിന്ന് സാനിറ്റൈസറും ഗ്ലാസുകളും കണ്ടെത്തി.
പോലീസ് അന്വേഷണം ആരംഭിച്ചു.കൊവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്

English Summary :Two dead inside house in Thuravoor,

:

മുംബയ് ബാർജ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം ഏഴായി

0
മുംബയ് ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി.പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു.ബാർജിലെ കരാർ കമ്പനിയിലെ പ്രൊജക്ട് മാനേജറായിരുന്നു സുരേഷ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ് ജോസഫിന്റെ മരണം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.ഇനി രണ്ട് മലയാളികളെയാണ് കണ്ടെത്താനുള്ളത്.നാവികസേന തിരച്ചിൽ തുടരുകയാണ്.അപകടത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.ടൗക്‌‌തേ ചുഴലിക്കാറ്റിൽപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് എണ്ണഖനനവുമായി ബന്ധപ്പെട്ട ദൗത്യത്തിലായിരുന്ന മൂന്ന് ബാർജുകൾ അപകടത്തിൽപ്പെട്ടത്.ഒരു ബാർജ് പൂർണമായും മുങ്ങിപ്പോയിരുന്നു.ഈ ബാർജ് കടലിന്റെ അടിത്തട്ടിൽ നാവികസേന കണ്ടെത്തി.


English Summary : Mumbai barge tragedy; The death toll has risen to seven

മദ്യം തല്‍ക്കാലം ഹോം ഡെലിവറി വേണ്ടെന്നു തീരുമാനം.എക്‌സൈസ് മന്ത്രി

0

സംസ്ഥാനത്ത് മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നു തീരുമാനം.ഹോം ഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്.ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന.


ഇക്കാര്യങ്ങളില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ബവ്‌കോ എംഡിയുമായി ചര്‍ച്ച നടത്തി.ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല.പിന്നീട് കോവിഡ് വ്യാപിച്ചതോടെ തിരക്കു കുറയ്ക്കാന്‍ ബെവ്ക്യു ആപ് ഏര്‍പ്പെടുത്തി. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നു.

നിയമപ്രകാരം കുപ്പികളില്‍ മദ്യം വില്‍ക്കാന്‍ ബവ്‌റിജസ് ഷോപ്പുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ.
തിരക്കു നിയന്ത്രിക്കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു.
ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വേണം.

ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതില്‍ കൂടുതല്‍ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും. ഇതിനായി ഭേദഗതി കൊണ്ടുവരണം.

ബെവ്‌കോ എംഡിയുടെ മുന്നില്‍ ഒരു കമ്പനിയുടെ അപേക്ഷ എത്തിയാല്‍ അത് എക്‌സൈസ് കമ്മിഷണര്‍ക്കു കൈമാറും. കമ്മിഷണര്‍ കാര്യങ്ങള്‍ വിശദമാക്കി എക്‌സൈസ് മന്ത്രിക്കു ശുപാര്‍ശസമര്‍പ്പിക്കും.ചട്ടത്തിലാണ് ഭേദഗതി വരുത്തേണ്ടതെങ്കില്‍ മന്ത്രിതലത്തില്‍ തീരുമാനമെടുക്കാനാകും.മദ്യത്തിന്റെ കാര്യമായതിനാല്‍ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

English Summary: Decision to stop home delivery of liquor : Excise Minister

ലതികാ സുഭാഷ് എന്‍.സി.പിയിയിൽ; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് പി.സി. ചാക്കോ

0

മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻ.സി.പിയിൽ ചേരും.എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുമായി ലതികാ സുഭാഷ് ചർച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവർ വ്യക്തമാക്കി.പി.സി. ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. ഞാൻ വളരെ ചെറിയ പ്രായം മുതൽ കാണുന്ന ഒരു കോൺഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചർച്ചകൾ ആലോചിച്ച് വരികയാണ്. വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ എനിക്ക് കഴിയുകയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കും,’ലതികാ സുഭാഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ലതികാ സുഭാഷ് കോൺഗ്രസുമായി അകന്നത്. തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു അവർ. തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു.
 പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിന് കോൺഗ്രസ് പുറത്താക്കുകയും ചെയ്തു.
ഇതിനിടെ കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ് എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത പി.സി.ചാക്കോ.
അതിന്റെ ആദ്യപടിയാണ് ലതികാ സുഭാഷിനെ പാർട്ടിയിലെത്തിക്കൽ.
അടുത്തിടെയാണ് തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് പി.സി.ചാക്കോ കോൺഗ്രസ് വിട്ടത്.

English Summary :Latika Subhash joins NCPI

:

ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം

0

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടി. ജയരാജിനാണ് (ചിത്രം:ഹാസ്യം) മികച്ച തിരക്കഥാകൃത്തിനുള്ള 25000രൂപയുടെ പുരസ്‌കാരം.
സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

സാഹിത്യമേഖലയില്‍ മനോജ് കുറൂരിന്റെ മുറിനാവിനാണ് മികച്ച നോവലിനുള്ള 20000രൂപയുടെ പുരസ്‌കാരം.കെ രേഖ(അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവുംവീഞ്ഞും)മികച്ച ചെറുകഥാകൃത്തിനുള്ള 15000രൂപയുടെ പുരസ്‌കാരവും നേടി.

കെ സി നാരായണന്‍ ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

പി പദ്മരാജന്റെ ജന്മദിനമായ മെയ് 23ന്് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ പിന്നീട് സമ്മാനിക്കും.

English Summary: Padmarajan Film Award for GeoBaby and Jayaraj

ലക്ഷദ്വീപില്‍ മാംസാഹാരത്തിന് നിരോധനം വരുന്നു; പ്രതിഷേധവുമായി വനിതാ സംവിധായിക ഐഷ സുല്‍ത്താന

0

ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട ഭീകരതയിലേക്ക് സമൂഹത്തിന്‍റെ ശ്രദ്ധ ക്ഷണിച്ച് യുവ വനിതാ സംവിധായിക ഐഷ സുല്‍ത്താന. ദ്വീപിലെ സാമൂഹ്യ-ആരോഗ്യ രംഗത്തെ മുന്നണിപ്പോരാളിയായ ഐഷ കേന്ദ്രസര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. തൊണ്ണൂറ് ശതമാനം മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഐഷ ആരോപിച്ചു. ലക്ഷദ്വീപിന്‍റെ പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയത്. ഒരാള്‍ക്ക് പോലും ലക്ഷദ്വീപില്‍ കോവിഡ് 19 ഇല്ലായിരുന്നു. ദ്വീപ് ജനത കാത്തുസൂക്ഷിച്ച പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍പട്ടേലും ടീമും ലക്ഷദ്വീപില്‍ കാലുകുത്തിയത്. അതോടെ ദ്വീപില്‍ കോവിഡ് പടര്‍ന്നുപിടിച്ചു. അത്യാവശ്യ ആശുപത്രി സംവിധാനം പോലും ലക്ഷദ്വീപില്‍ ഇല്ല. ആ സമയത്താണ് ഈ മഹാമാരിയുടെ കടന്നുവരവ്. പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. തീരസംരക്ഷണ നിയമത്തിന്‍റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുനീക്കി. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്ക്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി. ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. ടൂറിസത്തിന്‍റെ മറവില്‍ മദ്യശാലകള്‍ തുറന്നു. ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികല്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന് ചട്ടവും കൊണ്ടുവന്നു. പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന ജനവിരുദ്ധ നയങ്ങള്‍ ഐഷ സുല്‍ത്താന ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസര്‍ക്കാര്‍ നീക്കം ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ്. സാധാരണക്കാരായ പാവപ്പെട്ട മുസ്ലീങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കുക. തീര്‍ത്തും രാഷ്ട്രീയ പകപോക്കലാണ്. മുസ്ലീങ്ങളുടെ വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പുകച്ചുപുറത്തു ചാടിക്കുക ആ നയമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ലക്ഷദ്വീപിലെ പാവപ്പെട്ട മുസ്ലീങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരപ്രവര്‍ത്തകരും ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും വിശ്വാസവും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെടുന്നു.

ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്ളഷ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ ലക്ഷദ്വീപിലെ പൊതുജനാരോഗ്യപ്രശ്നങ്ങള്‍ നിവേദനത്തിലൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
പി ആര്‍ സുമേരന്‍( പി ആര്‍ ഒ)

English Summary : Lakshadweep going to bans meat eating