
തമിഴ് സൂപ്പർതാരം വിജയും നടി തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തതിനെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ഇത് പൂർണ്ണമായും അവരുടെ വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവർ ഇതിനെ ഇത്ര വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ഖുശ്ബു പറഞ്ഞു.
ഐഎഎൻഎസിന് (IANS) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഖുശ്ബു തന്റെ അഭിപ്രായം പങ്കുവെച്ചത്. “ഈ സംഭവത്തിൽ ജനങ്ങൾക്ക് എന്ത് ചെയ്യാനുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് അവരുടെ സ്വകാര്യ ജീവിതമാണ്. അവരുടെ വ്യക്തിജീവിതം മറ്റുള്ളവരെ ബാധിക്കുന്ന രീതിയിലുള്ളതാണെങ്കിൽ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. എന്നാൽ ഇതിൽ ജനങ്ങൾക്ക് ഒരു പങ്കുമില്ല. പിന്നെന്തിനാണ് ഇതൊരു വലിയ കാര്യമാക്കുന്നത്? അവർ അവരുടെ ജീവിതം നോക്കിക്കൊള്ളും,” ഖുശ്ബു വ്യക്തമാക്കി.
വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ ഇത്തരം വാർത്തകൾ അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി. വോട്ട് ചെയ്യേണ്ടത് എപ്പോഴാണെന്നും ആർക്കാണെന്നും ജനങ്ങൾക്ക് കൃത്യമായി അറിയാം. വിജയ് ഒരു മനുഷ്യനാണ്, ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹത്തിനും സ്വന്തം ജീവിതമുണ്ട്. അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നല്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് വിജയും തൃഷയും ഒരു വിവാഹ റിസപ്ഷനിൽ ഒന്നിച്ച് പങ്കെടുത്തത്. വേദിയിൽ ഇരുവരും ഒന്നിച്ച് വന്ന് നവദമ്പതികളെ ആശംസിക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമായ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതാണ് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചത്.
Trisha vijay controversy kushboo said her point
