തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി നടി സാമന്ത റൂത്ത് പ്രഭു. താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്ന വാർത്ത താരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ പുതിയ ചിത്രമായ ‘മാ ഇൻ്റി ബംഗാരം’ (Maa Inti Bangaaram) എന്ന സിനിമയുടെ വിജയഘോഷ പരിപാടിക്കിടെ ഹൈദരാബാദിൽ വെച്ചാണ് സാമന്ത ഈ സന്തോഷവാർത്ത മാധ്യമങ്ങളോട് പങ്കുവെച്ചത്.
നിലവിലുള്ള പ്രൊജക്ടുകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിൽ നിന്ന് താൽക്കാലികമായി ഒരു ചെറിയ ഇടവേള (മെറ്റേണിറ്റി ലീവ്) എടുക്കുമെന്നും സാമന്ത വ്യക്തമാക്കി.
“മാ ഇൻ്റി ബംഗാരം സിനിമയ്ക്ക് ശേഷം എന്റെ നിലവിലെ ശാരീരികാവസ്ഥ പരിഗണിച്ച് ചെറിയൊരു ഇടവേള എടുക്കേണ്ടതുണ്ട്. എനിക്ക് പ്രസവാവധി ആവശ്യമാണ്. അതിനുശേഷം കൂടുതൽ കരുത്തോടെ പുതിയൊരു ചിത്രവുമായി ഞാൻ എന്റെ ആരാധകർക്ക് മുന്നിലേക്ക് തിരിച്ചെത്തും,” സാമന്ത പരിപാടിക്കിടെ പറഞ്ഞു. ഈ സമയം സാമന്തയുടെ ഭർത്താവും പ്രമുഖ സംവിധായകനുമായ രാജ് നിദിമോരുവും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സാമന്ത ഗർഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ‘മാ ഇൻ്റി ബംഗാരം’ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ താരം പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും കണ്ടാണ് ആരാധകർ ഈ നിഗമനത്തിൽ എത്തിയത്. ഇപ്പോൾ താരം തന്നെ നേരിട്ട് രംഗത്തെത്തിയതോടെ ആരാധകരും സിനിമാ ലോകവും സാമന്തയ്ക്കും രാജിനും ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ‘മാ ഇൻ്റി ബംഗാരം’ ബോക്സ് ഓഫീസിൽ 50 കോടിയിലധികം കളക്ഷൻ നേടി സാമന്തയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി മുന്നേറുന്നതിനിടയിലാണ് ഈ ഇരട്ടി മധുര വാർത്ത. 2025 ഡിസംബറിലായിരുന്നു രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം.
Samantha Ruth Prabhu Confirms Pregnancy



