ലണ്ടനിൽ നടക്കുന്ന വിംബിൾഡൺ 2026 ടെന്നീസ് ചാമ്പ്യൻഷിപ്പ് ഗാലറിയിൽ വീണ്ടും തിളങ്ങി ആഗോള താരം പ്രിയങ്ക ചോപ്ര. വനിതാ സിംഗിൾസ് സെമി ഫൈനൽ മത്സരം കാണാൻ താരം തനിച്ചാണ് എത്തിയതെങ്കിലും, അമേരിക്കയിലുള്ള തന്റെ ഭർത്താവും ഗായകനുമായ നിക്ക് ജോനാസിനെ വിംബിൾഡണിലെ ആവേശം താരം നേരിട്ട് അറിയിച്ചു.

മത്സരത്തിനിടയിൽ റോയൽ ബോക്സിൽ ഇരുന്നുകൊണ്ട് പ്രിയങ്ക നിക്ക് ജോനാസിനെ ഫേസ്‌ടൈമിൽ (FaceTime) വീഡിയോ കോൾ ചെയ്യുകയായിരുന്നു. ലണ്ടൻ കോർട്ടിലെ മുൻനിര കാഴ്‌ചകൾ വീഡിയോ കോളിലൂടെ നിക്ക് ജോനാസിനും പ്രിയങ്ക സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹോളിവുഡ് താരങ്ങളായ സിന്തിയ എരിവോ, ലിലി ജെയിംസ് എന്നിവർക്കൊപ്പമാണ് പ്രിയങ്ക കളി ആസ്വദിച്ചത്.

വർഷങ്ങളായി വിംബിൾഡൺ ടൂർണമെന്റുകളിലെ സ്ഥിരം സാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. അതേസമയം, ബിഗ് ബജറ്റ് ചിത്രമായ ‘വാരണാസി’യിലൂടെ (Varanasi) നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഈ വമ്പൻ ചിത്രത്തിൽ മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Priyanka Chopra Graces Wimbledon Royal Box



