ഗുരുവിനൊപ്പം വീണ്ടും ലക്ഷ്മി…വർഷങ്ങൾക്ക് ശേഷം മുംബൈയിൽ വീണ്ടും കണ്ടുമുട്ടി പ്രഭുദേവയും ‘ലക്ഷ്മി’ താരം ദിത്യ ഭാന്ദെയും

നടനും പ്രശസ്ത നൃത്ത സംവിധായകനുമായ പ്രഭുദേവയും ‘ലക്ഷ്മി’ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ദിത്യ ഭാന്ദെയും വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. മുംബൈയിൽ വെച്ചായിരുന്നു ഇരുവരുടെയും ഈ സന്തോഷകരമായ കൂടിച്ചേരൽ. ലക്ഷ്മി സിനിമയിലെ ഏറെ ശ്രദ്ധേയമായ ‘മൊറാക്കാ’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന ദിത്യയുടെ പുതിയ വീഡിയോ പ്രഭുദേവ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. വീഡിയോയുടെ അവസാന ഭാഗത്ത് ദിത്യക്കൊപ്പം പ്രഭുദേവയും എത്തുന്നുണ്ട്.

“വർഷങ്ങൾക്ക് ശേഷം ലക്ഷ്മിയെ മുംബൈയിൽ വെച്ച് കണ്ടുമുട്ടി” എന്ന അടിക്കുറിപ്പോടെയാണ് പ്രഭുദേവ ഈ നൃത്ത വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. പ്രഭുദേവയെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ദിത്യയും മറച്ചുവെച്ചില്ല. ഈ നിമിഷത്തിന്റെ ആവേശത്തിൽ നിന്ന് തനിക്ക് ഇപ്പോഴും പുറത്തുകടക്കാനായിട്ടില്ലെന്നും, അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത് ഏറെ ആനന്ദകരമായ ഒന്നായിരുന്നുവെന്നും ദിത്യ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചു. “എന്നും നിങ്ങളുടെ ഒരു ആരാധികയായിരിക്കും, എപ്പോഴും കടപ്പാടുണ്ടാകും,” ദിത്യ കൂട്ടിച്ചേർത്തു.

സൂപ്പർ ഡാൻസർ എന്ന പ്രശസ്തമായ റിയാലിറ്റി ഷോയിലൂടെയാണ് ദിത്യ ബാന്ദെ ലോകത്തിന് മുന്നിൽ ശ്രദ്ധ നേടുന്നത്. ഈ റിയാലിറ്റി ഷോയിലെ ദിത്യയുടെ ഗംഭീര പ്രകടനം കണ്ടതിന് ശേഷമാണ് സംവിധായകൻ എ.എൽ വിജയ് ഒരുക്കിയ ‘ലക്ഷ്മി’ എന്ന ചിത്രത്തിലേക്ക് പ്രഭുദേവ അവളെ നിർദേശിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നൽകിയ ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് ദിത്യ കാഴ്ചവെച്ചത്. വർഷങ്ങൾക്കിപ്പുറവും ഇരുവരും തമ്മിലുള്ള ഈ നൃത്തവും കണ്ടുമുട്ടലും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

Lakshmi’ Reunion: Prabhu Deva Shares Heartwarming Dance Video with Ditya Bhande

By admin