‘ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഉമ്മയുടെ പേരക്കുട്ടിയായി ജനിക്കണം’; ഉമ്മൂമ്മയുടെ വിയോഗത്തിൽ ഉള്ളുലഞ്ഞ് അനു സിത്താര

നടി അനു സിത്താരയുടെ അച്ഛന്റെ അമ്മ (ഉമ്മൂമ്മ) അന്തരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ തണലുകളിലൊന്ന് നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെച്ച് അനു സിത്താര സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഉമ്മൂമ്മയുടെ തന്നെ പേരക്കുട്ടിയായി ജനിക്കണമെന്നാണ് അനു കുറിപ്പിലൂടെ പറയുന്നത്. ഉമ്മൂമ്മയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയുള്ള ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതൽ ഉമ്മ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നുവെന്നും, ഉമ്മ പറഞ്ഞ കഥകളും പാടിയ പാട്ടുകളും ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ടെന്നും അനു സിത്താര കുറിച്ചു. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ എല്ലാവരെയും ഒരുപാട് സ്നേഹിച്ച ഉമ്മ, ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ചാണ് യാത്രയായത്. അമ്പലങ്ങളിൽ ഉത്സവ സമയത്ത് പരിപാടികൾ അവതരിപ്പിക്കുമ്പോൾ ഒരു തട്ടവുമിട്ട് മുൻനിരയിൽ വന്നിരിക്കുന്ന ഉമ്മയെ ഓർക്കുമ്പോൾ അഭിമാനമാണെന്നും അനു സിത്താര പറയുന്നു.

ഉമ്മയുടെ കവിളിൽ ഒരുപാട് ഉമ്മകൾ നൽകണം, തമാശകൾ പറഞ്ഞ് ഉമ്മയെ ചിരിപ്പിക്കണം, എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം തുടങ്ങി ഉമ്മൂമ്മക്കൊപ്പമുള്ള ഓരോ ഓർമ്മകളും താരം തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

ഉമ്മൂമ്മയുടെ സ്വദേശമായ നിലമ്പൂരിൽ നിന്നും മുപ്പത് വർഷങ്ങൾക്ക് മുമ്പ് വാപ്പയും കുടുംബവും വയനാട്ടിലേക്ക് കുടിയേറിയതാണെന്ന് അനു സിത്താര പറയുന്നു. അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളാണ് അനു സിത്താര. അനുവിന്റെ വൈകാരികമായ പോസ്റ്റിനെ തുടർന്ന് നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയത്.

Actress Anusithara’s Grandmother passedaway

By admin