വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.

ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയെക്കുറിച്ച് ചർച്ചകൾ നടന്നു. എല്ലാ മന്ത്രിമാരും ഒരേസമയം സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ഗവർണറുടെ ചോദ്യത്തിന്, ഇക്കാര്യം ആലോചിച്ച് പിന്നീട് അറിയിക്കാമെന്നാണ് സതീശൻ മറുപടി നൽകിയത്.

പാർലമെന്ററി പാർട്ടി നേതാവായി ഐക്യകണ്ഠേന തിരഞ്ഞെടുപ്പ്

നേരത്തെ നിയമസഭാ മന്ദിരത്തിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി (സി.പി.പി) യോഗം വി.ഡി. സതീശനെ കക്ഷിനേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. യോഗത്തിൽ പങ്കെടുത്ത എല്ലാ എം.എൽ.എമാരും സതീശന്റെ നേതൃത്വത്തെ ഐക്യകണ്ഠേന പിന്തുണച്ചു.സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

By admin