HomeNewsശബരിമല സന്നിധാനത്തെ പുതിയ താരം; ഇൻസ്റ്റഗ്രാമിൽ തരംഗമായി 'ശബരിമല 0' മൈൽക്കുറ്റി

ശബരിമല സന്നിധാനത്തെ പുതിയ താരം; ഇൻസ്റ്റഗ്രാമിൽ തരംഗമായി ‘ശബരിമല 0’ മൈൽക്കുറ്റി

ശബരിമല: വയലറ്റ് പൂക്കൾ വിരിഞ്ഞുനിന്ന വയനാട് നമ്പിക്കൊല്ലിയിലെ ബസ് സ്റ്റോപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് ശബരിമല സന്നിധാനത്തെ ‘ശബരിമല 0’ മൈൽക്കുറ്റി. വലിയ നടപ്പന്തൽ തുടങ്ങുന്നതിന് തൊട്ടുമുൻപായി സ്ഥാപിച്ചിരിക്കുന്ന, വെള്ളയും നീലയും നിറങ്ങൾ പൂശിയ ഈ മൈൽക്കുറ്റിയാണ് ഇപ്പോൾ തീർത്ഥാടകരുടെ പ്രധാന സെൽഫി സ്പോട്ട്.

മലകയറ്റത്തിന്റെ ക്ഷീണമെല്ലാം മറന്ന്, മൈൽക്കുറ്റിയിൽ ചാരി നിന്ന് റീലുകൾ ചിത്രീകരിക്കാനും സെൽഫിയെടുക്കാനുമായി വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഈ മൈൽക്കുറ്റിയെ ഇൻസ്റ്റഗ്രാമിൽ വൈറലാക്കിയത്. ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവരുടെ റീലുകൾ കണ്ടതോടെ, ശബരിമലയിലുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും “സന്നിധാനത്ത് പുതുതായി സ്ഥാപിച്ച ആ മൈൽക്കുറ്റി എവിടെയാണ്?” എന്ന് മലയാളികൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.

മുമ്പും ഈ മൈൽക്കുറ്റി ഇവിടെ ഉണ്ടായിരുന്നെങ്കിലും, ഇത്തവണ വെള്ളയും നീലയും ചായം പൂശി മനോഹരമാക്കിയതോടെയാണ് ഇത് തീർത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമായത്. പമ്പയിൽ നിന്ന് കാനനപാത താണ്ടി, സന്നിധാനത്തേക്കുള്ള ദൂരം കാണിക്കുന്ന ബോർഡുകൾ പിന്നിട്ട് വരുന്ന ഭക്തർക്ക്, നടപ്പന്തലിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് ‘ശബരിമല 0’ എന്നെഴുതിയ മൈൽക്കുറ്റി കാണുന്നത് വലിയ ആശ്വാസവും ആനന്ദവുമാണ് നൽകുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു എന്ന നിർവൃതി പകരുന്ന ഒന്നായി ഈ മൈൽക്കുറ്റി മാറിക്കഴിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular