ക്ഷേമപെന്‍ഷന്‍ 2500 രൂപ; വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍: എല്‍ഡിഎഫിന്റെ പ്രകടന പത്രിക

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. തുടര്‍ഭരണം മുന്നില്‍കണ്ടുള്ള പ്രകടനപത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ജനങ്ങള്‍ ഇടതുപക്ഷ തുടര്‍ഭരണം ആഗ്രഹിക്കുന്നുവെന്നും, വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമനടപടികളുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷ മുന്നണിയായതിനാലാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാട് പ്രകടനപത്രികയിലില്ലാത്തതെന്നു കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ നിലപാട് അതാണെന്നും എ.വിജയരാഘവനും വ്യക്തമാക്കി.

രണ്ട് ഭാഗമായാണ് പത്രിക. ആദ്യഭാഗത്ത് 50 ഇന പരിപാടിയാണ് പ്രഖ്യാപിച്ചത്. 50 ഇന പരിപാടി നടപ്പിലാക്കുന്നതിനുള്ള 900 നിര്‍ദേശങ്ങളാണ് രണ്ടാമത്തെ ഭാഗത്ത്. ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത് അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനാണ്. 40 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പത്രികയിലുള്ളത്. കൂടുതല്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടും. കാര്‍ഷിക മേഖലയിലെ വരുമാനം 50 ശതമാനം ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളുമുണ്ട്.

പ്രധാന വാഗ്ദാനങ്ങള്‍:

*ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയായി വര്‍ധിപ്പിക്കും. വീട്ടമ്മമാര്‍ക്കു പെന്‍ഷന്‍ നല്‍കും.

*60,000 കോടിയുടെ പശ്ചാത്തല വികസന പരിപാടികള്‍ നടപ്പിലാക്കും. പ്രവാസി പുനരധിവാസത്തിനു മുന്‍ഗണന നല്‍കും.

*റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും.

*തീരദേശവികസനത്തിനു 5000 കോടിരൂപയുടെ പാക്കേജ് നടപ്പിലാക്കും. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കും. കടലാക്രമണം ചെറുക്കുന്നതിനടക്കം ശാസ്ത്രീയ മാര്‍ഗങ്ങള്‍ കൊണ്ടുവരും

* വയോജികരുടെ പ്രശ്‌നങ്ങള്‍ക്കു പ്രധാന പരിഗണന നല്‍കും. അടുത്ത 5 വര്‍ഷം ഒന്നരലക്ഷം വീടുകള്‍ നിര്‍മിക്കും. ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്കെല്ലാം വീട്.

*അഞ്ചുവര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരും. സൂക്ഷ്മ സംരംഭങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കും.

*സോഷ്യല്‍ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും.

*വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതി

* കാര്‍ഷിക മേഖലയില്‍ 50% വരുമാന വര്‍ധന ഉറപ്പുവരുത്തും

* ഓരോ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കും.

English Summary :Welfare pension Rs 2,500; Pension for housewives: LDF manifesto

admin:
Related Post