മമ്മൂട്ടിക്കെതിരായുള്ള പരാമർശം : പാർവതിക്കെതിരെ സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ വിമർശിച്ച നടി പാർവതിക്കെതിരെ സോഷ്യൽ മീഡിയ.കസബ പൂർണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടൻ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞിരുന്നു.ഇതിനെതിരെയാണ് സോഷ്യൽ മീഡിയിൽ പാർവതിക്കെതിരെ വിമർശനം ഉയർന്നത്  .#GrowupParvathy ഹാഷ്ടാഗാണ് പ്രചരിക്കുന്നത് .കൂടാതെ പാർവതിക്ക് മറുപടിയുമായി പ്രമുഖരും രംഗത്തെത്തിയിരുന്നു .

സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ കെ.പിയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം

പാർവതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണ്. കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിർമാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌.

അല്ലാതെ പാർവതിയൊ, പാർവതിയുടെ സംഘടനയോ അല്ല. സെക്സി ദുർഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌. ഇതാണ് ഫാസിസം,സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ? കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ല ഐഎഫ്എഫ്കെയുടെ വേദിയിൽ നടന്ന ഈ പരാമർശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്.

Screenwriter and Director Jayan Vannery

പ്രിയ്യപ്പെട്ട പാർവ്വതി
താങ്കളോടുള്ള എല്ലാ സ്നേഹവും സൗഹൃദവും ആദരവും നില നിർത്തി കൊണ്ട് തന്നെ പറയട്ടെ. മമ്മുട്ടിയെ കുറിച്ചുള്ള താങ്കളുടെ വിമർശനം അനവസരത്തിലുള്ളതും ഔചിത്യമില്ലാത്തതും ആയിപ്പോയി. കാരണം, താങ്കൾ പറഞ്ഞത് പോലെ മമ്മുട്ടി എന്ന മഹാനടൻ വേഷം കൊണ്ടും ഭാഷ കൊണ്ടും സ്വഭാവം കൊണ്ടും അനേകം വ്യത്യസ്തകഥാപാത്രങ്ങൾ ചെയ്ത ഒരു നടനാണ്. ഒരു പക്ഷെ ലോക സിനിമയിൽ തന്നെ ഇത്രയധികം വൈവിധ്യങ്ങളായ കഥാപാത്രങ്ങൾ ചെയ്ത ഒരു നടനുണ്ടാവില്ല. ഒരു നടൻ അല്ലെങ്കിൽ നടി ഒരു കഥാപാത്രമാകുമ്പോൾ, ആ കഥാപാത്രത്തിന്റെ സ്വഭാവവും രൂപവും പെരുമാറ്റവും ഉൾകൊള്ളാൻ കഠിനമായി പരിശ്രമിക്കുകയും സത്യസന്ധത കാണിക്കുകയും ചെയ്യും. അപ്പോഴാണ് നടൻ / നടി എന്ന വ്യക്തിയിൽ നിന്ന് കഥാപാത്രമായി മാറിയ നടനെ / നടിയെ നമ്മൾ സ്നേഹിക്കന്നതും ആരാധിക്കുന്നതും. അങ്ങനെ ഒരു കഥാപാത്രമാകുമ്പോൾ അയാൾ കള്ളനോ കൊലപാതകിയോ വ്യഭിചാരിയോ രാഷ്ട്രീയക്കാരനോ പോലീസുകാരനോ സാഹിത്യകാരനോ അദ്ധ്യാപകനോ എന്ന് വേണ്ട ആ കഥാപാത്രം എന്താണോ അയാളുടെ സ്വഭാവമെന്താണോ അതിനോട് നൂറ് ശതമാനം നീതി പുലർത്താൻ ശ്രമിക്കും. ഒരു ക്രിമിനൽ പോലീസുകാരൻ ഒരിക്കലും ആദർശശുദ്ധിയുള്ള പോലീസ് ഓഫീസറെ പോലെയല്ല പെരുമാറുക. രാജൻ സക്കറിയ അത്തരം ഒരു ക്രിമിനൽ ഓഫീസറാണ്. അയാൾ സ്ത്രീ വിഷയത്തിൽ തത്പരനുമാണ്. അപ്പോൾ അയാൾ അങ്ങനെയെ പെരുമാറു. മമ്മുട്ടി എന്ന വ്യക്തിയല്ല സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. രാജൻ സക്കറിയ എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറ് ശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടൻ മാത്രമാണ് മമ്മുട്ടി. പാർവ്വതി.. താങ്കൾ ഒരു സിനിമക്ക് വേണ്ടി, അതിലെ കഥാപാത്രത്തിന് വേണ്ടി എന്തു മാത്രം കഠിനാധ്വാനവും മുന്നൊരുക്കവും സത്യസന്ധതയും കാണിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് നന്നായറിയാം. കാഞ്ചനമാലക്ക് വേണ്ടി ശരീരഭാരം കൂട്ടിയതും ടെസ്സക്ക് വേണ്ടി കുടവയർ ആക്കിയതും മരിയാനിൽ ലിപ് ലോക്ക് ചെയ്തതും കലയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള അങ്ങേ അറ്റത്തെ സമർപ്പണമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രേക്ഷകർക്കുണ്ട്. അതേ സമർപ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടൻ രാജൻ സക്കറിയ എന്ന കഥാപാത്രത്തിനും നൽകിയത്. പിന്നെ അത്തരം കഥാപാത്രങ്ങൾ ചെയ്യണോ വേണ്ടയോ എന്നത് ഒരു നടന്റെ സ്വാതന്ത്ര്യമാണ്. തീരുമാനമാണ്. ഒരേ അച്ചിൽ വാർത്തെടുത്ത സദാചാരനിഷ്ഠനായ നായകൻമാരെ മാത്രം അഭിനയിക്കുന്നതിലല്ലല്ലോ, ഒരു നടനിലെ അഭിനയ പാടവത്തെ ചൂഷണം ചെയ്യാൻ കഴിയുന്ന വ്യത്യസ്തങ്ങളായ കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോഴല്ലെ ഒരു നടൻ ഉണ്ടാകുന്നതും വിജയിക്കുന്നതും നമ്മൾ അദ്ധേഹത്തെ സ്നേഹിക്കുന്നതും.

ഇൻസ്പെക്ടർ ബൽറാമും ഭാസ്ക്കര പട്ടേലരും മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും രാജൻ സക്കറിയയും ആകുമ്പോൾ തന്നെ ബാലൻ മാഷും മാധവനുണ്ണിയും വല്യേട്ടനും ഡേവിഡ് നൈനാനും ആകാൻ മമ്മുട്ടി എന്ന അതുല്യപ്രതിഭക്ക് കഴിയും. അതാണ് മമ്മുട്ടി . മമ്മുട്ടി എന്ന നടൻ. അങ്ങനെയുള്ള അദ്ധേഹത്തെ കേവലം ഒരു കഥാപാത്രത്തിന്റെ പേരിൽ ഇത്രയും വലിയൊരു സദസ്സിൽ വിമർശിക്കുമ്പോൾ നമ്മളെന്താണെന്നും നമ്മൾ എവിടെ നിൽക്കുന്നുവെന്നും ഒന്നോർക്കണം.

NB : എല്ലാ സ്ത്രീകളും മദർ തെരേസ്സയും എല്ലാ പുരുഷൻമാരും മഹാത്മ ഗാന്ധിയുമാകുന്ന കാലത്ത് സിനിമയിലും നമുക്ക് അത്തരം നായകനും നായികയും വേണമെന്ന് വാദിക്കാം. അതുവരേക്കും ഇന്നത്തെ മനഷ്യരും അവരുടെ കഥയും സിനിമയാകുമ്പോൾ ഇത്തരം കഥാപാത്രങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും. അതൊക്കെ വെറും കഥകളാണെന്നും സിനിമയാണെന്നും തിരിച്ചറിയാനുള്ള ബോധമുണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

Vipin Pillai 

ആടിലെ പാപ്പന് നടു വേദനയുണ്ട്…പുലിമുരുകനിലെ മുരുകന് ഇംഗ്ലീഷ് അറിയില്ലാ… മുംബെെ പോലീസിലെ ആന്റണി മോസസ് സ്വവര്‍ഗ്ഗാനുരാഗിയാണ്..
സൗണ്ട് തോമയിലെ തോമ മുച്ചുണ്ടനാണ്..സോളോയിലെ ശേഖര്‍ വിക്കനാണ്..കസബയിലെ രാജന്‍ സക്കറിയ പെണ്ണ് പിടിയനായ പോലീസ്കാരന്‍ ആണ്..

സിനിമയെ സിനിമ ആയിക്കാണണം അല്ലാത്തവര്‍ക്ക് അസഹിഷ്ണുതയാണെന്ന് പറഞ്ഞ അതെ ടീമുകള്‍ ഇന്ന് കസബയെ കുറ്റം പറയുന്നു.. ഇതും ഒരു തരം അസഹിഷ്ണുതയല്ലേ..?

നിങ്ങള്‍ക്ക് സിനിമയില്‍ ചെത്തിക്കളയാം…
തുണി പറിക്കാം…എല്ലാം കഥാപാത്രത്തിന്റെ പൂര്‍ണത… നായകന്മാര്‍ ചെയ്യുമ്പോ… ഉയ്യോ.. എന്ന ഇതാണേ….ഇത് ഞങ്ങടെ മറ്റേതിനെ അപമാനിച്ചു…എന്നൊക്കെ പറഞ്ഞ് രോധിക്കും..

തേച്ചവന്റെ ചെത്തിക്കളഞ്ഞ ടെസയുണ്ടായെങ്കില്‍ സഹപ്രവര്‍ത്തകയുടെ പാന്റസില്‍ കെെ ഇടുന്ന രാജന്‍ സക്കറിയയും ഉണ്ടാകുക തന്നെ ചെയ്യും..

 

 

 

ഫേസ്ബുക് കുറിപ്പുകൾ വായിക്കാം


admin:
Related Post