HomeNewsനെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 'തൂക്കിലേറ്റിക്കോളൂ, മറ്റുള്ളവരേയും കൊല്ലും' എന്ന് കോടതിയിലും ഭീഷണി

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; ‘തൂക്കിലേറ്റിക്കോളൂ, മറ്റുള്ളവരേയും കൊല്ലും’ എന്ന് കോടതിയിലും ഭീഷണി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് (59) കോടതി വധശിക്ഷ വിധിച്ചു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്) ജഡ്ജി കെന്നത്ത് ജോർജാണ് പരമാവധി ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. വധശിക്ഷയ്ക്ക് പുറമെ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിയിൽ നിർദ്ദേശമുണ്ട്.

2025 ജനുവരി 27-നാണ് നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും, ചെയ്ത കൊലപാതകങ്ങളിൽ പ്രതിക്ക് ഒട്ടും കുറ്റബോധമോ മാനസാന്തരത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

കോടതിയിലും ഭീഷണി, ഗാന്ധി വചനവുമായി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷവും കോടതിയെപ്പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു ചെന്താമരയുടെ പ്രതികരണം. ശിക്ഷാവിധിക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ ആദ്യം ‘ഒന്നും പറയാനില്ല’ എന്നായിരുന്നു മറുപടി. എന്നാൽ പിന്നീട്, “തൂക്കിലേറ്റിക്കോളൂ, മറ്റുള്ളവരേയും കൊല്ലും” എന്ന രീതിയിൽ പ്രതി ഭീഷണി മുഴക്കാൻ തുടങ്ങി. “ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല, എഴുതാൻ പറ്റുന്നത് എഴുതിക്കോ” എന്നും തനിക്ക് തടസ്സം നിൽക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്നും പ്രതി പരസ്യമായി കോടതിയിൽ പറഞ്ഞു.

ചെന്താമരയ്ക്ക് മാനസികപ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. താൻ ചെയ്ത ക്രൂരതയെ ന്യായീകരിക്കാനാണ് പ്രതി കോടതിയിലും ശ്രമിച്ചത്.

നേരത്തെ ഇരട്ട ജീവപര്യന്തം; ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31-ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലും ചെന്താമര തന്നെയാണ് പ്രതി. ആ കേസിൽ ഇതേ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിന്റെ വിചാരണാ വേളയിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാമത്തെ കൊലപാതകം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് ഇപ്പോൾ വധശിക്ഷാ വിധി വരുന്നത്.

പ്രതിക്ക് മാനസാന്തരമുണ്ടെന്നും ജയിലിൽ ജോലി ചെയ്ത് കിട്ടുന്ന പണം സുധാകരന്റെ മക്കൾക്ക് നൽകാമെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു വാദിച്ചെങ്കിലും കോടതി ഇത് പൂർണ്ണമായി തള്ളി. ചെന്താമര ജീവനോടെയിരിക്കുന്നത് കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ ജീവന് തന്നെ ഭീഷണിയാണെന്ന പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular